വൃക്കരോഗം ബാധിച്ച രണ്ട് വയസ്സുകാരിക്ക് പഞ്ചായത്ത് ഫണ്ടില്‍ വീടൊരുങ്ങുന്നു

Posted on: April 23, 2013 10:53 am | Last updated: April 23, 2013 at 10:53 am

കാളികാവ്: വൃക്കരോഗത്തില്‍ ദുരിതം തിന്നുന്ന പുല്ലങ്കോട്ടിലെ നിഹാന തസ്‌നി എന്ന പിഞ്ചുകുട്ടിയുടെ കുടുംബത്തിന് അധികൃതരുടെ കനിവില്‍ സ്വന്തമായി വീടൊരുങ്ങുന്നു. രണ്ട് വയസ്സ് തികയും മുമ്പേ മകള്‍ മാരക രോഗം പിടിപെട്ട് പ്രയാസം പേറുന്ന കുമ്മാളി സലീന- മുഹമ്മദ് മുസ്തഫ ദമ്പതികളുടെ കുടുബബത്തിന് ചോക്കാട് ഗ്രാമ പഞ്ചായത്ത് ഫണ്ടില്‍ നിന്നാണ് പുതിയ വീട് ലഭിച്ചത്.
സ്വന്തമായി വീടില്ലാതെ ബന്ധുവീട്ടില്‍ കഴിയുന്നതിനിടെ കഴിഞ്ഞ അഞ്ച് മാസമായി രോഗബാധിതയായ മകളേയും കൊണ്ട് ആശുപത്രികള്‍ കയറിയിറങ്ങുന്ന ഉമ്മ സലീനക്ക് വീടിന് പഞ്ചായത്ത് ഫണ്ട് ലഭിച്ചത് ഏറെ ആശ്വാസമായിട്ടുണ്ട്. അതേ സമയം വീട് നിര്‍മ്മാണത്തിന് പഞ്ചായത്ത് ഫണ്ട് തികയില്ലെന്നറിയുന്ന കുടുംബം പ്രവൃത്തി എങ്ങനെ പൂര്‍ത്തീകരിക്കുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിലാണ്. കൂലിപ്പണിക്കാരായ സലീനയും മുസ്തഫയും ഏറെ പ്രയാസപ്പെട്ടാണ് മകളുടെ ചികല്‍സ നടത്തുന്നത്. നിഹാനയുടെ രോഗത്തെ കുറിച്ച് നേരത്തേ സിറാജ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് ചികില്‍സക്കായി വായനക്കാരിലൊരാള്‍ ധനസഹായം എത്തിച്ചകൊടുത്തു. ഗ്രാമ പഞ്ചായത്ത് അംഗം സി. എച്ച് ഷൗക്കത്തിന്റെ ഇടപെടലിലൂടെയാണ് ഈ നിര്‍ധന കുടംബത്തന് വീടിന് ഫണ്ട് ലഭിച്ചത്.
ബന്ധുക്കള്‍ നല്‍കിയ മൂന്ന് സെന്റ് സ്ഥലത്തായി ചെറിയ തറയും നിര്‍മിച്ചു. അവശേഷിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സുമനസ്സുകളുടെ കനിവിലാണ് കുടുബം പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.