Connect with us

Malappuram

കുറ്റിപ്പാലയില്‍ കുന്നിടിച്ച് മണ്ണെടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

Published

|

Last Updated

എടപ്പാള്‍: കുറ്റിപ്പാലയില്‍ ജിയോളജി വകുപ്പിന്റെ അനുമതിയോടെ കുന്നിടിച്ച് മണ്ണെടുക്കുന്നത് നാട്ടുകാരും പരിസ്ഥിതി സേന പ്രവര്‍ത്തകരും തടഞ്ഞു. കുറ്റിപ്പാല കക്കൂഴികുന്നിലെ ഓഡിറ്റോറിയം നിര്‍മാണത്തിന്റെ മറവിലായിരുന്നു കുന്നിടിച്ച് മണ്ണെടുത്തിരുന്നത്
ജിയോളജി വകുപ്പ് നല്‍കിയ അനുമതിയില്‍ പറയുന്ന കാര്യത്തില്‍ അവ്യക്തത കണ്ടതിനെ തുടര്‍ന്നാണ് പരിസ്ഥിതി സേനയുള്‍പ്പെടെയുള്ളവര്‍ ഇന്നലെ ഉച്ചക്ക് 12ഓടെ തടഞ്ഞത്. പകര്‍പ്പില്‍ പറയുന്ന മണ്ണ് നിക്ഷേപിക്കുന്ന സ്ഥലം, എവിടേക്ക് കൊണ്ടുപോകുന്നു, എത്ര ലോഡ് മണ്ണെടുത്തു എന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. രേഖകള്‍ പരിശോധിച്ചപ്പോള്‍ 16-ാം തീയതി മുതല്‍ 30 വരെ കുന്നിടിച്ച് 500 എം ക്യൂബ് മണ്ണെടുക്കാനാണ് ഉത്തരവില്‍ പറയുന്നത്. ദിവസം 10ല്‍ കൂടുതല്‍ ടിപ്പര്‍ ലോറികള്‍ ഉപയോഗിച്ചാണ് മണ്ണ് എടുക്കുന്നത്. ഒരു ലോഡ് മണ്ണ് സാധാരണ രണ്ട് എം ക്യൂബ് വരെയുണ്ടാകും.
ഇത്തരത്തില്‍ 10ലോറികള്‍ ഒരു ദിവസം കൊണ്ട് തന്നെ 500 എം ക്യൂബ് മണ്ണ് എടുക്കാന്‍ കഴിയും. എന്നാല്‍ കുറ്റിപ്പാലയില്‍ ഒരാഴ്ചയിലധികമായി കുന്നിടിച്ച് മണ്ണെടുക്കാന്‍ തുടങ്ങിയിട്ട്. ഇത് 30-ാം തീയതി വരെ നീളുകയും ചെയ്യും. ഇക്കാരണത്താലാണ് സംഘം മണ്ണെടുക്കുന്നത് തടഞ്ഞത്.
പിന്നീട് പൊന്നാനിയില്‍ നിന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി ഭരതന്റെ നേതൃത്വത്തില്‍ റവന്യു സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും മണ്ണെടുക്കുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ജിയോളജി വകുപ്പില്‍ നിന്ന് ഇത്തരം വിവരങ്ങള്‍ രേഖപ്പെടുത്തിയതിന് ശേഷം മണ്ണെടുത്താല്‍ മതിയെന്ന റവന്യു സംഘത്തിന്റെ നിരദേശത്തെ തുടര്‍ന്ന് കുന്നിടിക്കുന്നത് നിറുത്തിവെപ്പിക്കുകയായിരുന്നു.
യുവ കവി ഹരി ആനന്ദകുമാര്‍, എ കെ വിനോദ്, മഹേഷ്, പരിസ്ഥിതി സേന കണ്‍വീനര്‍ മനേഷ്, സൂരജ്, റഷീദ് കുറ്റിപ്പാല എന്നിവരുടെ നേതൃത്വത്തിലാണ് കുന്നിടിക്കുന്നത് തടഞ്ഞത്.