ഉദ്യോഗസ്ഥര്‍ക്ക് എം എല്‍ എമാരുടെ രൂക്ഷ വിമര്‍ശം

Posted on: April 23, 2013 10:48 am | Last updated: April 23, 2013 at 10:48 am

മലപ്പുറം: ജില്ലയിലെ അതിരൂക്ഷമായ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും പരിഹരിക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ എം എല്‍ എമാരുടെ രൂക്ഷ വിമര്‍ശം.
നിസാര കാരണങ്ങള്‍ പറഞ്ഞ് പദ്ധതികള്‍ സമയത്ത് പൂര്‍ത്തിയാക്കുന്നതില്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ ഗുരുതരമായ അനാസ്ഥ വരുത്തുകയാണെന്ന് യോഗത്തില്‍ പങ്കെടുത്ത മിക്ക എം എല്‍ എമാരും കക്ഷി വ്യത്യാസമില്ലാതെ ആരോപിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച പല പദ്ധതികളും വകുപ്പുകളുടെ ഏകോപനമില്ലാത്തും ഉദ്യോഗസ്ഥരുടെ അലംഭാവം കാരണവും നീളുകയാണ്. ഒരു വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത ചമ്രവട്ടം ലിഫ്റ്റ് പദ്ധതിയുടെ പ്രയോജനം പൂര്‍ണമായും ഉപയോഗപ്പെടുത്താനാകാത്തത് ഇത്തരത്തിലുള്ള പിടിപ്പുകേട് മൂലമാണെന്ന് കെ ടി ജലീല്‍, പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ആരോപിച്ചു. പല പദ്ധതികള്‍ക്കും വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിക്കൊണ്ടുവന്ന കൂറ്റന്‍ പമ്പുസെറ്റുകള്‍ ഇനിയും പ്രവര്‍ത്തിപ്പിക്കാനാകാതെ തുരുമ്പെടുത്ത് നശിക്കുകയാണ്. ചമ്രവട്ടം പദ്ധതിയില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിക്കാതെ നേരിട്ട് പമ്പ് ചെയ്യുകയാണ്.
ഒരു വര്‍ഷം പിന്നിട്ടിട്ടും ഇവിടെ ശുദ്ധീകരിച്ച് ജലവിതരണം നടത്താനുള്ള പദ്ധതി തയ്യാറാക്കാനായില്ല. ചെറിയ തകരാറുകളും മറ്റും വന്നാല്‍ അത് പരിഹരിച്ച് പമ്പിംഗ് നടത്താനുള്ള സംവിധാനമോ നടപടിയോ എടുക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് എം എല്‍ എ. പി ഉബൈദുല്ല ആരോപിച്ചു. ഇത് അറ്റകുറ്റപ്പണി നീളാന്‍ കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു. വൈദ്യുതിവകുപ്പും ജലവകുപ്പും തമ്മില്‍ പരസ്പര ധാരണയുണ്ടെങ്കില്‍ പമ്പിംഗിലെ തടസ്സം ഒഴിവാക്കാനാകും. ജലക്ഷാമവും ലോഡ് ഷെഡിംഗും കാരണം പമ്പിംഗ് മുടങ്ങുന്നത് പതിവായിട്ടുണ്ട്. വോള്‍ട്ടേജ് ക്ഷാമം ഇല്ലാത്ത സമയം നോക്കി പമ്പിംഗ് നടത്തുന്നതിന് ബന്ധപ്പെട്ട പ്രദേശത്തെ ജലവകുപ്പ് അധികൃതരും വൈദ്യുതി വകുപ്പ് അധികൃതരും പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കണം. ദേശീയപാത അധികൃതരില്‍ നിന്ന് റോഡരികിലൂടെ പൈപ്പിടുന്നതിന് അനുമതി ലഭിക്കാത്തതാണ് വള്ളിക്കുന്ന് മണ്ഡലത്തിലെ പ്രധാന കുടിവെള്ള പദ്ധതികള്‍ താളംതെറ്റുന്നതിന് കാരണമായതെന്ന് കെ എന്‍ എ ഖാദര്‍ എം എല്‍ എ പറഞ്ഞു.