എസ് എസ് എല്‍ സി ഫലം പ്രഖ്യാപിക്കുന്നത് റെക്കോര്‍ഡ് വേഗത്തില്‍

Posted on: April 23, 2013 6:00 am | Last updated: April 23, 2013 at 12:33 am

resultതിരുവനന്തപുരം:ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നേരത്തെ എസ് എല്‍ സി ഫലം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26നായിരുന്നു ഫല പ്രഖ്യാപനം. കേരളത്തിലും ഗള്‍ഫ് മേഖലയിലുമായി 4.79 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയെഴുതിയത്.
ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടന്നത്. മൂന്ന് സോണുകളായി തിരിച്ചായിരുന്നു മൂല്യനിര്‍ണയം. പരീക്ഷാഭവനില്‍ ആരംഭിച്ച മാര്‍ക്കുകളുടെ ടാബുലേഷന്‍ ജോലികള്‍ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയായി. പരീക്ഷാ ഫലം നേരത്തെ പ്രഖ്യാപിക്കുന്നതിലൂടെ ഉപരിപഠനത്തിനുളള പ്രവേശന നടപടികള്‍ കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.
സേ പരീക്ഷക്കും പരീക്ഷാ പേപ്പര്‍ പുനര്‍മൂല്യനിര്‍ണയത്തിനും സ്‌ക്രൂട്ടിനിക്കും ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിക്കും ഫലം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ അപേക്ഷിക്കാം. ഇത് സംബന്ധിച്ച വിശദമായ നിര്‍ദേശങ്ങള്‍ ഫലപ്രഖ്യാപന സമയത്ത് നല്‍കും. കേരളത്തിന് പുറത്ത് പഠനാവശ്യത്തിന് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് പരീക്ഷാ ഭവനില്‍ അപേക്ഷ നല്‍കിയാല്‍ അതേ ദിവസം തന്നെ ലഭ്യമാക്കും. പഠനാവശ്യത്തിന് ഗ്രേഡിന് പകരം സ്‌കോര്‍ ആവശ്യമുളളവര്‍ 100 രൂപ ഫീസ് ചെലാന്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചാല്‍ സ്ഥാപന മേധാവിക്കയച്ചുകൊടുക്കും. പരീക്ഷയെഴുതി രണ്ട് വര്‍ഷം കഴിഞ്ഞ ഇത്തരം കേസുകള്‍ക്ക് പരീക്ഷാര്‍ഥികള്‍ക്ക് നേരിട്ട് സ്‌കോര്‍ വിവരം നല്‍കും. ഇതിനായി 200 രൂപ ഫീസ് അടക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
. 12,500 അധ്യാപകരെയാണ് ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനായി വിവിധ ക്യാമ്പുകളിലായി നിയോഗിച്ചിരുന്നത്. 2,800 കേന്ദ്രങ്ങളിലായിട്ടാണ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. കേരളത്തില്‍ 4,78,178 വിദ്യാര്‍ഥികളും ഗള്‍ഫ് മേഖലയില്‍ 424 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 1048 വിദ്യാര്‍ഥികളും പരീക്ഷ എഴുതി. കഴിഞ്ഞ വര്‍ഷം റെഗുലര്‍ വിഭാഗത്തില്‍ 4,70,100 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 9550 കുട്ടികള്‍ റെഗുലര്‍ വിഭാഗത്തില്‍ കൂടുതലായി പരീക്ഷയെഴുതിയിരുന്നു. പ്രൈവറ്റ് പരീക്ഷാര്‍ഥികളുടെ എണ്ണം 5,470 ആണ്.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷക്കിരുന്നത് തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസ് ഹൈസ്‌കൂളിലാണ്. 1559 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷക്കിരുന്ന വിദ്യാഭ്യാസ ജില്ല തിരൂരാണ്. 37,060 വിദ്യാര്‍ഥികളാണ് തിരൂരില്‍ പരീക്ഷ എഴുതിയത്. 77,496 പേര്‍ പരീക്ഷ എഴുതിയ മലപ്പുറമാണ് കൂടുതല്‍ കുട്ടികള്‍ പരീക്ഷക്കിരുന്ന റവന്യൂ ജില്ല. കുറവ് കുട്ടികള്‍ പരീക്ഷക്കിരുന്ന വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്, 2530 പേര്‍. റവന്യൂ ജില്ല ഇടുക്കിയും, 13,769 പേര്‍.
സ്‌കൂള്‍ ഗോയിംഗ് വിഭാഗത്തിലെ (റെഗുലര്‍) ഐ ടി തിയറി പരീക്ഷ നേരത്തെ നടത്തിയിരുന്നു.