മുഷറഫിനെതിരെ രാജ്യദ്രോഹ കുറ്റം വേണ്ടെന്ന് കാവല്‍ മന്ത്രിസഭ

Posted on: April 22, 2013 7:05 pm | Last updated: April 22, 2013 at 8:37 pm

ഇസ്‌ലാമാബാദ്: മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ടെന്ന് പാക്കിസ്ഥാനിലെ കാവല്‍സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇത് തങ്ങളുടെ അധികാരപരിധിയില്‍ പെടുന്ന കാര്യമല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. മുഷറഫിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന കാര്യത്തില്‍ സുപ്രീംകോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു.

അറ്റോര്‍ണി ജനറല്‍ ഇര്‍ഫാന്‍ ഖ്വാദിര്‍ ആണ് സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയെ അറിയിച്ചത്. വിവാദ വിഷയങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് തിരുത്താന്‍ കഴിയാത്ത തീരുമാനങ്ങള്‍ ഒഴിവാക്കുകയാണ് കീഴ്‌വഴക്കമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

ഭരണാധികാരിയായിരിക്കെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളുടെ പേരില്‍ മുഷറഫിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ അന്യായങ്ങളാണ് കോടതി പരിഗണിക്കുന്നത്. കേസില്‍ അറസ്റ്റിലായ മുഷറഫിനെ അദ്ദേഹത്തിന്റെ ഫാം ഹൗസ് ജയിലായി പ്രഖ്യാപിച്ച് അവിടെ പാര്‍പ്പിച്ചിരിക്കുകയാണ്.