Connect with us

Gulf

സ്വര്‍ണ വില: കടകളില്‍ നാണയം കുറയുന്നു

Published

|

Last Updated

മസ്‌കത്ത് : വില കുറഞ്ഞതിനൊപ്പം ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ ഉത്സാഹം കാണിക്കുകയും ചെയ്തതോടെ പല കടകളിലും ആവശ്യത്തിന് സ്റ്റോക്കില്ലാത്ത സ്ഥിതിയായി. പ്രധാനമായും സ്വര്‍ണ നാണയത്തിനും സ്വര്‍ണ ബിസ്‌കറ്റിനുമാണ് കടുത്ത ദൗര്‍ലഭ്യം അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ആവശ്യത്തിന് സ്‌റ്റോക്കില്ലാത്ത സ്ഥിതിയാണുള്ളതെന്ന് ജ്വല്ലറി ജീവനക്കാര്‍ പറയുന്നു.
വിലയിടിവ് തുടങ്ങിയ സാഹചര്യത്തില്‍ നഗരത്തില്‍ മൊത്തത്തില്‍ ബിസ്‌കറ്റും നാണയവും കിട്ടാനില്ലാത്ത സ്ഥിതിയായിരിന്നു. എന്നാല്‍ വിലയുടെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ജ്വല്ലറികളില്‍ വില്‍പനക്കെത്തുന്ന സ്വര്‍ണാഭരണത്തിന്റെ അളവില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. സ്വര്‍ണത്തിന്റെ പൊടുന്നനെ ഉണ്ടായ വിലയിടിവാണ് സ്വര്‍ണ നാണയത്തിന്റെ സ്റ്റോക്ക് കുറയാന്‍ ഇടയാക്കിയത്.
എന്നാല്‍ മസ്‌കത്തിലെ  പ്രമുഖ സ്വര്‍ണ കടകളില്‍ ഇന്നലെയും കാലുകുത്താന്‍ ഇടമില്ലാത്ത സ്ഥിതിയായിരുന്നു. സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന രാജ്യങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്ക് സ്വര്‍ണം വിറ്റതാണ് വന്‍തോതില്‍ വിലയിടിവിന് കാരണമായിരിക്കുന്നത്.
10 മുതല്‍ 100 ഗ്രാം വരെ തൂക്കമുള്ള എല്ലാ സ്വര്‍ണ ബിസ്‌കറ്റുകളും വിറ്റഴിഞ്ഞതായി ജ്വല്ലറി അധികൃതര്‍ പറഞ്ഞു.  ഇന്നലെയും രാത്രി പല സ്വര്‍ണക്കടകളും 10.30 കഴിഞ്ഞും പ്രവര്‍ത്തിച്ചാണ് ഉപഭോക്തക്കളെ പറഞ്ഞുവിട്ടത്.
സ്വര്‍ണത്തിന്റെ വിശ്വസനീയമായ മൂല്യമാണ് ഇന്ത്യക്കാരും അറബികളും ഉള്‍പ്പെട്ടവരെ വിലകുറഞ്ഞെന്ന് അറിഞ്ഞതോടെ ജ്വല്ലറികളിലേക്ക് എത്തിക്കുന്നതെന്നാണ് സ്വര്‍ണക്കച്ചവടക്കാരുടെ വാദം. പാരമ്പര്യമായി ഈ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സ്വര്‍ണത്തോടുള്ള പ്രിയമാണ് ഇതിന് കാരണം. പ്രത്യേകിച്ചും ഇന്ത്യക്കാര്‍ക്ക്. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ് സ്വര്‍ണം വാങ്ങാനെത്തുന്നത്. ഇന്ത്യക്കാരില്‍ മലയാളികളുമാണ് സ്വര്‍ണക്കടകളില്‍ ഉത്സവം തീര്‍ക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ പവന് ആറ് റിയാലിന്റെ കുറവാണുണ്ടായത്. ഒരാഴ്ചക്ക് മുമ്പ് 23 റിയാലായിരുന്നു ഒരു ഗ്രാമിന്റെ വില. അതിപ്പോള്‍ 17. 200ല്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ തിരക്കിന് അല്‍പം കുറവ് വന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഗ്രാമിന് 25 റിയാലായിട്ടാണ് സ്വര്‍ണം വാങ്ങിയിരുന്നതെന്നും ഇത്തവണ 22 ക്യാരറ്റിന് 16.800 റിയാലേ വേണ്ടി വന്നുള്ളൂവെന്നും വിവിധ ജ്വല്ലറികളില്‍ നിന്നും സ്വര്‍ണം വാങ്ങിയ ഉപഭോക്താക്കള്‍ വ്യക്തമാക്കി. ഗള്‍ഫിനോടൊപ്പം ഇന്ത്യയിലും സ്വര്‍ണത്തിന് വന്‍ തോതില്‍ വില കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്നലെ സ്വര്‍ണത്തിന് നേരിയ തോതില്‍ വില വര്‍ധിച്ചിട്ടുണ്ട്. അവസാനമായി 300 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 2,500 ഉം പവന് 20.000 രൂപയുമാണ് ഇന്നലത്തെ വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിനു വില കുറഞ്ഞതാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വില കുറയാന്‍ ഇടയാക്കിയത്.
സ്വര്‍ണ നിക്ഷേപം പിന്‍വലിച്ച ആളുകള്‍ ഓഹരി രംഗത്ത് നിക്ഷേപം തുടങ്ങിയതാണ് സ്വര്‍ണ വിലയില്‍ കുറവുണ്ടാകാന്‍ പ്രധാന കാരണമെന്നാണ് വിദ്ഗ്ധര്‍ വിലയിരുത്തന്നത്. കഴിഞ്ഞ 20 മാസത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ വിലക്കുറവാണ് ഇപ്പോഴുണ്ടായതെന്ന് സ്വര്‍ണ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വില ഇനിയും കുറയാനാണ് സാധ്യതയെന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
ഇന്ത്യക്കാര്‍ ഇവിടെ നിന്നും സ്വര്‍ണം വാങ്ങാനാണ് ഏറെ താത്പര്യപ്പെടുന്നത്. രാജ്യാന്തര മാര്‍ക്കറ്റിലെ വിലക്ക് സ്വര്‍ണം ലഭിക്കുമെന്നതാണ് ഇതിന് കാരണം. സേവന നികുതിയും മറ്റ് നികുതികളും ഇല്ലാത്തതാണ് സ്വര്‍ണം വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. ഇതോടൊപ്പം വിലകൂടി കുറഞ്ഞത് ഇരട്ടിമധുമായിരിക്കയാണ്.

Latest