കേരളത്തിന് പനിക്കുന്നു

Posted on: April 22, 2013 6:00 am | Last updated: April 22, 2013 at 8:29 am

പാലക്കാട്, കൊല്ലം ജില്ലകളിലായിരുന്നു പണ്ടൊക്കെ വേനല്‍ക്കാലമായാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തുക. എന്നാല്‍ 2013 ലിതാ കേരളത്തിലെ ഏതെണ്ടാല്ലാ ജില്ലകളിലും സാധാരണയില്‍ വിട്ട് 2 ഡിഗ്രി സെല്‍ഷ്യസിന്റെ താപവര്‍ധന രേഖപ്പെടുത്തിയിരിക്കുന്നു. സംസ്ഥാനമൊന്നാകെ വരള്‍ച്ചാ സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് കേരള സംസ്ഥാന മന്ത്രിസഭ കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു കഴിഞ്ഞു. വരള്‍ച്ചാ ദുരിതാശ്വാസ തുക മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ലഭിക്കുകയും ചെയ്തിരിക്കുന്നു. കേരളത്തിനിങ്ങനെ പനി പിടിക്കാന്‍ എന്താണ് സംഭവിച്ചിരിക്കുന്നത്. സൂര്യനില്‍ നിന്നും ലംബമായ താപ രശ്മികള്‍ കൂടുതലായി ലഭിക്കുന്നതാണ് വേനലിലെ ചൂട് വര്‍ധനക്ക് പ്രധാന കാരണം . ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം കൂടിയും കുറഞ്ഞുമിരിക്കുന്നതിലാണല്ലോ, ഋതുഭേദങ്ങള്‍ രൂപപ്പെടുന്നത്. സൂര്യരശ്മികളിലെ അള്‍ട്രാ വൈലറ്റ് എ, ബി, റേഡിയേഷനുകളാണ് വേനല്‍ ചൂട് മൂലം തൊലിയില്‍ പൊള്ളലേല്‍പ്പിക്കുന്നതിനും ക്യാന്‍സറിനും വരെ കാരണമാകുന്നത്. യു വി എ മനുഷ്യശരീരത്തിലെ തൊലിക്കകത്തേക്ക് ആഴ്ന്നിറങ്ങുകയും ചില ആളുകളില്‍ ത്വക്ക് ക്യാന്‍സറിന് ഇടയാക്കുകയും ചെയ്യുന്നു. എന്നാല്‍ യു വി ബി രശ്മികള്‍ തൊലിയുടെ ഉപരിതലത്തില്‍ തട്ടിയാല്‍ ചിലരില്‍ തൊലി ചുവന്നു തടിക്കുകയും തൊലിചുരുങ്ങുകയും പൊള്ളലേല്‍ക്കുകയും ചെയ്യുന്നു.
കേരളത്തില്‍ ഇരുനൂറോളം പേര്‍ക്കാണ് വിവിധ ജില്ലകളിലായി ഈ വര്‍ഷം സൂര്യാഘാതത്താല്‍ പൊള്ളലേറ്റിരിക്കുന്നത്. അമേരിക്കയില്‍ പ്രതിവര്‍ഷം 7300 പേരെങ്കിലും സുര്യാഘാതമേറ്റ് മരിക്കാറുണ്ട്. അതില്‍ 87 പേരില്‍ ഒരാള്‍ക്ക് എന്ന തോതില്‍ ത്വക്ക് ക്യാന്‍സര്‍ ബാധിക്കുകയും ചെയ്യാറുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രായം തൊലിയുടെ പ്രകൃതം, സൂര്യാഘാതമേല്‍ക്കുന്ന സമയം, രീതി എന്നിവയെല്ലാം സൂര്യാഘാതത്തിന്റെ തീക്ഷ്ണം നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. രാവിലെ പത്ത് മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ളതാണ് സൂര്യതാപമേറ്റ് പൊള്ളുവാനും മറ്റു തീക്ഷ്ണമായ സൂര്യാഘാതത്തിനും കാരണമാകുന്ന സമയം . സൂര്യാഘാതമേറ്റാല്‍ കുട്ടികളില്‍ തൊലി പൊള്ളുന്നതിന് കൂടുതല്‍ സാധ്യതകളുണ്ട് . ശൈത്യമേഖലാ പ്രദേശത്തുള്ള വെളുത്തവര്‍ക്കാണ് ഉഷ്ണമേഖലാ പ്രദേശത്തുള്ളവരേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൂര്യതാപമേല്‍ക്കുന്നതു കൊണ്ടുണ്ടാകുന്നത്. പച്ചപുതച്ച് പശ്ചിമഘട്ട മലമടക്കിന്റെ മടിത്തട്ടില്‍ കിടക്കുന്ന കേരളത്തില്‍ അതിശൈത്യവും അതിതാപവും വളരെ വിരളമായിരുന്നു. തണ്ണീര്‍ത്തടങ്ങളും, നദികളും തോടുകളും ഇടത്തോടുകളും മരങ്ങളും കാവുകളും വനപ്രദേശങ്ങളും പാടശേഖരങ്ങളും കോള്‍ നിലങ്ങളും കേരളത്തിലെ കാലാവസ്ഥയെ നിയന്ത്രിച്ചിരുന്ന ഘടകങ്ങളായിരുന്നു. എല്ലാ വേനല്‍ക്കാലങ്ങളിലെയും പോലെ കേരളത്തില്‍ എത്തിയിരുന്ന സുര്യരശ്മികളില്‍ ഒരു മാറ്റവും ഈ വേനലിലും സംഭവിച്ചിട്ടില്ല. നമ്മുടെ ഭൂമിക്കാണ് മാറ്റം വന്നിരിക്കുന്നത്. കേരളത്തിലെ ഭൂവിനിയോഗത്തില്‍ ഗണ്യമായ പരിവര്‍ത്തനമാണ് സംഭവിച്ചിരിക്കുന്നത്. ജലസംഭരണികളായിരുന്ന കുന്നുകളും മലകളും ഇടിച്ചുനിരത്തി റോഡുകളായി രൂപപ്പെട്ടു. പുഴയോരങ്ങളും കായലോരങ്ങളും ചതപ്പുകളും തോടുകളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തി വികസിപ്പിച്ചു. അതോടെ പ്രാദേശിക കാലാവസ്ഥയില്‍ മാറ്റം വന്നു. വേനല്‍ക്കാലത്തെ ചൂട് കൂടുതല്‍ ഊഷരമായി. വരണ്ട കാലാവസ്ഥയിലേക്കും മരുവത്കരണത്തിലേക്കും കേരളം വഴുതി വീണു. ജലസംഭരണികളും ചൂടുകാറ്റിനെ നിയന്ത്രിച്ചിരുന്നു. മലകളും അപ്രത്യക്ഷമായി. ചൂടുകാറ്റിനെ കുളിര്‍ക്കാറ്റാക്കിയിരുന്നു മരങ്ങള്‍ വെട്ടി നശിപ്പിക്കപ്പെട്ടു. പശ്ചിമഘട്ടമലമടക്കുകള്‍ പാറമടകളായി രൂപാന്തരപ്പെട്ടു. കേരളം പൊടിപടലങ്ങളും, ചൂടുകാറ്റും കൊണ്ട് സമ്പന്നമായി.
വികസനത്തിന്റെ പേരില്‍ രൂപമെടുത്ത റോഡുകളും അംബരചുംബികളായ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പകല്‍ വലിച്ചെടുക്കുന്ന താപം രാത്രി ചൂട് തരംഗമായി പുറത്തുവിടുവാന്‍ തുടങ്ങി. അങ്ങനെ പകലും രാത്രിയും ഒരുപോലെ ചൂടായി. ഈ വര്‍ഷം സാധാരണ കേരളത്തില്‍ അനുഭവപ്പെട്ടിരുന്ന വേനലിലെ ശരാശരി താപനിലയിലെ കുറഞ്ഞ താപനില ഉയര്‍ന്നിരിക്കയാണ്. ഈ വേനല്‍ കൂടുതല്‍ ചൂടാകാനും ചൂട് ദുസ്സഹമാകാനും ഇത് ഇടയാക്കി. നമ്മുടെ റോഡുകള്‍ ഗതാഗതക്കുരുക്കിനാല്‍ വീര്‍പ്പുമുട്ടുകയാണ്. അതുകൊണ്ട് ഫോസില്‍ ഇന്ധനം കൂടുതല്‍ സമയം വാഹനങ്ങളുടെ എന്‍ജിനുകളില്‍ എരിഞ്ഞടങ്ങാന്‍ റോഡുകള്‍ കൂടുതല്‍ അവസരം നല്‍കി. ഇത് ഹരിത ഗ്രഹവാതകങ്ങള്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നതിന് ഇടയാക്കി കാര്‍ബണ്‍ഡൈയോക്‌സൈഡും നൈട്രജന്റെ ഓക്‌സൈഡുകളും സള്‍ഫറിന്റെ ഓക്‌സൈഡുകളും കേരള അന്തരീക്ഷത്തില്‍ ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. ഇത് ഹരിതഗ്രഹ പ്രതിഭാസത്തിനിടയാക്കിയിരിക്കുന്നു. സൂര്യനില്‍ നിന്നെത്തുന്ന പ്രകാശ രശ്മികള്‍ പ്രതിബിംബിക്കുമ്പോള്‍ തരംഗ ദൈര്‍ഘ്യം കൂടുകയും കൂടുതല്‍ ഇന്‍ഫറാ റെഡ് താപ രശ്മികള്‍ ഭൗമ ഉപരിതലത്തില്‍ ഉണ്ടാകുകയും കൂടുതല്‍ സമയം തങ്ങി നില്‍ക്കുകയും ചെയ്യുമ്പോള്‍ ജീവജാലങ്ങള്‍ക്ക് അസഹ്യമായ ചൂടായി അത് അനുഭവപ്പെടുകയും ചെയ്യുന്നു. കണ്ണെരിച്ചിലും മറ്റ് കണ്ണ് അസുഖങ്ങളും തൊലി ചുവക്കലും ചൂടുകുരു തൊലിയില്‍ രൂപപ്പെടലും തൊലി ചൊറിച്ചിലും ത്വക്ക് രോഗങ്ങളും ഇതു കൊണ്ടുണ്ടാകുന്നു.
സംസ്ഥാനത്തെ അമിതമായ ചൂട് കെട്ടിക്കിടക്കുന്ന വെള്ളം ബാഷ്പീകരിക്കുന്നതിന് ഇട വരുത്തിയിരിക്കയാണ്. കേരളത്തിലെ അന്തരീക്ഷ ഹ്യുമിഡിറ്റി അഥവാ ഈര്‍പ്പത്തിന്റെ തോത് ഇപ്പോള്‍ 90 ശതമാനമാണ്. ഇത് തൊലിയില്‍ രൂപപ്പെടുന്ന വിയര്‍പ്പ് ബാഷ്പീകരിക്കുന്നതിന് കാലതാമസം വരുത്തുന്നതുകൊണ്ടാണ് ശരീരത്തിലെ സന്ധികളില്‍ നിന്നും വിയര്‍പ്പൊഴുകുന്നത് അത്യധികമായിരിക്കുന്നത്. കിണറുകള്‍, കുളങ്ങള്‍, തോടുകള്‍, നദികള്‍, തടാകങ്ങള്‍, അണക്കെട്ടുകള്‍, ജല സംഭരണികള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ജലം അത്യധികമായി ബാഷ്പീകരിക്കുന്നതിന് ഈ ചൂട് ഇട നല്‍കുന്നു. ഇത് കൂടുതല്‍ വരള്‍ച്ചക്കും ശുദ്ധജലക്ഷാമത്തിനും ഇട വരുത്തിയിരിക്കുന്നു. ജലാശയങ്ങളിലും ജലസ്രോതസ്സുകളിലും ജലസംഭരണികളിലും ജലത്തിന്റെ അളവ് കുറയുന്നതിനാലും വറ്റിവരളുന്നതിനാലും ജലസ്രോതസ്സുകള്‍ കൂടുതല്‍ മലിനീകരണത്തിന് ഇടവരുന്നു. ശുദ്ധജല വിതരണത്തിന്റെ പേരില്‍ അതുകൊണ്ട് സ്വകാര്യ ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യുന്ന ജലം മലിനജലമാകാന്‍ സാധ്യത ഏറെയാണ്. കോളറ, ടൈഫോയിഡ്, ഛര്‍ദി അതിസാരം, വയറിളക്കം, വിവിധ ഇനം പനികള്‍ എന്നിവക്കെല്ലാം കേരളം ഈ വേനലില്‍ സാക്ഷ്യം വഹിക്കേണ്ടി വരും. സംസ്ഥാനത്തെ ജനങ്ങള്‍ രോഗാതുരമായ ചുറ്റു പാടിലാണ് ജീവിക്കുന്നത്. സംസ്ഥാന ഭരണകൂടങ്ങള്‍ കാലാകാലങ്ങളില്‍ നടപ്പിലാക്കേണ്ടിയിരുന്ന വന നിയമങ്ങളും ഭൂ വിനിയോഗ നിയമങ്ങളും ജല മലിനീകരണ നിയന്ത്രണ നിയമങ്ങളും ജല വിതരണ നിയമങ്ങളും വാഹന പുക മലിനീകരണ നിയന്ത്രണ നിയമങ്ങളും പാരിസ്ഥിതിക സംരക്ഷണ നിയമങ്ങളും പാലിപ്പിക്കാനോ, നടപ്പിലാക്കാനോ അശ്രദ്ധ കാണിച്ചതിന്റെ അനന്തരഫലമാണീ വേനല്‍ക്കാലത്തെ ശക്തമായ ചൂട്. ഇതിന്റെയൊക്കെ ഫലമായി നമുക്ക് കൈയേറ്റംമൂലം നഷ്ടപ്പെട്ടത് പശ്ചിമഘട്ടത്തിലെ 44,420 ഹെക്ടര്‍ വനഭൂമിയാണ്. 1975നും 2012നും ഇടയില്‍ 5,66,000 ഹെക്ടര്‍ നെല്‍വയല്‍, 2004നും 2011നും ഇടയില്‍ 20,000 ഹെക്ടര്‍ പുഴ ആവാസ വ്യവസ്ഥ, 6,05,486 ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങള്‍, 2012ല്‍ മാത്രം 24 ചതുരശ്ര കിലോമീറ്റര്‍ വനഭൂമി എന്നിവയാണ്.
നമ്മുടെ നഗരങ്ങളിലെ 70 ശതമാനത്തോളം ഭൂമിയും വികസനത്തിന്റെ പേരില്‍ ബഹുനില കോണ്‍ക്രീറ്റ് കെട്ടിടങ്ങളെക്കൊണ്ടും റോഡുകളെ ക്കൊണ്ടും നിറഞ്ഞിരിക്കുകയാണ്. ഉച്ച വെയില്‍ ചൂടായി കോണ്‍ക്രീറ്റും ടാര്‍ റോഡും തിരിച്ച് റേഡിയേറ്റ് ചെയ്യുകയാണ്. അതിനെ തണുപ്പിക്കാനുള്ള വഴിയോര തണല്‍ മരങ്ങളും ചെറിയ ചെറിയ മരങ്ങളുടെ കൂട്ടവും എന്നെന്നേക്കുമായി നാം വെട്ടിനശിപ്പിച്ചു. ഭരണം എന്നും ഇതിനെല്ലാം ഒത്താശ ചെയ്തുകൊടുത്തു. വേനലില്‍ തീക്ഷ്ണമായ ചൂട് വരുമ്പോള്‍ മാത്രമേ നാം നിയമലംഘനങ്ങളെക്കുറിച്ചും വികലമായ വികസന കാഴ്ചപ്പാടുകളെക്കുറിച്ചും ചിന്തിക്കാറുള്ളൂ. മഴ പെയ്താല്‍ ഇതെല്ലാം എളുപ്പം മറക്കും. പിന്നെ ജലമാനേജ്‌മെന്റിനെക്കുറിച്ചോ, മരം നടുന്നതിനെക്കുറിച്ചോ ഭൂമി രൂപാന്തരപ്പെടുത്തുന്നതിലെ നിയമ ലംഘനത്തെക്കുറിച്ചോ ചിന്തിക്കുകയില്ല. എല്ലാം നശിപ്പിച്ചുള്ള വികസനമാണ് പിന്നെ. ലോക ശാസ്ത്രജ്ഞന്മാര്‍ 2009ല്‍ തന്നെ ഇത്തരം ചൂടുള്ള വേനലുകളെക്കുറിച്ച് പ്രവചിച്ചിരുന്നതാണ്. 2050 തിനോടടുക്കുമ്പോള്‍ ഭൂമിയില്‍ 1.4 മുതല്‍ 5.8 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനയുണ്ടാകുമെന്ന കാര്യത്തില്‍ കാലാവസ്ഥാ ശാസ്ത്രജ്ഞന്മാര്‍ക്ക് രണ്ട് അഭിപ്രായമില്ല. 1990ല്‍ ലോകത്ത് 28 രാജ്യങ്ങളിലാണ് അതിരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടതെങ്കില്‍ 2015ല്‍ ഈ വിഭാഗത്തില്‍ 52 രാജ്യങ്ങളുണ്ടാകുമത്രെ. അതില്‍ ഇന്ത്യയും ഉണ്ടാകുമെന്നാണ് പ്രവചനം. അതുകൊണ്ട് 2013ല്‍ കേരളത്തില്‍ അനുഭവപ്പെട്ടിരിക്കുന്ന ഈ ചൂട് വരുംവര്‍ഷങ്ങളില്‍ വര്‍ധിക്കുവാനുള്ള സാധ്യത വളരെയേറെയാണ്. ഈ സാഹചര്യത്തില്‍ പ്രൊഫ. ഗാഡ്ഗില്‍ പശ്ചിമ ഘട്ട സംരക്ഷണത്തിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് അതീവ പ്രാധാന്യമാണുള്ളത്. അതില്‍ ഡോ. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വഴി വെള്ളം ചേര്‍ക്കുന്നത് ഈ തലമുറയെയും വരുംതലമുറയെയും സൂര്യതാപമേല്‍ക്കുന്നതിനും വരള്‍ച്ചയിലേക്കും കുടിവെള്ള ദൗര്‍ലഭ്യത്തിലേക്കും തള്ളിവിടുന്നതിന് തുല്യമാണ്. ഒരു കാര്യം വളരെ വ്യക്തമാണ്.
കേരള പ്രകൃതിക്ക് മാറ്റം സംഭവിച്ചിരിക്കുന്നു. രൂപാന്തരം വന്നിരിക്കുന്നു. പശ്ചിമ ഘട്ട വന നശീകരണവും കൈയേറ്റവും ഇനിയും തുടര്‍ന്നുകൂടാ. പാറ പൊട്ടിച്ച് പശ്ചിമ ഘട്ടം തകര്‍ത്താല്‍ കേരളത്തിലെ നദികള്‍ വറ്റി വരണ്ടുപോകും. കാരണം 44 നദികളും ഉത്ഭവിക്കുന്നത് പശ്ചിമ ഘട്ടത്തില്‍ നിന്നാണ്. നദികളിലെ വേനല്‍ക്കാല നീരൊഴുക്കാണ് കേരളത്തിലെ കിണറുകളിലെ വെള്ളം വറ്റിപ്പോകാതെ സംരക്ഷിക്കുന്നത്. ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ ചുരങ്ങി ഇല്ലാതായിപ്പോകുന്നതിന് പശ്ചിമ ഘട്ട നാശം വഴവെക്കുമെന്നത് തീര്‍ച്ചയാണ്. അതുകൊണ്ട് ഈ ഭൗമ ദിനത്തിലെങ്കിലും കേരളത്തിന്റെ ഭൂമിയെ മരുവത്കരണത്തിന്റെ പിടിയില്‍ നിന്നും രക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം.
ഏപ്രില്‍ 22 ഐക്യരാഷ്ട്രസംഘടന ലോക ഭൗമിദിനമായി ആചരിക്കുമ്പോള്‍ കേരള സംസ്ഥാനം വരള്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണ് ആലോചിക്കേണ്ടത്. പകരം വെക്കാന്‍ ഇല്ലാത്ത കുടിവെള്ളം കിട്ടാക്കനിയാകാതിരിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. അങ്ങനെ ചെയ്യുമ്പോള്‍ മാത്രമേ ലോക ഭൗമദിനാചരണത്തിന് എന്തെങ്കിലും അര്‍ഥമുണ്ടാകൂ. സംസ്ഥാനത്തെ പനിക്ക് ശമനമാകൂ.

ALSO READ  സംസ്ഥാനത്ത് ഇന്ന് 95 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്; 32 ഹോട്ട്സ്പോട്ടുകൾ