യു ഡി എഫ് വിടാന്‍ ജെ എസ് എസ് തീരുമാനം

Posted on: April 21, 2013 11:00 am | Last updated: April 21, 2013 at 11:17 am

gauri amma

ആലപ്പുഴ: യു ഡി എഫ് വിടാന്‍ ജെ എസ് എസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഒരുവിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് ആഗസ്റ്റിലേക്ക് മാറ്റി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്ക് ശേഷമാണ് യു ഡി എഫ് വിടാന്‍ തീരുമാനമായത്. ആഗസ്റ്റില്‍ ചേരുന്ന പാര്‍ട്ടിയുടെ പ്രത്യേക കണ്‍വന്‍ഷനിലായിരിക്കും യു ഡി എഫ് ബന്ധം വിച്ഛേദിക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ഗൗരിയമ്മക്കെതിരായ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടാണ് ജെ എസ് എസില്‍ യു ഡി എഫ് ബന്ധം വിച്ഛേദിക്കണമെന്ന അഭിപ്രായത്തിന് ശക്തി പകര്‍ന്നത്.
കെ ആര്‍ ഗൗരിയമ്മയെ വ്യക്തിപരമായി അധിക്ഷേപിച്ച ചീഫ് വിപ്പ് പി സി ജോര്‍ജിനെ തത്സ്ഥാനത്ത് നിന്ന് മാറ്റാതെ യാതൊരു ഒത്തുതീര്‍പ്പും പാടില്ലെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം പ്രതിനിധികളും ആവശ്യപ്പെട്ടു. യോഗത്തില്‍ സംസാരിച്ച 14 ജില്ലാ സെക്രട്ടറിമാരില്‍ 13 പേരും 60 പ്രതിനിധികളില്‍ 55 പേരും യു ഡി എഫ് വിടണമെന്ന ശക്തമായ നിലപാടാണ് സ്വീകരിച്ചത്. യോഗത്തില്‍ കെ ആര്‍ ഗൗരിയമ്മയും ഏറെ വികാരാധീനയായാണ് സംസാരിച്ചത്. താനിപ്പോള്‍ യു ഡി എഫില്‍ ഇല്ലെന്നും യു ഡി എഫില്‍ പാര്‍ട്ടി തുടരാന്‍ താത്പര്യമില്ലെന്നും അവര്‍ തുറന്നടിച്ചു.
എന്നാല്‍ പാര്‍ട്ടി പ്രസിഡന്റ് അഡ്വ.രാജന്‍ ബാബു, മുന്‍ എം എല്‍ എയും ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ കെ കെ ഷാജു അടക്കമുള്ള ഒരു വിഭാഗം യു ഡി എഫ് വിടേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഗൗരിയമ്മ എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് പറഞ്ഞ ഇവര്‍ പാര്‍ട്ടിയെ തകര്‍ക്കുന്ന നിലപാട് ഗൗരിയമ്മ സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി യോഗം അവസാനിക്കും മുമ്പ് കെ കെ ഷാജു ഇറങ്ങിപ്പോകുകയും ചെയ്തു.
പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായവ്യത്യാസം പ്രകടമാക്കിയ സാഹചര്യത്തിലാണ് മുന്നണി വിടല്‍ തീരുമാനം ഉടനെ പ്രഖ്യാപിക്കേണ്ടെന്ന നിലപാടില്‍ ഗൗരിയമ്മയെത്തിയത്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം പാര്‍ട്ടിയുടെ മണ്ഡലം, ജില്ലാ തലങ്ങളില്‍ ചര്‍ച്ച ചെയ്ത ശേഷം ആഗസ്റ്റില്‍ ചേരുന്ന പ്രത്യേക കണ്‍വന്‍ഷനില്‍ അന്തിമ തീരുമാനമെടുക്കാനാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ജെ എസ് എസ്, യു ഡി എഫ് വിടണമെന്ന് ആവശ്യപ്പെട്ട് ജെ വൈ എസ് പ്രവര്‍ത്തകര്‍ സമ്മേളന വേദിക്ക് മുന്നില്‍ പ്രകടനവും നടത്തിയിരുന്നു.