അല്‍ റോയ ഇക്‌ണോമിക് ഫോറം 2013ന് ഇന്ന് തുടക്കമാകും

Posted on: April 20, 2013 2:30 am | Last updated: April 21, 2013 at 2:10 pm

മസ്‌കത്ത്: അല്‍ റോയ ഇക്‌ണോമിക് ഫോറം 2013 ന് ഇന്ന് തുടക്കമാകും. മസ്‌കത്ത് ഇന്റര്‍നാഷനല്‍ ഹോട്ടലില്‍ ധന മന്ത്രി ദര്‍വിഷ് ബിന്‍ ഇസ്മാഈല്‍ അല്‍ ബാലുഷിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വികസനം- അവസരങ്ങളും വെല്ലുവിളികളും എന്ന പ്രമേയമാണ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം ചര്‍ച്ച ചെയ്യുക.
സുല്‍ത്താനേറ്റില്‍ നിക്ഷേപ സാഹചര്യമൊരുക്കുക വഴി സാമ്പത്തിക നില മെച്ചപ്പെടുത്തുകയാണ് ഫോറം ലക്ഷ്യം വെക്കുന്നത്. ഇതിനുള്ള ആദ്യ ഘട്ട ഫോറം കഴിഞ്ഞ വര്‍ഷമാണ് നടന്നത്. ദുകത്തിലെ സ്‌പെഷ്യല്‍ ഇകണോമിക് സോണ്‍ അതോറിറ്റി(സെസാഡ്) ചെയര്‍മാന്റെ പ്രബന്ധമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളും അവ മൂലമുണ്ടാകുന്ന മെച്ചങ്ങളുമാണ് പ്രബന്ധം വിശദീകരിക്കുന്നത്.
വികസനം കൊണ്ടുവരാന്‍ നിക്ഷേപം ആവശ്യമാണ്. നിക്ഷേപകര്‍ക്ക് സുരക്ഷിതവും ലാഭകരവുമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇതിനായി പ്രത്യേക സാമ്പത്തിക മേഖല രൂപവത്കരിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള കാര്യങ്ങളും ഫോറം ചര്‍ച്ച ചെയ്യും. പബ്ലിക് അതോറിറ്റി ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് എക്‌സ്‌പോര്‍ട് ഡവലെപ്‌മെന്റ് (പിഎഐപിഇഡി) യും ഫോറത്തില്‍ പ്രബന്ധം അവതരിപ്പിക്കും. വാഷിംഗ്ടണിലെ ലോക ബേങ്ക് മുന്‍ സാമ്പത്തിക കാര്യ ഉപദേശകന്‍ ഡോ.അഹ്മദ് ബിന്‍ അലി അല്‍ മവാലിയും പങ്കെടുക്കും.
നമുക്ക് വികസനം വേണം എന്ന പ്രമേയത്തില്‍ പാനല്‍ ചര്‍ച്ചകളും നടക്കും. ഉത്പാദനവും സേവന നിക്ഷേപം എന്ന വിഷയത്തിലാണ് മറ്റൊരു സെഷന്‍ നടക്കുന്നത്. പ്രധാനമായും നാല് സെഷനുകളിലാണ് ഫോറം നടക്കുന്നത്.