പ്രായം തോല്‍ക്കുന്നു !

Posted on: April 20, 2013 6:00 am | Last updated: April 20, 2013 at 12:26 am

ലണ്ടന്‍: ഐ പി എല്ലിലെ എബൗവ് 35 ക്ലബ്ബ് (35 വയസിന് മുകളില്‍ പ്രായമുള്ളവര്‍) അംഗങ്ങളില്‍ പ്രധാനികളാണ് മൂന്ന് ആസ്‌ത്രേലിയക്കാര്‍ – റിക്കി പോണ്ടിംഗ്, ആദം ഗില്‍ക്രിസ്റ്റ്, മൈക്കല്‍ ഹസി. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഏറെ പ്രതീക്ഷയോടെ കൊണ്ടു വന്ന റിക്കി പോണ്ടിംഗ് ഫീല്‍ഡിംഗിലും ക്യാപ്റ്റന്റെ തന്ത്രങ്ങളിലും മികവ് കാണിക്കുന്നുണ്ട്. പക്ഷേ, ബാറ്റിംഗില്‍ സൂപ്പര്‍ ഫ്‌ളോപ്. പഞ്ചാബ് കിംഗ്‌സ് ഇലവന്റെ ആദം ഗില്‍ക്രിസ്റ്റിന്റെ കാര്യവും തഥൈവ-സൂപ്പര്‍ ഫ്‌ളോപ്. എന്നാല്‍, തകര്‍പ്പന്‍ സെഞ്ച്വറികളുമായി മികവില്‍ നില്‍ക്കുമ്പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയ മൈക്കല്‍ ഹസി ഐ പി എല്ലില്‍ സൂപ്പര്‍ ഫോം പ്രദര്‍ശിപ്പിക്കുകയാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കഴിഞ്ഞ ദിവസം 86 റണ്‍സിന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ തകര്‍ത്തപ്പോള്‍ മാന്‍ ഓഫ് ദ മാച്ച് ഹസിയായിരുന്നു. ഓപണറായെത്തി പുറത്താകാതെ 65 റണ്‍സടിച്ച ഹസി ചെന്നൈക്ക് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാന്‍ അടിത്തറയിട്ടു. 50 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഹസിയുടെ 65 റണ്‍സ്. കളിച്ച നാല് ഇന്നിംഗ്‌സുകളില്‍ രണ്ടെണ്ണത്തില്‍ നോട്ടൗട്ടായ ഹസി ആകെ 177 റണ്‍സെടുത്തു. ഐ പി എല്‍ ആറാം സീസണില്‍ കൂടുതല്‍ റണ്‍സെടുത്തവരുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് ഹസി. 86 നോട്ടൗട്ട് ആണ് മികച്ച പ്രകടനം. ആറ് മത്സരങ്ങളില്‍ 321 റണ്‍സടിച്ച വിരാട് കോഹ്‌ലിയാണ് റണ്‍വേട്ടയില്‍ മുന്നിലുള്ളത്. എന്നാല്‍, കോഹ്‌ലിയേക്കാള്‍ മികച്ച ശരാശരി ഹസിക്കാണ് – 88.50. കോഹ്‌ലിയുടെത് 64.20. സീസണിലെ ഏറ്റവും ഉയര്‍ന്ന ബാറ്റിംഗ് ശരാശരി നിലവില്‍ ഹസിക്ക് സ്വന്തം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ് പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി അത് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാന്‍ ചുമതലപ്പെടുത്തുന്നത് ഹസിയെയാണ്. ഡല്‍ഹിക്കെതിരെ, ഹസിയുടെ ബാറ്റിംഗ് മന്ദഗതിയിലായിരുന്നു. ടൈം ഔട്ടിന്റെ സമയത്ത് സ്റ്റീഫന്‍ ഫ്‌ളെമിംഗിനോട് ഹസി നല്‍കിയ സന്ദേശം 150 റണ്‍സടിച്ചാല്‍ ജയം ഉറപ്പിക്കാമെന്നായിരുന്നു. ഹസിയുടെ ഈ പരിചയ സമ്പത്താണ് ചെന്നൈക്ക് മുതല്‍ക്കൂട്ട്. ആസ്‌ത്രേലിയന്‍ താരം അടിത്തറയൊരുക്കുമ്പോള്‍ ക്യാപ്റ്റന്‍ ധോണിക്ക് അടിച്ചുകളിക്കാനുള്ള അവസരം ലഭിക്കും. ഡല്‍ഹിക്കെതിരെ 23 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറും ഉള്‍പ്പടെ ധോണി 44 റണ്‍സടിച്ചു. 32 പന്തില്‍ 30 റണ്‍സടിച്ച സുരേഷ് റെയ്‌നയും മികച്ച പിന്തുണ നല്‍കിയതോടെയാണ് ടീം സ്‌കോര്‍ 169ലെത്തിയത്.

ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ സാന്നിധ്യം ബാറ്റിംഗ് അനായാസമാക്കുന്നുവെന്ന് ഹസി അഭിപ്രായപ്പെട്ടു. ധോണിയും റെയ്‌നയും ബൗണ്ടറി ഹിറ്റര്‍മാരാണ്. അവരുടെ പ്രകടനം ചെന്നൈക്ക് മികച്ച സ്‌കോര്‍ ഒരുക്കുന്നു. പ്രതീക്ഷിച്ചതിലും ഇരുപത് റണ്‍സ് അധികമായിരുന്നു ഡല്‍ഹിക്കെതിരെ. ഇത് വിജയത്തിനാധാരമായി-ഹസി ചൂണ്ടിക്കാട്ടി. നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങിയ മോര്‍നി മോര്‍ക്കലായിരുന്നു ഡല്‍ഹി ബൗളര്‍മാരില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയത്. ഡല്‍ഹി ബാറ്റിംഗില്‍ 31 റണ്‍സെടുത്ത കേദാര്‍ യാദവാണ് ടോപ്‌സ്‌കോറര്‍. വിരേന്ദര്‍ സെവാഗിന് പതിനേഴ് റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ആസ്‌ത്രേലിയന്‍ ഓപണര്‍ ഡേവിഡ് വാര്‍ണര്‍ ഒരു റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ ആറ് റണ്‍സിനും മടങ്ങി. 17.3 ഓവറില്‍ ഡല്‍ഹി 83 റണ്‍സിന് ആള്‍ ഔട്ടായി. ആറാം സീസണില്‍ തുടരെ ആറാം തോല്‍വി-ഡല്‍ഹിയെ ശരിക്കും ചെകുത്താന്‍ പിടിച്ചതു പോലെ. മൂന്ന് ഓവറില്‍ 10 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത മൊഹിത് ശര്‍മയുടെ ബൗളിംഗ് ചെന്നൈക്ക് മികച്ച മാര്‍ജിനില്‍ ജയം ഉറപ്പാക്കി. മൂന്ന് ഓവറില്‍ 13 റണ്‍സിന് ഒരു വിക്കറ്റെടുത്ത ആല്‍ബി മോര്‍ക്കലും തിളങ്ങി. ക്രിസ് മോറിസ്, ബ്രാവോ, ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റും രവിചന്ദ്രന്‍ അശ്വിന് രണ്ട് വിക്കറ്റും ലഭിച്ചു. പന്തെടുത്ത ചെന്നൈ ബൗളര്‍മാര്‍ക്കെല്ലാം വിക്കറ്റ് ലഭിച്ചു.
വിരേന്ദര്‍ സെവാഗ് തിരിച്ചെത്തിയിട്ടും ഡല്‍ഹി നിരക്ക് താളം വീണ്ടെടുക്കാന്‍ സാധിക്കാത്തത് ക്യാപ്റ്റന്‍ ജയവര്‍ധനെയെ നിരാശനാക്കുന്നു. വീരു വിന് പരിഹരിക്കാവുന്നതല്ല ടീമിന്റെ പ്രശ്‌നം. എല്ലാവരും സ്ഥിരത കാണിക്കണം. മികച്ച സ്‌കോര്‍ സാധ്യമാകണം. ആറ് മത്സരങ്ങളില്‍ രണ്ട് ജയമെങ്കിലും നേടണമായിരുന്നു. ചെന്നൈക്ക് മുന്നില്‍ 83 റണ്‍സിന് പുറത്തായത് ന്യായീകരിക്കാനാവാത്ത പ്രകടനമാണെന്നും ജയവര്‍ധനെ അഭിപ്രായപ്പെട്ടു.