Connect with us

Gulf

ഒമാനില്‍ പ്രകൃതിക്ഷോഭ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കാത്തത് ഭീഷണിയാകുന്നു

Published

|

Last Updated

മസ്‌കത്ത് :ഭൂകമ്പമുള്‍പെടെയുള്ള പ്രകൃതിക്ഷോഭങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനം ഒമാനില്‍ യാഥാര്‍ഥ്യമാകാത്തത് ഭീഷണി സൃഷ്ടിക്കുന്നു. 2004ലെ സുനാമി ലോകത്തെ വിവിധ രാജ്യങ്ങളില്‍ വന്‍ നാശം വിതച്ചതിനെത്തുടര്‍ന്ന് ഭരണാധികാരി സുല്‍ത്താന്‍ പ്രകൃതിക്ഷോഭങ്ങളുടെ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് യാഥാര്‍ഥ്യമാകാത്തത് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ വര്‍ഷം സുനാമി ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വീണ്ടും ചര്‍ച്ചയായായിരുന്നു.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ഥാപിക്കുന്ന കേന്ദ്രം ഈ വര്‍ഷം പൂര്‍ത്തിയാകുമെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം സുനാമി ഭീഷണി നിലനിന്ന സാഹചര്യത്തില്‍ അറിയിച്ചിരുന്നു. മെട്രോളജി ആന്‍ഡ് എയര്‍ നാവിഗേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിരീക്ഷണത്തിലാണ് കേന്ദ്രത്തിന്റെ നിര്‍മാണ ജോലികള്‍ക്കായി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. പ്രകൃതിക്ഷോഭങ്ങളുടെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തി മുന്നറിയിപ്പുകള്‍ നല്‍കാന്‍ കഴിയുന്നതോടെ സുരക്ഷാ നടപടികള്‍ നേരത്തെ സ്വീകരിക്കുന്നതിനും തീരദേശങ്ങളില്‍ ജാഗ്രതപാലിക്കാനും കഴിയും. ഒമാനുള്‍പെടെ 28 രാജ്യങ്ങളില്‍ ശൃംഖലയുള്ള ഇന്ത്യന്‍ ഓഷ്യന്‍ സൂനാമി വാണിംഗ് സിസ്റ്റമാണ് സുനാമി മുന്നറിയിപ്പിന് നിലവില്‍ ആശ്രയിക്കുന്നത്. 2004 ല്‍ 2,30,000 പേരുടെ ജീവനാശത്തിനിടയാക്കിയ സുനാമി ദുരന്തത്തെത്തുടര്‍ന്നാണ് ഈ സംവിധാനം നിലവില്‍ വന്നത്. 12 ഏഷ്യന്‍ രാജ്യങ്ങളിലാണ് കെടുതി ഉണ്ടായത്. ഒമാനെയും അന്ന് സുനാമി ബാധിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് നേരത്തെ മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന സംവിധാനം ഏര്‍പെടുത്തുന്നതിന് തീരുമാനിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തോടു ചേര്‍ന്നു കിടക്കുന്ന മറ്റു രാജ്യങ്ങളിലെ സുനാമി സാധ്യതയും ഈ സംവിധാനത്തിനു പ്രവചിക്കാന്‍ കഴിയും. നിലവിലുള്ള കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായി സംയോജിപ്പിച്ചും നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സംവിധാനവുമായി സഹകരിച്ചും പ്രവര്‍ത്തിക്കുന്ന രൂപത്തിലാണ് രാജ്യത്ത് മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ രൂപവത്കരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട ഭൂചലനം മുന്‍കൂട്ടി അറിയിക്കാന്‍ കഴിയാതിരുന്നത് കേന്ദ്രം സ്ഥാപിക്കുന്നതില്‍ നേരിട്ട കാലം താമസം മൂലമാണ്. അനുഭവപ്പെട്ട ഭൂചലനം രാജ്യത്ത് എത്ര തീവ്രമായിരുന്നുവെന്ന കാര്യത്തിലും ഔദ്യോഗിക വിവരം നല്‍കാനാകാത്തതും വീഴ്ചയാണ്. വിവിധ രാഷ്ട്രങ്ങളില്‍ പ്രകൃതിക്ഷോഭങ്ങളുടെ സാധ്യതകള്‍ മുന്‍കൂട്ടി അറിയിക്കുന്നതിന് സംവിധാനങ്ങള്‍ 2004ലെ സുനാമിക്ക് ശേഷം സ്ഥാപിച്ചിരുന്നു. അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളുമായി സഹകരിച്ചാണ് വിവിധ സ്ഥലങ്ങളില്‍ മുന്നറിയിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.എന്നാല്‍ ഒമാനിലെ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അടുത്ത കാലത്തായി ശക്തമാക്കിയിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ അറിയിക്കുന്നതിന് സംവിധാനങ്ങള്‍ വിപുലപ്പെടുത്തുകയും ജനങ്ങളിലേക്ക് മുന്നറിയിപ്പെത്തിക്കുകയും ചെയ്ത് വരുന്നുണ്ട്.