മുഷറഫ് ഉടന്‍ അറസ്റ്റിലാകും

Posted on: April 18, 2013 11:32 am | Last updated: April 20, 2013 at 8:14 am

Pervez Musharrafഇസ്‌ലാമാബാദ്: മുന്‍ പാക്ക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് ഉടന്‍ അറസ്റ്റിലാകും. അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിനെ തുടര്‍ന്ന് കോടതിയില്‍ നിന്ന് അംഗരക്ഷകരുടെ സഹായത്തോടെ മുങ്ങിയ മുഷറഫ്, സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ ഹരജിയും തള്ളി. ഇതേ തുടര്‍ന്ന് മുഷറഫിനെ അറസ്റ്റ് ചെയ്യാനായി പാക് പോലീസ് സംഘം അദ്ദേഹം ഒളിവില്‍ കഴിയുന്ന ഫാം ഹൗസിലെത്തി.

2007ല്‍ ജഡ്ജിമാരെ തടവിലാക്കിയെന്ന കേസിന്റെ വാദം കേള്‍ക്കാനായാണ് മുഷറഫ് ഇന്ന് കോടതിയിലെത്തിയത്. കേസില്‍ ജാമ്യാപേക്ഷാ നല്‍കിയെങ്കിലും ഇസ്‌ലാമാബാദ് കോടതി ഇത് റദ്ദാക്കി. കോടതി മുഷറഫിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. തുടര്‍ന്നാണ് മുഷറഫ് കോടതി മുറിയില്‍ നിന്നും അംഗരക്ഷകരുടെ സഹായത്തോടെ കാറില്‍ രക്ഷപ്പെട്ടത്.

നീണ്ട ഇടവേളക്ക് ശേഷം കഴിഞ്ഞ മാസമാണ് മുഷറഫ് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്. മെയ്11ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക നല്‍കിയെങ്കിലും എല്ലായിടങ്ങളിലേയും പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ഇതോടെ പൊതു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്ന മുഷറഫിന്റെ മോഹത്തിനും തിരിച്ചടിയായി.അതേ സമയം മുഷറഫ് സുപ്രീം കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

musharaf
കോടതിയില്‍ നിന്ന് മുഷറഫ് കാറില്‍ രക്ഷപ്പെടുന്നു