ഗള്‍ഫ് രാജ്യങ്ങളിലെ വിദേശ തൊഴിലാളികളെ നിയന്ത്രിക്കാന്‍ നിയമം തയ്യാറാക്കുന്നു

Posted on: April 18, 2013 6:01 am | Last updated: April 18, 2013 at 8:38 am

GCCജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശ തൊഴിലാളികളെ നിയന്ത്രിക്കുന്നതിനുള്ള നിയമം ജി സി സി രാജ്യങ്ങള്‍ ഉടന്‍ അംഗീകരിക്കും. അവിദഗ്ധരായ തൊഴിലാളികളെ മടക്കി അയക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയമം തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് ജി സി സി അധികൃതര്‍ അറിയിച്ചു. നിശ്ചയിച്ച ജോലിയില്‍ തൊഴിലാളികള്‍ക്ക് വൈദഗ്ധ്യമുണ്ടോ എന്ന് പരിശോധിക്കും. വൈദഗ്ധ്യമുണ്ടെന്ന് അവകാശപ്പെട്ട തൊഴിലില്‍ ഇവര്‍ കഴിവുള്ളവരല്ലെങ്കില്‍ അത്തരക്കാരെ ഒഴിവാക്കും. തൊഴിലുടമയുള്‍പ്പെടെയുള്ളവരുമായി വ്യക്തമായ കരാറില്ലാത്തവരുള്‍പ്പെടെയുള്ള തൊഴിലാളികളെ നിയന്ത്രിക്കുമെന്ന് കുവൈത്ത് തൊഴിലാളികളുടെ പുനക്രമീകരണ പദ്ധതിയുടെ സെക്രട്ടറി ജനറല്‍ ഫൗസി അല്‍ മജ്ദാലി പറഞ്ഞു. ഇത്തരം തൊഴിലാളികള്‍ ഗള്‍ഫ് തൊഴില്‍ മേഖലയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇവരെ കൊണ്ട് സമൂഹത്തിനോ ബിസിനസിനോ ഗുണമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ തൊഴിലാളികളെ നിയന്ത്രിക്കുന്ന പദ്ധതിയെ കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. കുവൈത്തില്‍ ഒരു ലക്ഷത്തോളം വിദേശ തൊഴിലാളികളെ ഒഴിവാക്കി അവര്‍ക്ക് പകരം തദ്ദേശീയരായ തൊഴിലാളികളെ നിയമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തില്‍ തൊഴിലാളികളുടെ ജോലി വൈദഗ്ധ്യം പരിശോധിക്കാന്‍ ആലോചനയുള്ളതായി ഫൗസി പറഞ്ഞു. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ തൊഴിലില്‍ പലരും വൈദഗ്ധ്യമുള്ളവരെല്ലെന്ന് കണ്ടെത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ  ആര്‍ എസ് സി യൂനിറ്റ് സമ്മേളനങ്ങള്‍ പ്രഖ്യാപിച്ചു