ന്യൂസിലാന്‍ഡില്‍ സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം

Posted on: April 18, 2013 6:00 am | Last updated: April 18, 2013 at 7:58 am

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ സ്വവര്‍ഗ വിവാഹത്തിന് പാര്‍ലിമെന്റിന്റെ അംഗീകാരം. ഇതോടെ സ്വവര്‍ഗ വിവാഹം നിയമവിധേയമായ 13ാമത് രാജ്യവും ഏഷ്യ- പസഫിക് മേഖലയിലെ ആദ്യ രാജ്യവുമായി ന്യൂസിലാന്‍ഡ്. പാര്‍ലമെന്റില്‍ 44നെതിരെ 77 വോട്ടിനാണ് സ്വവര്‍ഗ വിവാഹ ബില്‍ പാസായത്. ബില്‍ പാസായത് പാര്‍ലിമെന്റ് ഗ്യാലറിയിലുണ്ടായിരുന്ന ജനം പാട്ടുപാടിയാണ് ആഘോഷിച്ചത്.
ചില പാര്‍ലിമെന്റ് അംഗങ്ങളും ഇതില്‍ അണിചേര്‍ന്നു. പാര്‍ലിമെന്റില്‍ തങ്ങളുടെ നയത്തില്‍നിന്നും വിഭിന്നമായി സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അധികാരം അംഗങ്ങള്‍ക്ക് മിക്ക പാര്‍ട്ടികളും നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തെ ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയും ബില്ലിനുണ്ടായിരുന്നു. കല്യാണമെന്നത് രണ്ട് വ്യക്തികളുടെ തികച്ചും സ്വകാര്യമായ കാര്യമാണെന്ന് പ്രധാനമന്ത്രി ജോണ്‍ കി പിന്നീട് പറഞ്ഞു.