Connect with us

Kerala

കമ്പനിയുണ്ടാക്കുന്നത് ടാങ്കര്‍, കുപ്പിവെള്ള വിതരണത്തിന്

Published

|

Last Updated

തിരുവനന്തപുരം:കുടിവെള്ള വിതരണത്തിനായി സിയാല്‍ മോഡല്‍ കമ്പനി രൂപവത്കരിച്ച് സര്‍ക്കാറിന്റെ പുതിയ ഉത്തരവ്. കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുന്നുവെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തില്‍ ചില ഭേദഗതികളോടെയാണ് പുതിയ ഉത്തരവ്. കുപ്പിവെള്ള വിതരണത്തിനും ടാങ്കര്‍ വഴി വെള്ളം നല്‍കുന്നതിനും വേണ്ടിയാണ് കമ്പനി രൂപവത്കരിക്കുന്നതെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കാന്‍ ഉദ്ദേശ്യമില്ലെന്നും കുടിനീരിന് അമിതവില ഈടാക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കുപ്പിവെള്ളവും ടാങ്കര്‍ വഴിയുള്ള കുടിവെള്ളവും വിതരണം ചെയ്യുന്നതിനാണ് കമ്പനിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നെങ്കിലും ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല. സര്‍ക്കാറിന് 26 ശതമാനം ഓഹരിയുള്ള കമ്പനിയില്‍ ജല അതോറിറ്റിക്ക് 23 ശതമാനം ഓഹരിയുണ്ടാകും. ബാക്കിയുള്ളവ തദ്ദേശ സ്ഥാപനങ്ങള്‍, കമ്പനിയുടെ ഗുണഭോക്താക്കള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവക്ക് ലഭ്യമാണ്. ജല അതോറിറ്റിയുടെ താത്പര്യ സംരക്ഷണാര്‍ഥം ജല അതോറിറ്റി നിയമിക്കുന്ന മാനേജിംഗ് ഡയറക്ടറും ഒരു സീനിയര്‍ എന്‍ജിനീയറും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളായിരിക്കും. ജലവിഭവ മന്ത്രി ചെയര്‍മാനാകുന്ന ഡയറക്ടര്‍ ബോര്‍ഡില്‍ ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, തദ്ദേശസ്വയംഭരണ സെക്രട്ടറി, മറ്റ് ഓഹരി കൈവശക്കാരെ പ്രതിനിധാനം ചെയ്യുന്ന രണ്ട് പേര്‍ എന്നിവരും ഉണ്ടാകും.

കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷനും തയ്യാറാക്കി രണ്ടാഴ്ചയ്ക്കകം സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടറെ ചുമതലപ്പെടുത്തി. ജല അതോറിറ്റി ഉപയോഗിക്കുന്ന ഒരു ഉറവിടവും യാതൊരു കാരണവശാലും കമ്പനി ഉപയോഗിക്കുകയില്ലെന്നും ഉത്തരവിലുണ്ട്. ഉപേക്ഷിക്കപ്പെട്ട പാറമടകള്‍, കുളങ്ങള്‍, ഓരുവെള്ള ശേഖരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ബന്ധപ്പെട്ട ഏജന്‍സികളുടെ അനുവാദത്തോടെ ജലം ശേഖരിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യും. കുടിവെള്ള വിതരണത്തില്‍ ജല അതോറിറ്റിയുടെ പ്രാധാന്യം കുറയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2021 ഓടെ എല്ലാ വീടുകളിലും പൈപ്പ് കണക്ഷന്‍ നല്‍കാനുമാകും. ഇതിനായി അതോറിറ്റിക്ക് കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷവും തുകയില്‍ വര്‍ധന വരുത്തും. കുപ്പിവെള്ളത്തെ ആശ്രയിക്കുന്നവരുടെ എണ്ണം നഗരങ്ങളില്‍ അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുണ്ടാക്കുന്നത്. സ്വകാര്യ മേഖലയിലുള്ള കുപ്പിവെള്ള വിതരണക്കാര്‍ പലപ്പോഴും അമിത നിരക്കാണ് ഈടാക്കുന്നത്. മാത്രമല്ല, ജലത്തിന്റെ ഗുണമേന്മയിലും വീഴ്ച വരുത്താറുണ്ട്. അതുപോലെയാണ് ടാങ്കര്‍ ലോറികളിലെ ജലവിതരണവും. അവര്‍ പലപ്പോഴും നിലവാരം കുറഞ്ഞ വെള്ളം അമിതവിലക്ക് വില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിയാല്‍ മോഡലില്‍ കേരള ഡ്രിങ്കിംഗ് വാട്ടര്‍ സപ്‌ളൈ കമ്പനി ലിമിറ്റഡ് രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

---- facebook comment plugin here -----