ബംഗളൂരു സ്‌ഫോടനം രാഷ്ട്രീയ ഒച്ചപ്പാടുകള്‍ക്കും ഇടയാക്കി

Posted on: April 18, 2013 6:00 am | Last updated: April 18, 2013 at 7:21 am

ബംഗളൂരു/ ന്യൂഡല്‍ഹി: ബംഗളൂരുവില്‍ ബി ജെ പി ഓഫീസിന് സമീപം നടന്ന സ്‌ഫോടനം രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇടയാക്കി. ബി ജെ പിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കിക്കൊടുക്കുമെന്ന കോണ്‍ഗ്രസ് വക്താവ് ശക്കീല്‍ അഹ്മദിന്റെ പ്രസ്താവനയാണ് രാഷ്ട്രീയ ഒച്ചപ്പാടിന് ഇടയാക്കിയത്. വിമര്‍ശം ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയോട് കോണ്‍ഗ്രസ് തന്നെ അകലം പാലിക്കുകയായിരുന്നു. ഏത് സ്‌ഫോടനവും ആശങ്കാജനകമാണെന്നും രാഷ്ട്രീയ നേട്ടമായി കാണരുതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി പ്രതികരിച്ചു. ശക്കീല്‍ അഹ്മദിന്റെ പ്രസ്താവന വന്ന ഉടനെയായിരുന്നു ദ്വിവേദിയുടെ പ്രതികരണം.
‘ഏതൊരു ഭീകരാക്രമണവും ആശങ്കപ്പെടേണ്ട വിഷയമാണ്. ദേശീയ, അന്തര്‍ദേശീയ പ്രശ്‌നമാണത്. രാജ്യത്തിനു നേരെയുള്ള വെല്ലുവിളിയാണത്. രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്.’ ദ്വിവേദി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ബി ജെ പി ഓഫീസിനടുത്താണ് ബംഗളൂരുവില്‍ സ്‌ഫോടനം നടന്നത് എങ്കില്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയമായി ബി ജെ പിക്ക് തന്നെയാണ് നേട്ടമെന്നായിരുന്നു സ്‌ഫോടനം നടന്നയുടനെ ശക്കീല്‍ അഹ്മദ് ട്വീറ്റ് ചെയ്തത്.
എന്നാല്‍, ശക്കീല്‍ അഹ്മദിന്റെ പ്രസ്താവനയോട് പാര്‍ട്ടി അകലം പാലിക്കുകയായിരുന്നു. ഇതൊരു വ്യക്തിപരമായ അഭിപ്രായമെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. ‘അദ്ദേഹത്തിന്റെ ട്വീറ്റ് കണ്ടിട്ടില്ല. അദ്ദേഹം പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. ഇതില്‍ പാര്‍ട്ടിക്ക് പങ്കില്ല.’ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്‍ പി എന്‍ സിംഗ് പറഞ്ഞു. ഇത് രാഷ്ട്രീയ വിഷയമായി ഏറ്റെടുക്കരുതെന്നും രാഷ്ട്രീയത്തിന് അതീതമായി പാര്‍ട്ടികള്‍ പെരുമാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഹ്മദിന്റെ പ്രതികരണത്തോട് ബി ജെ പി അതിരൂക്ഷമായാണ് പ്രതികരിച്ചത്. ഇത്തരം പരാമര്‍ശങ്ങള്‍ അനാവശ്യവും അനവസരത്തിലുള്ളതുമാണ്. ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവില്‍ നിന്ന് ഒരിക്കലും അത്തരമൊരു പരാമര്‍ശം വരാന്‍ പാടില്ലായിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഇപ്പോഴേ പരാജയപ്പെട്ടിട്ടുണ്ട്. ബി ജെ പി വക്താവ് മീനാക്ഷി ലേഖി പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ രാഷ്ട്രീയം കാണരുതെന്ന് ഷാനവാസ് ഹുസൈനും തീവ്രവാദം രാഷ്ട്രീയ നേട്ടമോ നഷ്ടമോ അല്ലെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗും പ്രതികരിച്ചു.