ദുരന്ത നിവാരണത്തിന് പുതിയ സേനയുമായി സംസ്ഥാന പോലീസ്

Posted on: April 18, 2013 2:10 am | Last updated: April 18, 2013 at 2:10 am

അരീക്കോട്: ദുരന്തനിവാരണത്തിന് പുതിയ സേനയുമായി സംസ്ഥാന പോലീസ് സേന. ദേശീയ ദുരന്ത നിവാരണ സേനയുടെ മാതൃകയില്‍ പ്രത്യകം പരിശീലനം സിദ്ധിച്ച സംസ്ഥാന ദുരന്തനിവാരണ സേനക്കാണ് രൂപം നല്‍കുന്നത്. 
ഇരുനൂറ് പേരടങ്ങുന്ന സേനക്കാണ് ആദ്ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. അമ്പത് പേരടങ്ങുന്ന നാലു ടീമുകളായി തിരിച്ചാണ് പരിശീലനം. ആദ്യ പരിശീലനം എറണാകുളം ഫാക്ടിലും രണ്ടാം ഘട്ടം തൃശൂര്‍ അടാട്ട് പഞ്ചായത്തിലും പൂര്‍ത്തിയായി. എട്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിക്കാനിടയായ അരീക്കോട് മൂര്‍ക്കനാട് സ്‌കൂള്‍ കടവിലാണ് മൂന്നാമത്തെ സംഘത്തിന് പരിശീലനം നല്‍കുന്നത്. അഗാധ ഗര്‍ത്തങ്ങളില്‍ താഴ്ന്നുപോകുന്നവരെ രക്ഷപ്പെടുത്തുക, തകര്‍ന്നു വീഴുന്ന കെട്ടിടങ്ങളില്‍പെടുന്നവരെ രക്ഷിക്കുക, പാലങ്ങളില്‍ നിന്നും വെള്ളത്തിലേക്ക് വീഴുന്ന വാഹനങ്ങളെ ഉയര്‍ത്തുക, പാലങ്ങളിലും കെട്ടിടങ്ങളിലുമുണ്ടാകുന്ന അപകടത്തില്‍പെടുന്നവരെ റോപ് റസ്‌ക്യൂ സംവിധാനത്തിലൂടെ രക്ഷപ്പെടുത്തുക തുടങ്ങിയവക്കുള്ള പരിശീലനമാണ് നല്‍കുന്നത്.
കാറ്റ് നിറക്കാവുന്ന റബ്ബര്‍ ബോട്ടുകള്‍, കോണ്‍ക്രീറ്റ്, ഇരുമ്പ്, തടി തുടങ്ങിയവ നിഷ്പ്രയാസം മുറിക്കാനുള്ള ഉപകരണങ്ങള്‍, ഇരുമ്പ് ദണ്ഡുകള്‍ തൂണുകള്‍ തുടങ്ങിയവ വേര്‍പെടുത്താനുള്ള ആയുധങ്ങള്‍, കൂടുതല്‍ താഴ്ചയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഡീപ് ഡൈവിംഗ് ഉപകരണങ്ങള്‍ പോര്‍ട്ടബിള്‍ ജനറേറ്റര്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍ തുടങ്ങീ അത്യാധുനിക സംവിധാനങ്ങള്‍ സേനയുടെ കൈവശമുണ്ട്. പാണ്ടിക്കാട് ആസ്ഥാനമായുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ സേനയുടെ നാല് വിഭാഗങ്ങളാണ് അവസാന ഘട്ട പരിശീലനത്തില്‍ പങ്കെടുക്കുന്നത്. കൊച്ചി, കടമ്പ്രയാര്‍, തൃശൂര്‍ പൊലീസ് അക്കാഡമി എന്നിവിടങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഇപ്പോള്‍ പ്രത്യേക പരിശീലനം നല്‍കുന്നത്. പരിശീലനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന മോക്ക്ഡ്രില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 20 ന് കാലത്ത് 10.30 നാണ് ചടങ്ങ്. ജില്ലാ കലക്ടര്‍, ഡി ജ ിപി, എന്‍ ഡി ആര്‍എഫ് ഡി ജി പി പി.എം. നായര്‍, എ ഡി ജി പി, എസ് പി, ഡി വൈഎസ്പി തുടങ്ങീ പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിക്കും. വിനോദ സഞ്ചാരത്തിനെത്തി ബോട്ട് ഡ്രൈവറുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെയും മദ്യപിച്ചും മറ്റും ദുരന്തില്‍ പെടുന്ന വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തുന്ന സംഭവമാണ് മോക്ഡ്രില്ലിന്റെ ഭാഗമായി ചിത്രീകരിക്കുന്നത്. ബോട്ട് ഡ്രൈവറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് അച്ചടക്കത്തോടെ യാത്ര ചെയ്താല്‍ ദുരന്തങ്ങള്‍ ഒഴിവാക്കാമെന്നതിന്റെ മാതൃകയും മോക്ഡ്രില്ലിന്റെ ഭാഗമായി ചിത്രീകരിക്കും. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യൂണിഫോം ധരിച്ച് വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകും വിധത്തിലാണ് ഡ്രില്‍. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഡ്രില്‍ കാണാനുള്ള അവസരമുണ്ടായിരിക്കും.

ALSO READ  ഉത്തര്‍ പ്രദേശില്‍ പോലീസിന്റെ മുന്നില്‍ വെച്ച് പ്രതിയെ ജനക്കൂട്ടം തല്ലിക്കൊന്നു