Connect with us

Malappuram

വെങ്ങളം- പൊന്നാനി തീരദേശപാത ജനവാസ മേഖലയിലൂടെ തിരിച്ച് വിടാന്‍ നീക്കം

Published

|

Last Updated

മലപ്പുറം: ഭൂമാഫിയക്ക് വേണ്ടി നിര്‍ദിഷ്ട വെങ്ങളം- പൊന്നാനി തീരദേശപാതയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തി ജനവാസ മേഖലയിലൂടെ തിരിച്ചുവിടാന്‍ ശ്രമിക്കുന്നതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രഖ്യാപിച്ച പദ്ധതി രൂപരേഖയില്‍ നിന്ന് വ്യതിചലിച്ച് 11 കിലോ മീറ്ററിലധികം അധികപാത നിര്‍മിച്ചാണ് ജില്ലയിലെ തീര പ്രദേശത്തെ ചില ഭൂമാഫിയകള്‍ക്ക് കൂട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം. ഇതിന് ജില്ലയിലെ ചില ഉന്നത ലീഗ് നേതാക്കളുടെ സജീവ പിന്തുണയുമുണ്ടെന്നും അവര്‍ പറഞ്ഞു. 
കോഴിക്കോട് ജില്ലയിലെ വെങ്ങളത്ത് നിന്നാരംഭിച്ച് മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ അവസാനിക്കേണ്ട 55 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത ചമ്രവട്ടം പാലം വഴി തിരിച്ച് വിടാനാണ് ആലോചന. നേരത്തെ ഇത് താനൂരില്‍ നിന്ന് ടിപ്പുസുല്‍ത്താന്‍ റോഡ് വഴി പടിഞ്ഞാറെക്കര എത്തുകയും തുടര്‍ന്ന് അഴിമുഖത്ത് പാലം നിര്‍മിച്ച് പൊന്നാനിയുമായി കൂട്ടിച്ചേര്‍ക്കാനുമാണ് തീരുമാനിച്ചിരുന്നത്. ഈ പദ്ധതിയില്‍ സര്‍ക്കാറിന് അധികം സ്ഥലം ഏറ്റെടുക്കേണ്ടതായി വരുന്നില്ല. എന്നാല്‍, പുതിയ പദ്ധതി പ്രകാരം കൂട്ടായി ആശാന്‍പടിയില്‍ നിന്ന് വഴി തിരിച്ച് വിട്ട് 11 കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ച് ചമ്രവട്ടം പാലവുമായി ബന്ധപ്പെടുത്താനാണ് നീക്കം നടക്കുന്നത്.
ജനനിബിഡമായ പ്രദേശത്തുകൂടിയാണ് 30 മീറ്റര്‍ വീതിയില്‍ പാത വരിക എന്നതിനാല്‍ ഈ പ്രദേശത്ത 200ല്‍ അധികം വീടുകള്‍ പൊളിച്ച് മാറ്റേണ്ടിയും ഇവരെ പുനരധിവസിപ്പിക്കേണ്ടിയും വരും. പാതയുടെ പേര് മാറ്റി വല്ലാര്‍പ്പാടം വെങ്ങളം കണ്ടെയ്‌നര്‍ ഇടനാഴി എന്നാക്കി മാറ്റിയതും ഇതിന്റെ ഭാഗമായാണ്. ഇതില്‍ ഭൂരിഭാഗവും ജനസാന്ദ്രത ഏറിയ പ്രദേശത്താണ്. നൂറുകണക്കിന് ഏക്കര്‍ നെല്‍വയലും കൃഷിഭൂമിയും അപ്രത്യക്ഷമാകും. തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളും നിറഞ്ഞ പൊന്നാനിപ്പുഴയുടെയും കനോലി കനാലിന്റെയും ഓരങ്ങള്‍ നാശോന്മുഖമാകും. ചമ്രവട്ടം അങ്ങാടി അപ്രത്യക്ഷമാകും. തൃപ്രങ്ങോട് പഞ്ചായത്തിലെ മുക്കാല്‍ ഭാഗം നെല്‍കൃഷിയെയും ഇത് ദോഷമായി ബാധിക്കും. പൊന്നാനിപ്പുഴയ്ക്ക് സമീപത്തെ ഏതാനും ഭൂവുടമകളുടെയും ഭൂമാഫിയകളുടെയും താത്പര്യത്തിന് വഴങ്ങിയാണ് ഇത്തരം നീക്കം നടക്കുന്നതെന്നാണ് ആരോപണം. പാത തിരിച്ച് വിടാന്‍ ഉദ്ദേശിക്കുന്നതിന്റെ ആരംഭ പ്രദേശമായ വെട്ടം ഭാഗത്ത് വില കുറഞ്ഞ ചതുപ്പ് നിലമാണുള്ളത്. മുമ്പ് ചകിരി പൂഴ്ത്തിയിരുന്ന നൂറിലധികം ഏക്കര്‍ കണക്കിന് നിലങ്ങളായിരുന്നു ഇത്.
പാത ഈ വഴി വന്നാല്‍ നിലവില്‍ തുച്ഛമായ വിലയുള്ള പ്രദേശത്തെ ഭൂമിക്ക് ലക്ഷങ്ങളാകും കിട്ടുക. മാത്രമല്ല, കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും റിസോര്‍ട്ടുകളും നിര്‍മിക്കാനും സാധിക്കും. തീരദേശ പാതയും ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജും വ്യത്യസ്ത പദ്ധതികളാണ്. ചമ്രവട്ടം പദ്ധതി കണ്ടെയ്‌നര്‍ പാതക്ക് അനുയോജ്യമായ വീതിയിലല്ല നിര്‍മിച്ചിട്ടുള്ളത്. നടപ്പാത കഴിച്ചാല്‍ 7.5 മീറ്റര്‍ വീതി മാത്രമാണുള്ളത്. ഇത് കണ്ടെയ്‌നര്‍ ഹൈവേക്ക് അനുയോജ്യമല്ല. പടിഞ്ഞാറെക്കരയില്‍ അഴിമുഖത്തിന് സമാന്തരമായി പാലം നിര്‍മ്മിച്ച് പാത പൂര്‍ത്തിയാക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പടിഞ്ഞാരെക്കരയില്‍ പാലം നിര്‍മ്മിക്കാമെന്ന് കിറ്റ്‌കോ അടക്കമുള്ള സ്ഥാപനങ്ങള്‍ നടത്തിയ സര്‍യില്‍ വ്യക്തമാക്കിയതുമാണ്. ഇത് പൊന്നാനി തുറമുഖത്തിന്റൈ വളര്‍ച്ചക്കും ഏറെ സഹായകമാകും. പടിഞ്ഞാറെക്കര ബീച്ച് ടൂറിസം പദ്ധതിക്കും ഈ പാത ഗുണം ചെയ്യും.
ഇതിന് പകരം പടിഞ്ഞാറെക്കരയ്ക്ക് എട്ട് കിലോമീറ്റര്‍ മുമ്പില്‍ നിന്ന് ജനസാന്ദ്രതയേറിയ തൃപ്രങ്ങോട്, മംഗലം, വെട്ടം എന്നിവിടങ്ങളിലൂടെ പാത നിര്‍മിക്കാനാണ് പദ്ധതി. അധികച്ചിലവും യാഥാര്‍ത്ഥ്യമാക്കാനുള്ള കാലതാമസവും സൃഷ്ടിച്ച് പൊന്നാനിപ്പുഴക്കും കനോലി കനാലിനും കുറുകേ രണ്ട് പാലങ്ങള്‍ അധികമായി നിര്‍മിക്കേണ്ടിയും സ്ഥലമേറ്റെടുപ്പ് പൊല്ലാപ്പാവുകയും ചെയ്യും.
ജനവാസ മേഖലയിലൂടെ വഴി തിരിച്ച് വിടാനുള്ള നീക്കത്തിനെതിരെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഈമാസം 20ന് രാവിലെ 10ന് മംഗലം പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. പി യു സി എന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.പി എ പൗരന്‍ ഉദ്ഘാടനം ചെയ്യും. പാത വഴിതിരിച്ച് വിടുന്ന തീരുമാനം വന്നപ്പോള്‍ ഇത് പഞ്ചായത്ത് കമ്മിറ്റി ചര്‍ച്ച ചെയ്യുകയോ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായി ചര്‍ച്ചക്ക് തയ്യാറാകുകയോ ചെയ്തില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ വി പി മുഹമ്മദ് അഷ്‌റഫ്, റൂയേഷ് കോഴിശ്ശേരി, കെ സെയ്താലിക്കുട്ടി, ആര്‍ എം ബഷീര്‍, കെ വി ലത്തീഫ് എന്നിവര്‍ അറിയിച്ചു.