Connect with us

Kozhikode

കൊയിലാണ്ടിയുടെ മുഖഛായ മാറ്റി മേല്‍പ്പാലം 20ന് തുറക്കും; ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന് ആശങ്ക

Published

|

Last Updated

കൊയിലാണ്ടി: കാത്തിരിപ്പിനൊടുവില്‍ കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലം ഗതാഗതത്തിന് സജ്ജമാകുന്നു. ഈ മാസം 20ന് രാവിലെ 9.30ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പാലത്തിന്റെ അവസാനഘട്ട പ്രവൃത്തികള്‍ നടത്തുന്നതിന് രാപ്പകല്‍ ഭേദമന്യേ തൊഴിലാളികള്‍ ജോലി ചെയ്തുവരികയാണ്. 
നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് റെയില്‍വേ മേല്‍പ്പാലം പദ്ധതി നടപ്പാക്കിയത്. മുത്താമ്പി റോഡിലെ റെയില്‍വേ ഗേറ്റും സംസ്ഥാന പാതയിലെ റെയില്‍വേ ഗേറ്റും ഒഴിവാക്കി “വൈ” ആകൃതിയിലാണ് പാലം നിര്‍മിച്ചിട്ടുള്ളത്. ഗതാഗതത്തിനായി പാലം തുറന്നുകൊടുക്കുന്നതോടെ കൊയിലാണ്ടി ടൗണില്‍ ഗതാഗത തടസ്സമുണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
നിലവില്‍ ജില്ലയില്‍ തന്നെ ഏറ്റവും രൂക്ഷമായ ഗതാഗതകുരുക്ക് അനുഭവിക്കുന്ന കൊയിലാണ്ടി പട്ടണത്തിന് ഇനി ശ്വാസംമുട്ടുമെന്നുറപ്പ്. റെയില്‍വേ ഗേറ്റ് അടക്കുന്നത് മൂലം നേരിടുന്ന പ്രയാസങ്ങള്‍ ഒഴിവാകുമെന്നതൊഴിച്ചാല്‍, മേല്‍പ്പാലത്തിന്റെ ഫലം യാത്രക്കാര്‍ക്ക് ഉണ്ടാകില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മേല്‍പ്പാലം വഴി എത്തുന്ന വാഹനങ്ങള്‍ കൂട്ടത്തോടെ ദേശീയപാതയിലേക്കാണ് കയറുക. പ്രവേശനം ഒറ്റ വഴിയില്‍ മാത്രമായതിനാല്‍ അക്ഷരാര്‍ഥത്തില്‍ ഗതാഗ തടസ്സം തന്നെയായിരിക്കും ഫലം. ദേശീയപാതക്ക് വീതി കൂട്ടി പ്രശ്‌നപരിഹാരം കാണുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും ഇതിനുള്ള നീക്കങ്ങളൊന്നും നടന്നിട്ടില്ല. മേല്‍പ്പാലം വഴി കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ബുദ്ധിമുട്ടാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പാലത്തില്‍ ഫുട്പാത്തുകള്‍ ഇല്ലാത്തതാണ് ദുരിതമാവുക.
മേല്‍പ്പാലത്തില്‍ വാഹനങ്ങളുടെ വേഗത 30 കിലോമീറ്ററില്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും അപകട സാധ്യതയും അസ്ഥാനത്തല്ല. ഏതായാലും ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും പാലം യാഥാര്‍ഥ്യമായതില്‍ നാട്ടുകാര്‍ ആഹ്ലാദിക്കുകയാണ്.
മേല്‍പ്പാലത്തില്‍ ചുങ്കം പിരിക്കാനായി താമരശ്ശേരി റോഡിലും മുത്താമ്പി റോഡിലും ടോള്‍ ബൂത്തുകള്‍ ഉണ്ടാകും. ടോള്‍ പിരിവിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ടൗണിലെ ടാക്‌സി വാഹനങ്ങള്‍ക്ക് ചുങ്കം ഏര്‍പ്പെടുത്തരുതെന്ന ആവശ്യവും ശക്തമാണ്. ആറ് കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍ പിരിവ് നിയമവിരുദ്ധമാണെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.