Connect with us

Articles

സമൃദ്ധി നിറഞ്ഞ സുരക്ഷിത കേരളത്തിനായ്‌

Published

|

Last Updated

കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രശ്‌നങ്ങളാണ് വികസനവും സുരക്ഷിതത്വവും. ഒരു കാലത്ത് ഭാരതത്തിലെ ഏറ്റവും സമൃദ്ധി നിറഞ്ഞ പ്രദേശമായിരുന്നു കേരളം. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് സ്വകാര്യ മേഖലയിലും പൊതുമേഖലയിലും പല വ്യവസായങ്ങളും ഇവിടെ നിലവില്‍ വന്നിരുന്നു.
നാണ്യവിളകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവകൊണ്ട് പേര്‍ഷ്യന്‍ രാജ്യങ്ങളെയും ബ്രിട്ടീഷുകാരെയും ഇന്ത്യയിലേക്കാകര്‍ഷിച്ചത് കേരളമാണ്. സുസ്ഥിരവികസനപ്രക്രിയയിലൂടെ “ദൈവത്തിന്റെ സ്വന്തം നാടാ”യ കേരളത്തെ ഇന്ത്യയിലെ സ്വര്‍ഗമാക്കി മാറ്റാന്‍ നമുക്കു കഴിയുമായിരുന്നു. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ ആ ദിശയില്‍ മുന്നോട്ടു പോകുന്നതില്‍ കുറ്റകരമായ അമാന്തമാണ് നമ്മുടെ ഭാഗത്തുനിന്നുണ്ടായത്. അതോടൊപ്പം, ആധുനികീകരണത്തെ അകാരണമായി എതിര്‍ക്കുന്ന ചില രാഷ്ട്രീയകക്ഷികളുടെ നടപടികളും വികസനത്തിന്റെ ചിറകരിഞ്ഞ് നമ്മെ പിന്നോട്ടു വലിച്ചു. ഒരൊറ്റ ഉദാഹരണം മാത്രം ഇവിടെ ചൂണ്ടിക്കാട്ടാം. ഐ ടി വികസനത്തിനു തുടക്കം കുറിച്ചുകൊണ്ട് ദക്ഷിണേന്ത്യയില്‍ കേരളമാണ് ടെക്‌നോപാര്‍ക്ക് സ്ഥാപിക്കുന്നത്. എന്നാല്‍, പ്രസ്തുത മേഖലയില്‍ ഇതര ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേരളത്തെ മറികടന്നു മുന്നോട്ടു കുതിക്കുന്ന കാഴ്ചയാണ് പിന്നീട് നാം കാണുന്നത്. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ ഒരു സംസ്ഥാനത്താണ് ഈ അനാസ്ഥ ഉണ്ടായതെന്നോര്‍ക്കണം.
അതുപോലെ, കേരളത്തെ ജീവിതഗുണനിലവാരത്തിന്റെ കാര്യത്തില്‍ ആഗോള പ്രശസ്തിയിലേക്കുയര്‍ത്തിയ “കേരള മോഡലി”ന്റെ സ്ഥിതി ഇന്നെന്താണ്? കേരള മോഡലിന്റെ നിറം മങ്ങി എന്നു മാത്രമല്ല, ആരോഗ്യ-വിദ്യാഭ്യാസമേഖലകളില്‍ കാലോചിതമായി മുന്നേറാന്‍ നമുക്കാകുന്നില്ല. ഇന്ന് കാര്‍ഷികോത്പന്നങ്ങള്‍ക്കായാലും വ്യാവസായികോത്പന്നങ്ങള്‍ക്കായാലും നാം അയല്‍സംസ്ഥാനങ്ങളെ ആവശ്യത്തിലേറെ ആശ്രയിക്കുന്നു. കുറേക്കൂടി കഴിയുമ്പോള്‍ അവിടെയും ദൗര്‍ലഭ്യം അനുഭവപ്പെടാം. ഇങ്ങനെ നമ്മുടെ ഉത്പാദനത്തിന്റെ ഗ്രാഫ് താഴേക്കു പോകുമ്പോള്‍, സേവനരംഗത്തു മാത്രമാണ് രജതരേഖകള്‍ ദൃശ്യമാകുന്നത്. ഇതിന്റെയൊക്കെ പ്രത്യാഘാതം നമുക്ക് അനുഭവപ്പെടാതിരിക്കുന്നത് ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് കൊണ്ടു മാത്രമാണ്. ഗള്‍ഫ് നാടുകളിലെ പുതിയ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ ഗള്‍ഫ് പണപ്രവാഹം ഭാവിയില്‍ ശുഷ്‌കിച്ചു വരികയാണ്.
ഇതിന് പരിഹാരം കേരളത്തിന്റെ സുസ്ഥിരവികസനം ലക്ഷ്യമാക്കിയുള്ള ആസൂത്രിതമായ നടപടികളാണ്. കേരളത്തില്‍ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ സൃഷ്ടിക്കപ്പെടണം. ഇന്നുള്ള മനുഷ്യവിഭവശേഷി നാം കയറ്റുമതി ചെയ്യുകയാണ്. അതിനു പകരമായി യുവജനശക്തി ഇവിടെത്തന്നെ ഉപയോഗപ്പെടുത്തി സാമ്പത്തികവളര്‍ച്ച കൈവരിക്കുന്നതിനുള്ള നിരന്തരപരിശ്രമം ഉണ്ടാകണം. കൃഷി, വ്യവസായം, ടൂറിസം, ഐ ടി, ആരോഗ്യം, സേവനം തുടങ്ങിയ മേഖലകളില്‍ ഏറെക്കാര്യങ്ങള്‍ നമുക്കു ചെയ്യാനുണ്ട്.
വിഭവങ്ങളുടെ ശോഷണം, വിലയിലെ ചാഞ്ചാട്ടം, ഭൂമിദൗര്‍ലഭ്യം, ആവശ്യത്തിനു വൈദ്യുതി ലഭിക്കായ്ക, പരിസ്ഥിതി പ്രശ്‌നങ്ങള്‍ തുടങ്ങി പല തടസ്സങ്ങളും നമ്മെ തുറിച്ചുനോക്കുന്നുണ്ട്. ഭൂമി ഇന്ന് വന്‍കിട ഭൂമാഫിയകള്‍ വ്യാപകമായി കൈവശപ്പെടുത്തുകയാണ്. ഒപ്പം കൃത്രിമമായി വിലയുയര്‍ത്തുകയും ചെയ്യുന്നു. സാധാരണക്കാര്‍ക്ക് ഭൂമി അപ്രാപ്യമാകുന്ന അവസ്ഥയിലേക്ക് അതിവേഗം നാം നീങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് പട്ടികജാതി, പട്ടികവര്‍ഗക്കാര്‍, മത്സ്യത്തൊഴിലാളികള്‍, മറ്റു പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ എന്നിവര്‍ക്ക് ഭാവിയില്‍ ഭൂമി കിട്ടാനേ പോകുന്നില്ല. ഗോവ, ഹിമാചല്‍പ്രദേശ്, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഭൂമി വിലയ്ക്കു വാങ്ങാന്‍ വിലക്കുണ്ട്. കര്‍ണാടകയില്‍ കൃഷിഭൂമി കൃഷിക്കാരല്ലാത്തവര്‍ക്കു വാങ്ങാന്‍ സാധ്യമല്ല. അത്തരം നിയമനിര്‍മാണത്തിന് നമ്മളും നിര്‍ബന്ധിതരായിത്തീരുമെന്നാണ് തോന്നുന്നത്.
പദ്ധതികള്‍ സംബന്ധിച്ച് “സുസ്ഥിരവികസന റിപ്പോര്‍ട്ട്” തയ്യാറാക്കണം. ഓരോ ഘട്ടവും സോഷ്യല്‍ റിപ്പോര്‍ട്ടിംഗിനും സോഷ്യല്‍ ഓഡിറ്റിംഗിനും വിധേയമാക്കണം. ജനാഭിപ്രായത്തിന് സ്ഥാനം നല്‍കണം. സര്‍വതലസ്പര്‍ശിയായ വികസനമാണ് നാമിപ്പോള്‍ വിഭാവനം ചെയ്യുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍ക്ക്, പ്രത്യേകിച്ച് പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍, മറ്റു പാര്‍ശ്വവല്‍കൃതവിഭാഗങ്ങള്‍ എന്നിവര്‍ക്കു കൂടി വികസന, ക്ഷേമപരിപാടികളുടെ ഗുണഫലം ലഭ്യമാകുന്ന നടപടികളാണ് ഉണ്ടാകേണ്ടത്. സമ്പദ്‌വിതരണത്തിന്റെ ഇന്നത്തെ അസന്തുലിതാവസ്ഥ മാറി സമീകൃത സമ്പദ്‌വിതരണം ഉണ്ടായാലേ ഇതു സാധിക്കൂ.
ഓരോ പദ്ധതിയും പിന്നാലെ വരുന്ന സര്‍ക്കാരുകള്‍ മുന്നോട്ടു കൊണ്ടുപോകണം. പ്രതിപക്ഷ കക്ഷികള്‍ അന്ധമായ, രാഷ്ട്രീയനേട്ടങ്ങള്‍ ലക്ഷ്യമാക്കിയുള്ള എതിര്‍പ്പുകള്‍ ഉപേക്ഷിക്കണം. കൊളോണിയല്‍ മേധാവിത്വത്തിനെതിരെയും ചൂഷകവര്‍ഗത്തിനെതിരെയും ഒരു കാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന സമരരീതികള്‍ക്ക് ഇന്നത്തെക്കാലത്ത് യാതൊരു പ്രസക്തിയുമില്ല. മാത്രമല്ല, ഇന്നത്തെ ചെറുപ്പക്കാരെ അരാഷ്ട്രീയതയിലേക്കു നയിക്കുന്നത് പഴകിത്തുരുമ്പിച്ച ഈ വീക്ഷണമാണ്. അരാഷ്ട്രീയത ജനാധിപത്യ സമ്പ്രദായത്തിന്റെ കടയ്ക്കല്‍ കത്തിവെക്കും. രാഷ്ട്രീയകക്ഷികളില്‍നിന്നും സര്‍ക്കാരില്‍നിന്നും ജനങ്ങള്‍ ഇന്ന് പ്രതീക്ഷിക്കുന്നത് ഉടനടിയുള്ള നടപടികളാണ്; ഉടനടിയുള്ള ഫലങ്ങളാണ്. വാഗ്ദാനങ്ങളില്‍ അവര്‍ക്കു വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് കേരളത്തെ ഇന്ത്യയിലെ ഏറ്റവും ശക്തമായ സംസ്ഥാനമാക്കി മാറ്റുന്നതിന്, സുസ്ഥിരവികസനം, സര്‍വതലസ്പര്‍ശിയായ വികസനം അനിവാര്യമാണ്.
കേരളീയസമൂഹത്തിന്റെ മുഖച്ഛായ അടുത്തകാലത്തായി പാടേ മാറിയിരിക്കുന്നു. ഇത് അങ്ങേയറ്റം ദുഃഖകരമാണ്. മാനവികതയുടെ മഹനീയതക്ക് തേയ്മാനം സംഭവിച്ചിരിക്കുന്നു. മനുഷ്യര്‍ തമ്മിലുള്ള വിശ്വാസത്തിന് കോട്ടംതട്ടിയിരിക്കുന്നു. അക്രമം, കൊലപാതകം, കൊള്ള, പിടിച്ചുപറി, മാഫിയാപ്രവര്‍ത്തനങ്ങള്‍ എന്നിവ പെരുകുന്നു. “മാവേലിനാടെ”ന്ന ഒരു മാതൃകാനാടിന്റെ അനന്തരാവകാശികളാണ് നമ്മള്‍. ആ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു സംവാദത്തിനും ഈ “കേരളയാത്ര” അവസരമൊരുക്കും. അതോടൊപ്പം, കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തിലെ യു. ഡി എഫ്. സര്‍ക്കാരും ഡോ. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായുള്ള കേന്ദ്ര സര്‍ക്കാറും നടപ്പിലാക്കിയ വിവിധ വികസന, ക്ഷേമ പരിപാടികളെപ്പറ്റിയുള്ള വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും ഈ “കേരളയാത്ര” ഉപയോഗപ്പെടുത്തും.
“സമൃദ്ധകേരളം സുരക്ഷിതകേരളം” എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള “കേരളയാത്ര” ഇന്ന് മുതല്‍ മെയ് 18 വരെ നടക്കുകയാണ്. കെ പി സി സി പ്രസിഡന്റ് നയിക്കുന്ന “കേരളയാത്ര” കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരത്തെ ഹൊസങ്കടിയില്‍നിന്നാരംഭിച്ച് 140 നിയോജകമണ്ഡലങ്ങളിലൂടെയും കടന്ന് തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയില്‍ സമാപിക്കും.

Latest