Connect with us

Editorial

പുതിയ ഹജ്ജ് നയം

Published

|

Last Updated

siraj copyകേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ ഹജ്ജ് നയത്തിന് ചില ഭേദഗതികളോടെ സുപ്രീം കോടതി അംഗീകാരം നല്‍കിയിരിക്കയാണ്. പൊതുവെ സ്വാഗതാര്‍ഹമെങ്കിലും ഹജ്ജ് തീര്‍ഥാടകരെ ആശങ്കയിലാക്കുന്ന ചില നിര്‍ദേശങ്ങളും പുതിയ ഹജ്ജ് നയത്തിലുണ്ട്. പത്ത് വര്‍ഷത്തിനകം ഘട്ടം ഘട്ടമായി ഹജ്ജ് സബിസിഡി നിര്‍ത്തലാക്കണമെന്ന നിര്‍ദേശമാണ് അതിലൊന്ന്. നേരത്തെയുണ്ടായിരുന്ന ഹജ്ജ് കപ്പല്‍ സര്‍വീസ് നിര്‍ത്തല്‍ ചെയ്തപ്പോഴാണ് സര്‍ക്കാര്‍ ഹജ്ജ് വിമാന നിരക്കില്‍ സബ്‌സിഡി പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നാക്കമായ സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ സഹായകരമായിരുന്നു കപ്പല്‍ സര്‍വീസ്. ഇത് നിര്‍ത്തിയതിനെ തുടര്‍ന്ന് ഉയര്‍ന്ന പ്രതിഷേമാണ് കപ്പല്‍ സര്‍വീസിനേക്കാള്‍ കൂടുതല്‍ വിമാനത്തിന് വരുന്ന നിരക്ക് സബ്‌സിഡിയായി നല്‍കാന്‍ പ്രചോദകം. സബ്‌സിഡി നിര്‍ത്തല്‍ ചെയ്യുന്നത് വളരെ പ്രയാസപ്പെട്ട് പണം സ്വരൂപിച്ചു ഹജ്ജിന് തയാറെടുക്കുന്ന സാധാരണക്കാരന് തിരച്ചടിയാകും.
എന്നാല്‍ ഹജ്ജ് സബ്‌സിഡിക്കെതിരെ സംഘ്പിരവാറിനെ പോലുള്ള മുസ്‌ലിംവിരുദ്ധരും മതനിരാസ പ്രസ്ഥാനങ്ങളും ശക്തമായി രംഗത്തു വന്നിട്ടുണ്ട്. മുസ്‌ലിംകളുടെ മതാചാരമായ ഹജ്ജിന് പൊതുഖജാനാവില്‍ നിന്ന് തുക അനുവദിക്കുന്നത് സര്‍ക്കാറിന്റെ മുസ്‌ലിംപ്രീണന നയത്തിന്റെ ഭാഗമാണെന്നും ഇത് നിര്‍ത്തല്‍ ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം. ഹജ്ജിനാവശ്യമായ തുക കൈവശമുളളവര്‍ക്ക് മാത്രമേ അത് നിര്‍ബന്ധമുള്ളുവെന്നതിനാല്‍ മറ്റു സമുദായങ്ങളുടെ എതിര്‍പ്പിന് അവസരം നല്‍കുന്ന ഈ സമ്പ്രാദായം എടുത്തുകളയുന്നത് സമുദായത്തിന് ഗുണകരമയിരിക്കുമെന്ന അഭിപ്രായം മുസ്‌ലിം സമുദായത്തില്‍ നിന്ന് തന്നെ ഉയര്‍ന്നു വന്നിട്ടുമുണ്ട്. സമുദായത്തിന്റെ സജീവ ചിന്തക്ക് വിഷയീഭവിക്കേണ്ടതാണ് ഈ നിര്‍ദേശം.
സബ്‌സിഡി നിര്‍ത്തല്‍ ചെയ്യമ്പോള്‍ തീര്‍ഥാടകര്‍ക്കുണ്ടാകുന്ന അധികച്ചെലവ് ദൂരീകരിക്കുന്നതിന് വിമാനയാത്രക്കൂലി കുറക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ടെന്‍ഡര്‍ ക്ഷണിച്ചായിരിക്കണം വിമാനക്കമ്പനിയെ തിരഞ്ഞെടുക്കേണ്ടതെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഹജ്ജ് സീസണില്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു തീര്‍ഥാടകരെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളുടെ കൊടിയ ചൂഷണത്തിന് അറുതി വരുത്താന്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കാം.
ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഒരാള്‍ക്ക് ഒരു തവണ മാത്രമേ അവസരം നല്‍കാവൂ എന്നതാണ് മറ്റൊരു വ്യവസ്ഥ. ഇത്തരക്കാര്‍ക്ക് സ്വകാര്യ ക്വാട്ടയില്‍ അവസരം നല്‍കണമെന്ന ആവശ്യവും നിരസിച്ച കോടതി വീണ്ടും നിര്‍വഹിക്കണമെന്നുണ്ടെങ്കില്‍ അത് സ്വന്തം നിലയിലാകട്ടെയെന്നാണ് നിര്‍ദേശിച്ചത്. ഹജ്ജ് അപേക്ഷകരുടെ വന്‍തോതിലുള്ള വര്‍ധനവാണ് ഈ വ്യവസ്ഥക്ക് കാരണമെങ്കിലും ഹജ്ജ് മുസ്‌ലിംകളുടെ ഏറ്റവും പുണ്യകരമായ ചടങ്ങുകളിലൊന്നും, മക്ക, മദീന പുണ്യഭൂമികള്‍ പരമാവധി സന്ദര്‍ശിച്ചു പ്രാര്‍ഥന നിര്‍വഹിക്കുന്നത് വിശ്വാസികള്‍ക്ക് ആത്മനിര്‍വൃതിയേകുന്ന കാര്യമാണെന്നുമുള്ള വസ്തുതകള്‍ കണക്കിലെടുത്ത് ഒറ്റത്തവണ വ്യവസ്ഥയില്‍ ഇളവ് പരിഗണിക്കേണ്ടതാണ്. വനിതകള്‍ക്കും എഴുപത് കഴിഞ്ഞവര്‍ക്കും സഹായിയായി ഹജ്ജ് നിര്‍വഹിക്കാത്തവരെ ലഭിക്കാത്ത സാഹചര്യത്തില്‍ നിര്‍വഹിച്ചവരെ സഹായിയായി കൊണ്ടുപോകാന്‍ കോടതി അനുമതി നല്‍കുന്നുണ്ട്.
സ്വകാര്യ ഹജ്ജ് യാത്രക്കാരെ സര്‍ക്കാര്‍ നേരിട്ട് തിരഞ്ഞെടുക്കണമെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ആവശ്യം നിരാകരിച്ചു സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ഹാജിമാരെ തിരഞ്ഞെടുക്കാനുളള അവകാശം വകവെച്ചു കൊടുത്ത കോടതി ഇത്തരം ഗ്രൂപ്പുകളെ രണ്ട് കാറ്റഗറിയായി തിരിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത് ചുരുങ്ങിയത് ഏഴ് വര്‍ഷമെങ്കിലും ഹജ്ജ് സര്‍വീസ് നടത്തിയവരാണ് ഒന്നാം കാറ്റഗറിയിലുളളത്. സ്വകാര്യ ക്വാട്ടയില്‍ മൊത്തമുള്ള 45,000 സീറ്റില്‍ 70 ശതമാനം ഇവര്‍ക്കു ലഭിക്കും. ഏഴ് വര്‍ഷത്തില്‍ താഴെയും അഞ്ച് വര്‍ഷത്തിന് മുകളിലുമായി സര്‍വീസ് നടത്തി വരുന്നവരാണ് രണ്ടാം കാറ്റഗറിക്കാര്‍. ബാക്കി വരുന്ന 30 ശതമാനം ക്വാട്ടയാണ് ഇവര്‍ക്ക് അനുവദിക്കുക.
ഹാജിമാര്‍ക്ക് സഊദിയില്‍ താമസ സൗകര്യം ഒരുക്കുന്ന കമ്മിറ്റി പുനഃസംഘടിപ്പിക്കല്‍, സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തല്‍, തീര്‍ഥാടകരുടെ പരാതി പരിഹരിക്കുന്നതിനുള്ള സംവിധാനം തുടങ്ങിയവയാണ് ഹജ്ജ് നയത്തിലെ മറ്റു വ്യവസ്ഥകള്‍. ഇതോടൊപ്പം സര്‍ക്കാറിന്റെ വിവേചനാധികാരമുപയോഗിച്ച് അനുവദിക്കാവുന്ന സീറ്റുകളുടെ എണ്ണം 300 ആയും പ്രധാന മന്ത്രിയുടെ ഹജ്ജ് സൗഹൃദ സംഘത്തിന്റെ അംഗസംഖ്യ രണ്ടായും ചുരുക്കണമെന്ന് കോടതി നേരത്തെ നല്‍കിയ നിര്‍ദേശം നിലനിര്‍ത്തിയിട്ടുമുണ്ട്. സൗഹൃദ സംഘത്തെ അയക്കുന്ന നടപടി അനാവശ്യമാണെന്നാണ് കോടതിയുടെ നിരീക്ഷണം. മതകാര്യങ്ങളില്‍ നിഷ്ഠയില്ലാത്ത രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും പല തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചവരുമാണ് പലപ്പോഴും ഈ സംഘത്തിലുണ്ടാകാറുള്ളതെന്നതിനാല്‍ കോടതിയുടെ നിരീക്ഷണം വസ്തുതാപരവുമാണ്.

Latest