Connect with us

Kerala

ഹയര്‍ സെക്കന്‍ഡറി പാഠ്യ പദ്ധതി പരിഷ്‌കരിക്കണം: ലബ്ബ കമ്മിറ്റി

Published

|

Last Updated

തിരുവനന്തപുരം:കാലങ്ങളായി മാറ്റം വരുത്താത്ത ഹയര്‍സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി തലത്തിലെ പാഠ്യപദ്ധതിയും സിലബസും പാഠപുസ്തകങ്ങളും അടിയന്തരമായി പരിഷ്‌കരിക്കണമെന്ന് പ്രൊഫ. ലബ്ബ കമ്മിറ്റി റിപ്പോര്‍ട്ട്. ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളിലെ പ്രവൃത്തി ദിവസം അഞ്ചായി പുന:ക്രമീകരിക്കണമെന്നും 11-ാം ക്ലാസ് വാര്‍ഷിക പരീക്ഷ എസ് സി ഇ ആര്‍ ടി സിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ തലത്തില്‍ നടത്തണമെന്നും കമ്മീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഹയര്‍ സെക്കന്‍ഡറി മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാനാണ് പ്രൊഫ. പി ഒ ജെ ലബ്ബ അധ്യക്ഷനായ നാലംഗ സമിതിയെ ചുമതലപ്പെടുത്തിയത്. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലിന്റെ അധ്യാപന ജോലി സമയം അഞ്ച് മണിക്കൂറായി നിജപ്പെടുത്തണമെന്നും കമ്മിറ്റി ശിപാര്‍ശ ചെയ്യുന്നു. ഹയര്‍ സെക്കന്‍ഡറിയില്‍ പ്രവൃത്തി ദിനം കുറക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ചെയ്യുമെന്നും എന്നാല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ പ്രവര്‍ത്തിദിനം ആറായി തന്നെ തുടരണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.
ഒരു ബാച്ചില്‍ 40 വിദ്യാര്‍ഥികള്‍ എന്ന അനുപാതം പാലിക്കണം. 50 കുട്ടികളെ ഒരു ക്ലാസിലിരുത്തി പഠിപ്പിക്കേണ്ട സ്ഥിതിയുണ്ടായാല്‍ പുതിയ ബാച്ച് രൂപവത്കരിക്കണം. ഹയര്‍ സെക്കന്‍ഡറിയിലും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയിലും ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് വിഭാഗം (ക്യു ഐ സി) രൂപവത്കരിച്ച് കുട്ടികളുടെ പഠനവും അക്കാദമിക സൗകര്യങ്ങളും കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കണം. ഓരോ സ്‌കൂളിലെയും പഠന, അടിസ്ഥാന സൗകര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഡയറക്ടറേറ്റ് തലത്തിലും റീജ്യണല്‍ ഡയറക്ടറേറ്റ് തലത്തിലും മോണിറ്ററിംഗ് സെല്‍ രൂപവത്കരിക്കണം.
അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ഏകോപിപ്പിക്കുന്നതിനുമായി എസ് സി ഇ ആര്‍ ടിയില്‍ ഹയര്‍ സെക്കന്‍ഡറി അക്കാദമിക വിഭാഗം രൂപവത്കരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നല്‍കുന്നതിന് സമാനമായി ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും പി എച്ച് ഡി നേടുന്നവര്‍ക്ക് രണ്ട് ഇന്‍ക്രിമെന്റ് നല്‍കാവുന്നതാണ്. അധ്യാപകര്‍ക്കുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് കാലോചിതമായി പരിഷ്‌കരിക്കണം. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കരിയര്‍ ഗൈഡന്‍സും കൗണ്‍സലിംഗും ഏര്‍പ്പെടുത്തണം. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ കല ഒരു വിഷയമായി പഠിപ്പിക്കുകയും മറ്റ് സ്‌കൂളുകളില്‍ ആവശ്യാനുസരണം പി ടി എയുടെ സഹായത്തോടെ താത്കാലിക അധ്യാപകരെ നിയോഗിച്ച് പരിശീലനം നല്‍കുകയുംവേണം.
സാംസ്‌കാരിക ബോധം വളര്‍ത്തുന്നതിനായി പൗരധര്‍മം, പരിസ്ഥിതി സംരക്ഷണം, ഊര്‍ജ, ജല മാനേജ്‌മെന്റ്, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സൗഹൃദ വിദ്യാഭ്യാസം, റോഡ് സുരക്ഷാ സംവിധാനം, ലിംഗനീതി ഉറപ്പാക്കല്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, കുട്ടികളുടെ അവകാശ സംരക്ഷണം എന്നീ മേഖലകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ കൂടുതല്‍ മേഖലാ ഓഫീസുകള്‍ അനുവദിക്കണം. ഹയര്‍ സെക്കന്‍ഡറിയില്‍ ജൂനിയര്‍ ടീച്ചറായി സേവനം അനുഷ്ഠിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യോഗ്യതയും ജോലിയിലെ വികസനവും കണക്കിലെടുത്ത് ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ ആയി സ്ഥാനക്കയറ്റം നല്‍കണം എന്നതും നിര്‍ദേശങ്ങളില്‍ പെടുന്നു.
അധ്യാപകേതര ജീവനക്കാരുടെ കുറവ് എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി കമ്മിറ്റി കണ്ടെത്തി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒരു ക്ലര്‍ക്ക്, ഒരു പ്യൂണ്‍ എന്നീ തസ്തികകള്‍ അനുവദിക്കണം. ലൈേബ്രറിയന്‍ പോലുള്ള തസ്തികകളിലേക്കും നിയമനം നടത്തണം. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന് സ്ഥിര ഭരണ സംവിധാനം ഏര്‍പ്പെടുത്തണം. ഒമ്പതാം ശമ്പള പരിഷ്‌കരണം ഉത്തരവിലൂടെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ കാര്യത്തില്‍ ഉണ്ടായ അപാകങ്ങള്‍ പരിഹരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. പ്രൊഫ.പി ഒ ജെ ലബ്ബ ചെയര്‍മാനും എസ് ഇ ആര്‍ ടി ഡയറക്ടര്‍ പ്രൊഫ.കെ എ ഹാഷിം കണ്‍വീനറും പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍, കെ ജി സുകുമാര പിള്ള എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

 

---- facebook comment plugin here -----

Latest