ഗാഡ്ഗില്‍ സമിതി ശുപാര്‍ശകള്‍ക്കെതിരെ കസ്തൂരിരംഗന്‍ സമിതി

Posted on: April 17, 2013 6:00 am | Last updated: April 17, 2013 at 4:15 pm

ന്യുഡല്‍ഹി: ഗാഡ്ഗില്‍ സമിതിയുടെ എല്ലാ ശുപാര്‍ശകളും അംഗീകരിക്കാനാവില്ലെന്ന് കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട്. കമ്മിറ്റിയുടെ ചില ശുപാര്‍ശകള്‍ അപ്രായോഗികമാണെന്നും കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇത്തരത്തിലുള്ള പരാമര്‍ശമുള്ളത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനാണ് കസ്തൂരിരംഗന്‍ അധ്യക്ഷനായ സമിതി.

കാലപഴക്കം ചെന്ന ഡാമുകള്‍ ഡീകമ്മീഷന്‍ ചെയ്യണമെന്ന ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതാണ്. ഇതിനോട് കസ്തൂരിരംഗന്‍ കമ്മിറ്റി വിയോജിപ്പ് രേഖപ്പെടുത്തി. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന പരിസ്ഥിതി പ്രാധാന്യ മേഖല കസ്തൂരി രംഗന്‍ കമ്മിറ്റി മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങളുമായി ഏറ്റുമുട്ടിയല്ല പരിസ്ഥിതി സംരക്ഷിക്കേണ്ടതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ആതിരപ്പള്ളി പദ്ധതിയെ സംബന്ധിച്ച് ഗാഡ്ഗില്‍ കമ്മറ്റി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളോട് കസ്തൂരിരംഗന്‍ കമ്മറ്റിയും യോജിക്കുന്നുണ്ടെന്നാണ് വിവരം.

വനം പരിസ്ഥിതി മന്ത്രി ഓഫീസില്‍ ഇല്ലാത്തതിനാല്‍ ഇമെയില്‍ വഴിയാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.