ഷാവേസിന്റെ പന്‍ഗാമിയായി മദുറോ വരുമ്പോള്‍

Posted on: April 16, 2013 6:00 am | Last updated: April 15, 2013 at 10:55 pm

പ്രതീക്ഷിച്ചത് പോലെ വെനിസ്വേലയില്‍ ഷാവേസിന്റെ പിന്‍ഗാമിയായി ആക്ടിംഗ് പ്രസിഡന്റ് നിക്കോളസ് മദുറോ തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഒരു കോടി 89 ലക്ഷം വോട്ടര്‍മാരില്‍ 50.66 ശതമാനം പേരുടെ പിന്തുണ മാത്രമേ നേടാനായുള്ളുവെന്നത് മദുറോയുടെ വിജയത്തിന്റെ മാറ്റ് കുറയാനിടയാക്കി. കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഷാവേസിന് എതിര്‍ സ്ഥാനാര്‍ഥിയേക്കാള്‍ പത്ത് ശതമാനം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഇപ്പോഴത്തെ എതിര്‍ സ്ഥാനാര്‍ഥി കാപ്രിലസ് തന്നെയായിരുന്നു അന്ന് ഷാവേസിന്റെയും പ്രതിയോഗി. ഷാവേസിനോട് കടപിടിക്കത്തക്ക വ്യക്തിപ്രഭാവം മദുറോക്കില്ലെങ്കിലും ഷാവേസിന്റെ മരണം സൃഷ്ടിച്ച സഹതാപ തരംഗത്തില്‍ ഇത്തവണ ഭൂരിപക്ഷം വര്‍ധിക്കുമെന്നായിരുന്നു മദുറോ പ്രതിനിധാനം ചെയ്യുന്ന യുനൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അവകാശവാദം.
മദുറോയുടെ വിജയം ഷാവേസിന്റെ അനുയായികള്‍ക്കും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും ആഹഌദം പകരുമ്പോള്‍ അമേരിക്കയെയും സഖ്യകക്ഷികളെയും നിരാശയിലാക്കിയിരിക്കയാണ്. അമേരിക്ക കേന്ദ്രീകൃതമായ മുതലാളിത്ത ലോകത്തിനെതിരെ ഒരു സോഷ്യലിസ്റ്റ് ബദല്‍ കെട്ടിപ്പടുക്കാനാണ് കഴിഞ്ഞ ഒന്നര ദശാബ്ദക്കാലം ഷാവേസ് ശ്രമിച്ചത്. അത് പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഷാവേസിന്റെ ജീവിത കാലത്ത് ഫലം കണ്ടില്ലെങ്കിലും മരണാനന്തരം പ്രയാസമന്യേ ഫലവത്താകുമെന്നായിരുന്നു ബറാക് ഒബാമയുടെയും സഹചാരികളുടെയും പ്രതീക്ഷ. ഈ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി കാപ്രിലോസിന് വേണ്ടി അമേരിക്കയും മാധ്യമ സിന്‍ഡിക്കേറ്റും നന്നായി കളിക്കുകയുമുണ്ടായി. പ്രചാരണത്തിന്റെ അവസാന നാളുകളില്‍ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ഫലം മദുറോക്ക് അനുകൂലമായി കണ്ടതോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. എന്നാല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിജയശതമാനം കഴിഞ്ഞ തവണത്തെ പത്തില്‍ നിന്ന് 1.59 ശതമാനമായി കുറഞ്ഞുവെന്നത് തങ്ങളുടെ ശ്രമം ഫലം കണ്ടുതുടങ്ങിയതിന്റെ ലക്ഷണമായി അവര്‍ക്കാശ്വസിക്കാം.
യുനൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദേശ, സാമ്പത്തിക നയങ്ങള്‍ക്കെതിരെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി കാപ്രിലോസ് ആഞ്ഞടിച്ചത്. കാലഹരണപ്പെട്ട ശാസ്ത്രീയ സോഷ്യലിസ്റ്റ് ചന്താഗതികളില്‍ കടിച്ചു തൂങ്ങിയുള്ള ഷാവേസിന്റെ നയങ്ങള്‍ വെനിസ്വേലയുടെ വികസന സ്വപ്‌നങ്ങളെ പ്രതികൂലമായി ബാധിച്ചെന്നും അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ ഒറ്റപ്പെടുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രത്യയ ശാസത്രപരമായ സങ്കുചിതത്വത്തില്‍ നിന്ന് മേചിതമായി വിദേശ സാമ്പത്തിക നയങ്ങള്‍ ആവിഷ്‌കരിച്ചിരുന്നുവെങ്കില്‍ വികസിത രാഷ്ട്രങ്ങളുടെ മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ എണ്ണ സമ്പത്തില്‍ സമ്പുഷ്ടമായ വെനിസ്വേലക്കാകുമായിരുന്നുവെന്നും അദ്ദേഹം സമര്‍ഥിച്ചു. അത് കുറേയൊക്കെ ഫലം കണ്ടുവെന്നാണ് യുനൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഭൂരിപക്ഷത്തില്‍ സംഭവിച്ച ഇടിവ് വ്യക്തമാക്കുന്നത്.
സോഷ്യലിസ്റ്റ് വിപഌവത്തിന്റെ നായകന്‍ എന്നതിലുപരി അമേരിക്കന്‍ വിരുദ്ധതയുടെ പ്രതീകമായി ഉയരാനായി എന്നതാണ് ഷാവേസിനെ മറ്റു സോഷ്യലിസ്റ്റ് നേതാക്കളില്‍ നിന്ന് വിഭിന്നനാക്കിയതും ആഗോള തലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടാനിടയാക്കിയതും. അദ്ദേഹത്തിന്റെ ഈ വ്യക്തിപ്രഭാവം തിരഞ്ഞെടുപ്പില്‍ മദുറോയുടെ വിജയത്തിന് ഏറെ സഹായകമായിട്ടുണ്ടെന്നതിനാല്‍ അദ്ദേഹത്തിന്റെ മുന്നോട്ടുളള പ്രയാണം ശ്രമകരമായിരിക്കും. അമേരിക്കയുടെ ഏകാധിപത്യ നയങ്ങളോട് വിയോജിക്കുമ്പോള്‍ തന്നെ സാമ്പത്തിക നയങ്ങളില്‍ കുറേക്കൂടി ഉദാരവത്കരണം ആവശ്യമാണെന്ന ചിന്താഗതിക്കാര്‍ രാജ്യത്ത് ധാരാളമുണ്ട്. ഇവരെ അവഗണിച്ചു മുന്നോട്ട് പോകാന്‍ മദുറോക്കാകില്ല. ഷാവേസിന്റെ കാലത്തുമുണ്ടായിരുന്നു ഈ വിഭാഗമെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന് മുമ്പില്‍ അവര്‍ നിശ്ശബ്ദരാകുകയായിരുന്നു. ആജ്ഞാശക്തിയിലും വ്യക്തിപ്രഭാവത്തിലും ഷാവേസില്‍ നിന്ന് ബഹുദൂരം പിന്നിലാണെങ്കിലും യൂനിയന്‍ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്ത് പ്രവേശിച്ചു ഷാവേസിന്റെ മന്ത്രിസഭയില്‍ വിദേശ കാര്യമന്ത്രി, വൈസ് പ്രസിഡന്റ്, ആക്ടിംഗ് പ്രസിഡന്റ് എന്നീ നിലകളിലേക്കുയര്‍ന്നു രാഷ്ട്രീയ മേഖലയില്‍ മികവ് തെളിയിച്ച തന്ത്രജ്ഞനായ ഭരണാധികാരിയാണെന്നത് മദുറോക്ക് ആത്മവിശ്വാസം പകരുന്ന ഘടകമാണ്. ഷാവേസിന്റെ നിഴലില്‍ കൂടുതല്‍ തെളിയാനവസരം ലഭിച്ചില്ലെങ്കിലും ഷാവേസില്ലാത്ത വെനിസ്വേലയില്‍ അദ്ദേഹം കൂടുതല്‍ തിളങ്ങിക്കൂടായ്കയില്ല. ഈ പ്രതീക്ഷയിലാണ് ഷാവേസിന്റെ അനുയായികള്‍.

ALSO READ  സാമ്പത്തിക പതനം പാർലിമെന്റ് ചർച്ച ചെയ്യണം