Connect with us

National

ഗുജറാത്തിലെ ഏഷ്യാറ്റിക് സിംഹങ്ങളെ മധ്യപ്രദേശിലേക്ക് മാറ്റാന്‍ അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗീര്‍ വനത്തില്‍ കഴിയുന്ന ഏഷ്യാറ്റിക് സിംഹങ്ങളെ മധ്യപ്രദേശിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ സുപ്രിം കോടതി അനുമതി നല്‍കി. വംശനാശഭീഷണി നേരിടുന്ന ഇവയ്ക്ക് രണ്ടാമതൊരു ആവാസ വ്യവസ്ഥ വേണമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, സി കെ പ്രസാദ് എന്നിവരടങ്ങിയ ബഞ്ചിന്റെ നടപടി. സിംഹങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് വന്യജിവി വകുപ്പിന് ആറ് മാസത്തെ സമയവും കോടതി അനുവദിച്ചു. നിലവില്‍ ഗുജറാത്തിലെ ഗീര്‍ വനത്തില്‍ 400 ഏഷ്യാറ്റിക് സിംഹങ്ങളാണ് ഉള്ളത്.
ഗുജറാത്തില്‍ നിന്ന് സിംഹങ്ങളെ മധ്യപ്രദേശിലെ പ്രസിദ്ധമായ കുനോ സങ്കേതത്തിലേക്ക് മാറ്റാന്‍ അനുമതി തേടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.
അതേസമയം ആഫ്രിക്കന്‍ ചീറ്റ വിഭാഗത്തില്‍പ്പെട്ട സിംഹങ്ങളെ നമീബിയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പദ്ധതിക്ക് കോടതി അനുമതി നല്‍കിയില്ല. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പ്രാദേശിക ഇനത്തില്‍പ്പെട്ട വൈല്‍ഡ് ബഫല്ലോ, ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാഡ് എന്നിവക്ക് പ്രാമുഖ്യം നല്‍കണമെന്ന് കോടതി നിരീക്ഷിച്ചു.
ആഫ്രിക്കന്‍ ചീറ്റയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് 300 കോടി രൂപയുടെ പദ്ധതിക്കാണ് വനം പരിസ്ഥിതി മന്ത്രാലയം രൂപം നല്‍കിയിരുന്നത്. ഈ പദ്ധതി കഴിഞ്ഞ വര്‍ഷം മേയില്‍ കോടതി സ്‌റ്റേ ചെയ്തിരുന്നു.