അന്യ സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് ആരംഭിച്ചു

Posted on: April 13, 2013 6:00 am | Last updated: April 13, 2013 at 12:25 am

കോയമ്പത്തൂര്‍: മാവോയിസ്റ്റ് നേതാവ് കോയമ്പത്തൂരില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഇവിടെയുള്ള അയല്‍ സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് ആരംഭിച്ചു. താലൂക്കില്‍കണക്കില്‍പെട്ട് മൂവായിരത്തോളം അയല്‍ സംസ്ഥാന തൊഴിലാളികളാണ് പല ഭാഗങ്ങളിലായി ജോലി ചെയ്യുന്നത്.—ഇവിടെയുള്ള മുന്നൂറോളം ചകിരി ഉല്‍പാദന കേന്ദ്രങ്ങള്‍, നൂല്‍ മില്ലുകള്‍, പ്ലാസ്റ്റിക് ഉല്‍പാദന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ തൊഴില്‍ മേഖലകളിലും ഇവരുടെ സാന്നിധ്യമുണ്ട്. തൊഴിലാളി ക്ഷാമം രൂക്ഷമായ പൊള്ളാച്ചിയില്‍ എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും അയല്‍ സംസ്ഥാനക്കാരെയാണ് ആശ്രയിക്കുന്നത്. അയല്‍ സംസ്ഥാനത്തു നിന്നു തൊഴിലാളികളെ കരാര്‍ അടിസ്ഥാനത്തില്‍ ഇവിടെ എത്തിക്കാന്‍ പ്രത്യേക ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബസമേതമാണ് ഇവരില്‍ ഏറെ പേരും ഇവിടെ താമസിക്കുന്നത്.—മാസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനില്‍ മോഷണം, കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ഏഴു പേരെ പൊലീസ് ഇവിടെ നിന്ന് അറസ്റ്റു ചെയ്തിരുന്നു.
ഇഷ്ടിക ചൂളയിലെ തൊഴിലാളികളായിരുന്നു ഇവര്‍ ഏഴു പേരും. ഇവരില്‍ അക്രമ സ്വഭാവം പൊതുവെ കൂടുതലായും കാണുന്നുവെന്നു കൂടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ചകിരി ഉല്‍പാദന കേന്ദ്രത്തില്‍ മറ്റൊരു തൊഴിലാളിയെ വഴക്കിന്റെ പേരില്‍ തല്ലിക്കൊന്നു കിണറ്റില്‍ തള്ളിയിട്ട സംഭവത്തില്‍ ബിഹാര്‍ സ്വദേശിയെ അറസ്റ്റു ചെയ്തിരുന്നു. കൊല്ലപ്പെട്ടയാളും ബിഹാര്‍ സ്വദേശി തന്നെ. വിവിധ തൊഴില്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കുറിച്ച് പട്ടിക തയാറാക്കിയതായി പൊലീസ് പറഞ്ഞു.—