മോഡി ദുരൂഹതകളുടെ ആള്‍രൂപം

Posted on: April 13, 2013 6:00 am | Last updated: April 12, 2013 at 11:56 pm

‘മഹത്തായ കാഴ്ചപ്പാടുകളുള്ള നേതാവിനെയാണ് ഞങ്ങള്‍ നരേന്ദ്ര ഭായിയില്‍ കാണുന്നത്. അടിസ്ഥാന വികസന മേഖലയിലെ രാജ്യത്തിന്റെ കുതിച്ചുചാട്ടം അദ്ദേഹത്തിന്റെ കീഴിലുള്ള ഗുജറാത്തില്‍ നിന്നാണ് തുടങ്ങുക
മുകേഷ് അംബാനി

മഹാത്മാ ഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും നിരയിലാണ് മോഡിയുടെ സ്ഥാനം
അനില്‍ അംബാനി

ഇപ്പോള്‍ ഗുജറാത്തില്‍ നടക്കുന്നത് ചൈനീസ് മോഡല്‍ വികസനമാണെന്ന് പറയുന്നവരുണ്ട്; അല്‍പ്പം കഴിയുമ്പോള്‍ ചൈനയിലേത് ഗുജറാത്ത് മോഡല്‍ വികസനമാണെന്ന് ആളുകള്‍ പറയും
ആനന്ദ് മഹീന്ദ്ര

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയാണ് ഈ വാചാടോപങ്ങളെന്ന് ജനങ്ങള്‍ക്കറിയാം. ജനുവരി പതിനൊന്നിന് മോഡി സര്‍ക്കാര്‍ കോടികള്‍ പൊടിച്ച് നടത്തിയ ‘വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ്’ എന്ന വ്യവസായ മാമാങ്കത്തെ വെറും പുകഴ്ത്തല്‍ ചടങ്ങ് എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ വന്‍കിട കോര്‍പറേറ്റുകളെ പിടിച്ചുനിര്‍ത്താനും അവരുടെ വേരുകള്‍ നിക്ഷേപ ഭൂമിയില്‍ ആഴ്ന്നിറങ്ങാനും മോഡി ചില വഴിവിട്ട ഇളവുകള്‍ നല്‍കിയെന്ന് ഏപ്രില്‍ മൂന്നിന് ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്ത് വെച്ച സി എ ജി റിപ്പോര്‍ട്ട് വ്യക്തമാക്കുമ്പോള്‍ നടേ സൂചിപ്പിച്ച പുകഴ്ത്തലുകള്‍ വെറും അധരവ്യായാമമല്ലെന്ന് വ്യക്തമാകുന്നു.
വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വഴിവിട്ട ഇളവുകള്‍ നല്‍കുക വഴി ഖജനാവിന് 580 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് സി എ ജി റിപ്പോര്‍ട്ടിലുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, എസ്സാര്‍ സ്റ്റീല്‍, അദാനി പവര്‍ ലിമിറ്റഡ് എന്നിവയടക്കമുള്ള വന്‍കിട കമ്പനികളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. വാഹനനിര്‍മാണ ഭീമന്‍മാരായ ഫോര്‍ഡ് ഇന്ത്യക്കും ലാര്‍സന്‍ ആന്‍ഡ് ടര്‍ബോക്കും ചട്ടം ലംഘിച്ച് ഭൂമി നല്‍കിയതിലും വന്‍ റവന്യൂ നഷ്ടം ഉണ്ടായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രകൃതി വാതക നീക്കത്തിനായി പൊതു മേഖലാ സ്ഥാപനമായ ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റഡിന്റെ പൈപ്പ് ലൈന്‍ ശൃംഖല ഉപയോഗിച്ചു. ഇതിനായി അടക്കേണ്ട തുക ഇളവ് ചെയ്യാനായി ചട്ടങ്ങളില്‍ മാറ്റം വരുത്തി. ഇതുവഴി റിലയന്‍സിന് 52.27 കോടിയുടെ നേട്ടമാണുണ്ടായത്. വൈദ്യുതി വില്‍പ്പന കരാറില്‍ തിരിമറി നടത്തിയാണ് ആദാനി പവര്‍ ലിമിറ്റഡ് 160.26 കോടി രൂപ നേട്ടമുണ്ടാക്കിയത്. കരാറില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ച കമ്പനിക്ക് മേല്‍ പിഴ ചുമത്താന്‍ ഗുജറാത്ത് ഊര്‍ജ വികാസ് നിഗം ലിമിറ്റഡ് തയ്യാറാകുക പോലും ചെയ്തില്ല. കമ്മി നികത്താന്‍ ആവശ്യമായതിനേക്കാള്‍ കൂടുതല്‍ തുക ധന കമ്പോളത്തില്‍ നിന്ന് വായ്പയെടുക്കുക വഴി മോഡി സര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും സി എ ജി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് നഷ്ടമുണ്ടായാലും വേണ്ടില്ല വന്‍കിട കോര്‍പറേറ്റുകള്‍ രക്ഷപ്പെടണമെന്നും അതുവഴി വ്യവസായ ലോകത്തിന് താന്‍ അഭിമതനാകുകയും വേണമെന്ന നിക്ഷിപ്ത താത്പര്യമാണ് ഇതില്‍ പ്രകടമാകുന്നത്. ഗുജറാത്തില്‍ നിരങ്ങാന്‍ തന്നാലാകും വിധം മോഡി ചെയ്തിരിക്കുന്നുവെന്ന് വ്യക്തം. കഷ്ടപ്പെടുന്ന ജനങ്ങളേക്കാള്‍ വ്യവസായഭീമന്‍മാരുടെ ‘കഷ്ടപ്പാടുകള്‍’ വകഞ്ഞുമാറ്റുകയാണെന്നര്‍ഥം. മുതലാളിമാര്‍ക്കും അവരുടെ താത്പര്യങ്ങള്‍ പട്ട് പോലെ കാത്ത് സൂക്ഷിക്കുന്ന ഭരണാധികാരികള്‍ക്കും ജനങ്ങളെപ്പോഴും വെറും കാലിത്തീറ്റകളാണല്ലൊ.
ഇന്ന് മോഡിയുടെ കര്‍മമണ്ഡലം അഹമ്മദാബാദോ ഗാന്ധിനഗറോ അല്ല. ഡല്‍ഹിയിലേക്കും മുംബൈയിലേക്കും കൊല്‍ക്കത്തയിലേക്കും അത് വ്യാപിപ്പിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യതയുണ്ടെന്ന് മറ്റുള്ളവരെ ധരിപ്പിക്കാനും സ്വയം ആത്മവിശ്വാസം ഉണ്ടാക്കാനുമുള്ള ചെപ്പടിവിദ്യകള്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡം വിട്ട,് ലോകത്തെ ഉള്ളം കൈയില്‍ നിയന്ത്രിക്കാന്‍ പാടുപെടുന്ന അമേരിക്കയിലേക്കും മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കും തന്റെ വ്യക്തിപ്രഭാവം വ്യാപിപ്പിക്കാനും മോഡി നിരന്തര ശ്രമം നടത്തുന്നു. എന്നാല്‍, ഗുജറാത്ത് വംശഹത്യ നല്‍കിയ കറുത്ത പാട് മോഡി ‘കരിസ്മ’യില്‍ കരിനിഴല്‍ വീഴ്ത്തുന്നതിനാല്‍ അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ പോലും സാധിക്കുന്നില്ല. മോഡിക്ക് വിസ നല്‍കില്ലെന്നാണ് കഴിഞ്ഞയാഴ്ചയും അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കിയത്. പ്രശസ്ത പെനിസില്‍വാനിയ യൂനിവേഴ്‌സിറ്റിയുടെ വാര്‍തോണ്‍ ബിസിനസ് സ്‌കൂളില്‍ ‘വികസന’ പ്രഭാഷണം നടത്താന്‍ മോഡിയെ ഒരു സംഘടന ക്ഷണിച്ചിരുന്നു. എന്നാല്‍ അവിടുത്തെ പ്രൊഫസര്‍മാരുടെയും വിദ്യാര്‍ഥികളുടെയും കടുത്ത പ്രതിഷേധം കാരണം ആ പരിപാടി തന്നെ റദ്ദാക്കേണ്ടിവന്നു. ഗുജറാത്ത് വംശഹത്യ നല്‍കിയ ‘വ്യക്തിപ്രഭാവം’ തന്നെ കാരണം. ഗുജറാത്ത് വംശഹത്യ നടന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും അതിന്റെ നീറ്റല്‍ ലോകമുസ്‌ലിംകള്‍ മാത്രമല്ല, അമേരിക്കക്കാരടക്കമുള്ളവരുടെ മനസ്സിലും ഉണ്ടെന്ന് വ്യക്തം.
അതിനിടക്ക് തന്നെ അമേരിക്കന്‍ ഭരണകൂടം അംഗീകരിക്കുന്നുവെന്നത് കുറഞ്ഞപക്ഷം ഇന്ത്യക്കാരെയെങ്കിലും ബോധ്യപ്പെടുത്താന്‍ ഒരു ‘പ്രാഞ്ചിയേട്ടന്‍’ ശ്രമവും മോഡി നടത്തി. പണം നല്‍കി ഒരു സ്വകാര്യ ടൂര്‍ സംഘടിപ്പിച്ച് തന്റെ വികസന യാഥാര്‍ഥ്യങ്ങള്‍ നേരില്‍ കാണാനും അവ അമേരിക്കക്കാര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ തന്നെ ക്ഷണിക്കാനും നിയമനിര്‍മാണ രംഗത്തടക്കമുള്ള ഉന്നതര്‍ വന്നുവെന്നും ജനങ്ങളെ ബോധ്യപ്പെടുത്തി സര്‍വസ്വീകാര്യനായ, ആഗോള നേതാവാണ് താനെന്ന് ബോധ്യപ്പെടുത്താനുമുള്ള അങ്ങാടി നിലവാരത്തിലുള്ള ആ ശ്രമം പക്ഷെ കാവല്‍ നായ്ക്കളായ മാധ്യമങ്ങളുടെ മൂന്നാം കണ്ണിന് മുമ്പില്‍ നിഷ്പ്രഭമാകുകയായിരുന്നു. പ്രതിനിധി സംഘത്തിലെ ഓരോ അംഗവും മൂവായിരം മുതല്‍ പതിനാറായിരം വരെ ഡോളര്‍ കൈപ്പറ്റിയിരുന്നുവെന്ന നഗ്നസത്യം ചിക്കാഗോയില്‍ നിന്നുള്ള ‘ഹായ് ഇന്ത്യ’ പത്രമാണ് വെളിപ്പെടുത്തിയത്. യു എസ് അധോസഭയിലെ നാലംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഇന്ത്യ സന്ദര്‍ശിച്ചത്. നാല് പേരും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളാണ്. ചിക്കാഗോയിലെ ബിസിനസുകാരന്‍ സ്ഥാപിച്ച ‘ദ നാഷനല്‍ ഇന്ത്യന്‍ അമേരിക്കന്‍ പബ്ലിക് പോളിസി ഇന്‍സ്റ്റിറ്റിയൂട്ട’് (എന്‍ ഐ എ പി പി ഐ) ആണ് യാത്രക്ക് പണം മുടക്കിയത്. സംഘം മോഡിയുടെ ഭരണത്തെ പ്രശംസിക്കുകയും യു എസിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു. വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിക്കോ ന്യൂഡല്‍ഹിയിലെ യു എസ് എംബസിക്കോ യാത്രയുമായി ബന്ധമുണ്ടായിരുന്നില്ല. പഞ്ചാബില്‍ നിന്നുള്ള ബി ജെ പിക്കാരനായ എന്‍ ആര്‍ ഐ ആയ ശലഭ് കുമാറാണ് യാത്രാപദ്ധതി തയ്യാറാക്കിയത്.
എന്നും കൗശലവും കൗടില്യവും നിറഞ്ഞ വ്യക്തിത്വ പ്രകാശനമാണ് മോഡിയുടെത്. തീവ്രഹിന്ദുത്വവാദികള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാനായിരുന്നു ഗുജറാത്ത് വംശഹത്യയെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദ്യം സ്വസംഘടനയില്‍ ചിരപ്രതിഷ്ഠ നേടുക. അതിന് ആയിരക്കണക്കിന് മുസ്‌ലിംകളെയാണ് ബലിയാടുകളാക്കിയത്. ഗര്‍ഭസ്ഥ ശിശുവിനെ പോലും ത്രിശൂലത്തില്‍ നാട്ടിയ, ഗര്‍ഭിണികളെയും കുട്ടികളെയും പിടിച്ച് കൂട്ടത്തോടെ കിണറ്റില്‍ തള്ളി പച്ചക്ക് പെട്രോളൊഴിച്ച് കൊന്ന ആ കിരാതത്വം ഹിറ്റ്‌ലറുടെ നാസി ജര്‍മനിയില്‍ നടന്ന ക്രൂരതയോട് കിടപിടിക്കുന്നതായിരുന്നു. ഹിറ്റ്‌ലര്‍ക്ക് ആരെയും പേടിക്കാനില്ലായിരുന്നു. എന്നാല്‍ ജനാധിപത്യപരമായി സത്യപ്രതിജ്ഞ ചെയ്ത മോഡി ഒന്നിനെയും ഭയക്കാതെയാണ് വംശഹത്യക്ക് എല്ലാ സെറ്റപ്പുകളും ചെയ്തത്. ആ വംശവിച്ഛേദനം കണ്ട് കണ്ണ് തള്ളിയാണ് രാജധര്‍മം പാലിക്കണമെന്ന് എ ബി വാജ്പയിക്ക് പോലും ഉപദേശിക്കേണ്ടി വന്നത്. ഹിന്ദുത്വവാദികളുടെ കൈയടി ആവോളം നേടിയ ശേഷം താനും അരക്ഷിതനായ വിദേശ തീവ്രവാദികളുടെ നോട്ടപ്പുള്ളിയാണെന്ന് മാലോകരെ അറിയിക്കാന്‍ നിരപരാധികളായ നിരവധി ചെറുപ്പക്കാരെയും യുവതിയെയും വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചു. മലയാളിയായ പ്രാണേഷ് പിള്ളയെന്ന ജാവീദും ഇശ്‌റത് ജഹാനും മറ്റും ഉദാഹരണങ്ങളാണ്.
പിന്നീടുള്ള ശ്രമം വികസന മുഖംമൂടി എടുത്തണിയലായിരുന്നു. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വഴിവിട്ട സഹായം നല്‍കിയും പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്തിയും പാവപ്പെട്ടവരെയും ദരിദ്രരെയും അരികുവത്കരിച്ചും സ്തുതിപാഠകരായ ഒരു കൂട്ടം മാധ്യമങ്ങളെ വെള്ളവും വളവും നല്‍കി വളര്‍ത്തിയെടുത്തും വികസന പ്രതിച്ഛായ നിര്‍മിക്കുകയായിരുന്നു ആ ഭരണാധികാരി. ഗുജറാത്തില്‍ വന്‍കിട മെട്രോ നഗരങ്ങളിലല്ലാതെ എവിടെയാണ് ജനങ്ങളുടെ നിലവാരം ഉയര്‍ന്നത്? ദരിദ്രരും കൃഷീവലന്‍മാരും ദളിതുകളും ദുരിതത്തിന്റെ ചതുപ്പ് നിലങ്ങളിലാണ്. എല്ലാവര്‍ക്കും ശുദ്ധജലം ഉറപ്പുവരുത്താന്‍ പോലും അധികാരത്തില്‍ ഹാട്രിക് തികച്ചിട്ടും മോഡിക്കായില്ല. ജാതി കങ്കാണിമാരുടെ ആഢ്യത്വം ബുര്‍ജ് ഖലീഫ കെട്ടിടം പോലെ ഉയര്‍ന്നിരിക്കുന്നു. ദളിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും മറ്റും സ്ഥാനം ചെളിയിലും. ഈ വിഭാഗത്തെ റോഡരുകിലെ യന്ത്രങ്ങളിലേക്ക് കരിമ്പിന്‍ കഷ്ണങ്ങള്‍ പോലെ എടുത്തിടുകയും ചണ്ടിയായി പുറത്തേക്ക് വലിച്ചെറിയുകയും ചെയ്യുന്നു. കരിമ്പിന്‍ നീര് കുടിച്ച് അധികാരികളും മുതലാളിമാരും ഉന്മത്തരാകുന്നു. ആ നീര് കണ്ട് ജനങ്ങള്‍ വെള്ളമിറക്കുന്നു.
എതിര്‍ സ്വരങ്ങളെ അടിച്ചമര്‍ത്തുന്ന ഏകാധിപത്യ ശൈലിയാണ് മോഡിയില്‍ നിന്നും ബി ജെ പിയില്‍ നിന്നും കാണാനാകുന്നത്. ഗുജറാത്തിലെ കുട്ടികളുടെ പോഷകാഹാര കുറവ് സൊമാലിയയിലേതിനേക്കാള്‍ കഷ്ടമാണെന്ന് വെളിപ്പെടുത്തിയ പ്രസ് കൗണ്‍സില്‍ ചെയര്‍മാനും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ വാളോങ്ങിയത് ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്. ഇത്തരം അടിച്ചമര്‍ത്തല്‍ നയങ്ങളുമായാണ് മോഡി പ്രധാനമന്ത്രിക്കുപ്പായം തുന്നുന്നതെങ്കില്‍ താമസംവിനാ ആ സ്റ്റിച്ചുകളൊക്കെ പൊട്ടുന്നതാണ്. ഗുജറാത്തല്ല ഇന്ത്യയെന്ന് ഓര്‍ക്കേണ്ടിയിരിക്കുന്നു. തീവ്രഹിന്ദുത്വം വോട്ടാക്കി മാറ്റുകയാണ് ചെയ്യുകയെന്ന് ബി ജെ പി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഉമാ ഭാരതിയെയും വരുണ്‍ ഗാന്ധിയെയും ഇടവും വലവും നിര്‍ത്തിയുള്ള മോഡിയുടെ ദേശീയ നേതൃത്വ ആരോഹണവും ബാബരി പള്ളി പൊളിച്ചതില്‍ അശേഷം ദുഃഖമില്ലെന്ന അഡ്വാനിയുടെ വീമ്പ് പറച്ചിലും അത് സുതരാം വ്യക്തമാക്കിത്തരുന്നു. ഇത്തരം കൗശലങ്ങള്‍ പ്രയോഗിക്കുന്നതുകൊണ്ടാണ് മോഡിയുടെ നീക്കത്തെ അധികാര ഉയര്‍ച്ചയെ രാജ്യത്തെ അധഃസ്ഥിത പിന്നാക്ക ദളിത് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ആശങ്കയോടെ നോക്കിക്കാണുന്നത്. ആ വ്യക്തിത്വം ദുരൂഹതകളുടെ ആള്‍രൂപമാണ്. ഗുജറാത്തിന്റെ മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ കേശവഭായ് പട്ടേലിനെ ഒന്നുമല്ലാതാക്കി അധികാരച്ചെങ്കോലേന്തിയത് മുതല്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ പോയി മമതാ സര്‍ക്കാറിനെ പ്രശംസിച്ചത് വരെയുള്ള സംഭവവികാസങ്ങള്‍ കാണിക്കുന്നത് അതാണ്. ഭരണാധികാരികള്‍ തുറന്നുവെച്ച പുസ്തകം പോലെയാകണമെന്നാണ് വെപ്പ്. അപ്പോള്‍ മാത്രമേ പ്രതീക്ഷകള്‍ക്ക് നിറം പകരാനാകൂ.

ALSO READ  പ്രധാനമന്ത്രി നാളെ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും