Connect with us

Kerala

എസ് വൈ എസ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

Published

|

Last Updated

കാസര്‍കോട്: എസ് വൈ എസ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് ദേളി ജാമിഅ സഅദിയ്യയില്‍ പ്രൗഢോജ്ജ്വല തുടക്കം. സംസ്ഥാനത്തിന്റെ 14 ജില്ലകളില്‍ നിന്നും നീലഗിരി, ലക്ഷദ്വീപ് ഭാഗങ്ങളില്‍ നിന്നുമായി 200 ഓളം കൗണ്‍സില്‍ അംഗങ്ങള്‍ സംബന്ധിക്കുന്ന സമ്മേളനം അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ സംസ്ഥാന ഭാരവാഹികളെയും സുപ്രീം കൗണ്‍സില്‍ അംഗങ്ങളെയും ഇന്ന് പ്രഖ്യാപിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് പതാക ഉയര്‍ത്തി. സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമൂഹം സാംസ്‌കാരികമായി അധഃപതിക്കുമ്പോള്‍ പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഉത്തരവാദ ബോധത്തോടെ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ഉണര്‍ത്തി.
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാര്‍ഷിക കൗണ്‍സിലില്‍ വിവിധ സബ്കമ്മിറ്റികളുടെ റിപ്പോര്‍ട്ട് വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, മുഹമ്മദ് പറവൂര്‍, മജീദ് കക്കാട് എന്നിവര്‍ അവതരിപ്പിച്ചു. സംഘടനയുടെ പുതിയ നയപദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനായി നടന്ന സംഘടനാ ചര്‍ച്ചക്ക് ജില്ലാ സാരഥികള്‍ നേതൃത്വം നല്‍കി. ഇന്ന് നടക്കുന്ന സമാപന പരിപാടിക്ക് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ നേതൃത്വം നല്‍കും.