വികസനത്തിന് കുതിപ്പേകി സലാല തുറമുഖം ഒന്നര പതിറ്റാണ്ട് പിന്നിടുന്നു

Posted on: April 12, 2013 4:57 pm | Last updated: April 12, 2013 at 4:57 pm

സലാല : സലാലയുടെ വികസന പാതയില്‍ തിളക്കമുളള അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത് സലാല തുറമുഖം ഒന്നര പതിറ്റാണ്ട് പിന്നിടുന്നു. 1998 ല്‍ പ്രവര്‍ത്തനമാരംഭിച്ചതിനു ശേഷം വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ഉയരങ്ങള്‍ കീഴടക്കാന്‍ സലാല തുറമുഖത്തിനു സാധിച്ചു. ഇന്ന് ലോകത്തെ മികച്ച 30 തുറമുഖങ്ങളുടെ പട്ടികയില്‍ ഇടം നേടാനായതും ചരക്കു നീക്കത്തില്‍ രാജ്യത്തെ ഏറ്റവും വലിയ തുറമുഖമെന്ന ബഹുമതി ലഭിച്ചതും വളര്‍ച്ചയുടെ സാക്ഷ്യപത്രങ്ങളാണ്.

ഇതിനിടെ നിരവധി ദേശീയ അന്തര്‍ ദേശീയ അവാര്‍ഡുകളും പ്രവര്‍ത്തന മികവ് കൊണ്ട് സലാല പോര്‍ട്ട് നേടിയെടുത്തു. രാജ്യത്തിന്റെ  അഭിവൃദ്ധിക്കും ഐശ്വര്യപൂര്‍ണമായ ഭാവിക്കും പ്രതിഞ്ജാബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ രാജ്യ പുരോഗതിയോടോപ്പം ചുവടു വെക്കാന്‍ സലാല പോര്‍ട്ടിനും കഴിയുന്നു. സാമ്പത്തിക അഭിവൃദ്ധി,  ആരോഗ്യം, സുരക്ഷ, പരിസ്ഥിതി സൗഹൃദ സംരംഭങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് പോര്‍ട്ട്  ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയെടുത്തത്.

എ പി എം ഇന്റര്‍ നാഷനല്‍ എന്ന ആഗോള  തലത്തിലെ പ്രമുഖന്‍മാര്‍ക്കാണ് സലാല തുറമുഖത്തിന്റെ നടത്തിപ്പു ചുമതലയും ഉടമസ്ഥാവകാശവും.1998 ല്‍ പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷം 2012 വരെയുളള കാലയളവിനിടയില്‍ സലാല തുറമുഖത്തെ ചരക്കു നീക്കത്തില്‍ 600 ശതമാനം വര്‍ദ്ധനവ് ഉണ്ടായി. എ പി മോളര്‍ മേസ്‌ക്  എക്‌സിക്യൂട്ടീവ് ബോര്‍ഡ് മെംബര്‍ കിം ഫെജ്ഫര്‍ ഒമാന്‍ ഗവണ്‍മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു . കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി മന്ത്രി ഡോ. അലി സുനൈദി സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ലാനിംഗ് സെക്രട്ടറി ജനറല്‍ സുല്‍ത്താന്‍ അല്‍ ഹബ്ഷി തുടങ്ങിയ പ്രമുഖരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

കിം ഫെജ്ഫറോടൊപ്പം ഒരു ഉന്നത തല പ്രതിനിധി സംഘവും ഉണ്ടായിരുന്നു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ പ്രൗഢമായ ഭരണത്തിന് കീഴില്‍ ഒമാനില്‍ പുതിയ അവസരങ്ങളും ആഗോള വ്യാപാര മേഖലയില്‍ അതിവേഗം വികാസം പ്രാപിക്കുന്ന വിപണിയും  സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സലാലയിലെയും ഒമാനിലെയും ജനങ്ങളുടെ സാമ്പത്തിക വളര്‍ച്ചയിലും സലാല പോര്‍ട്ടിന്റെ വികസനത്തിലും സഹകരിക്കാനും തങ്ങളുടെ വൈദഗ്ധ്യം വിനിയോഗിക്കാനും സലാല പോര്‍ട്ടുമായുളള പങ്കാളിത്തത്തിലൂടെ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 7.2 മില്യന്‍ ടണ്‍ ചരക്കു നീക്കമാണ്  കാര്‍ഗോ  ടെര്‍മിനല്‍ വഴി 2012 ല്‍ നടന്നത്. മുന്‍ വര്‍ഷം ഇത് 6.5 മില്യന്‍ ടണ്‍ ആയിരുന്നു.

നിരവധിവികസന പ്രവര്‍ത്തനങ്ങള്‍ സലാല പോര്‍ട്ടില്‍ നടന്നു വരുന്നുണ്ട്. ചരക്കു നീക്കത്തിനുളള തുറമുഖത്തിന്റെ ശേഷി ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിക്കാനാണ് അധികൃതര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. സ്വദേശി യുവാക്കള്‍ക്ക് പരിശീലനം നല്‍കി കപ്പിത്താന്‍മാരാക്കിയ രാജ്യത്തെ പോര്‍ട്ടെന്ന പദവിയും ഈയിടെ സലാല തുറമുഖം സ്വന്തമാക്കിയിരുന്നു.