തൊഴിലിടങ്ങളില്‍ പരാതി പരിഹാര സമിതികള്‍ ഇനിയുമായില്ല

Posted on: April 12, 2013 6:00 am | Last updated: April 11, 2013 at 11:52 pm

മലപ്പുറം: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ശാരീരികവും മാനസികവുമായ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതി നിര്‍ദേശിച്ച പരാതി പരിഹാര സമിതികള്‍ ഇതുവരെയും നടപ്പായില്ല. അമ്പതോ അതിലധികമോ ജീവനക്കാരുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഇത്തരം സമിതികള്‍ രൂപവത്കരിക്കണമെന്നാണ് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തവ്. സ്വകാര്യ മേഖലക്കും ഉത്തരവ് ബാധകമാണ്. ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് ആക്ടിലെ നിബന്ധനകള്‍ക്കൊപ്പം സുപ്രീം കോടതിയുടെ ഉത്തരവും സ്വകാര്യ മേഖലയില്‍ നടപ്പാക്കേണ്ടതാണ്.
ഓഫീസ് അന്തരീക്ഷത്തില്‍ സ്ത്രീകളോട് ലൈംഗിക ചുവയുള്ള പരമാര്‍ശങ്ങള്‍, സ്പര്‍ശനം, അശ്ലീല ചിത്രങ്ങള്‍ കാണിക്കുക തുടങ്ങിയവ ചെയ്താല്‍ ലൈംഗീകാതിക്രമമായി കണക്കാക്കണം. ഇരകളെ കുറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ തടയേണ്ടത് സമിതിയുടെ ചുമതലയാണ്. പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നതിനായി സ്ഥലമാറ്റ അപേക്ഷ നല്‍കിയാല്‍ പരിഗണിക്കണമെന്നും പീഡിപ്പിച്ചയാളുടെ സ്ഥലം മാറ്റവും സമിതി പരിശോധിക്കേണ്ടതാണെന്നും നിര്‍ദേശമുണ്ട്.
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാല്‍ സര്‍വീസ് റൂള്‍സ് പ്രകാരമുളള അച്ചടക്ക നടപടിയെടുക്കാവുന്നതാണ്. ഓഫീസിന് പുറത്തുനിന്നുള്ള വ്യക്തിയെ സംബന്ധിച്ച പരാതി ലഭിക്കുകയാണെങ്കിലും ആവശ്യമായ സഹായങ്ങള്‍ നല്‍കേണ്ട ചുമതല സമിതിക്കുണ്ട്. സ്ഥാപനത്തിലെ മുതിര്‍ന്ന വനിതാ ഉദേ്യാഗസ്ഥയായിരിക്കണം സമിതി അധ്യക്ഷ. മുതിര്‍ന്ന ഉദ്യോഗസ്ഥ/ഉദ്യോഗസ്ഥന്‍, വനിതാ ജനപ്രതിനിധി/കേന്ദ്ര സര്‍ക്കാര്‍ ഉദ്യോസ്ഥന്‍ എന്നിവര്‍ അംഗമാകണം. സമിതി രണ്ട് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് മിനുട്ട്‌സ് കൃത്യമായി രേഖപ്പെടുത്തണമെന്നും പരാതികളില്ലെങ്കിലും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്.
ഇതു സംബന്ധിച്ച് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും മിക്ക സ്ഥാപനങ്ങളിലും പരാതി സമിതികള്‍ രൂപവത്കരിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി മലപ്പുറം ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് പറഞ്ഞു. സ്ഥാപന മേധാവികള്‍ വിശദാംശങ്ങള്‍ ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും പരാതി പരിഹാര സമിതികള്‍ ഉടന്‍ രൂപവത്കരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.