ഗുജറാത്തില്‍ ദളിതുകള്‍ക്ക് മാത്രം കുടിവെള്ളമില്ല

Posted on: April 12, 2013 6:00 am | Last updated: April 11, 2013 at 10:01 pm

രാജ്‌കോട്ട്: ഗുജറാത്തില്‍ വരള്‍ച്ച അതിരൂക്ഷമായ സൗരാഷ്ട്ര മേഖലയിലെ ജസ്ദാന്‍ താലൂക്കില്‍ ദളിതുകള്‍ക്ക് നര്‍മദാ ജലം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന ജാതിക്കാരോടുള്ള ഭയം കാരണം ദളിതുകള്‍ മൗനം പാലിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇതിനെതിരെ സംസാരിച്ചാല്‍ പരിഹാസവും അക്രമവും നേരിടേണ്ടിവരുന്ന സ്ഥിതിയിലാണ് ദളിതുകള്‍. പുറത്തുനിന്നുള്ള ആരോടെങ്കിലും സംസാരിക്കുന്നതും ഉയര്‍ന്ന ജാതിക്കാര്‍ തടയുന്നു. സൗരാഷ്ട്രയിലെ ജലക്ഷാമം മഴദൗര്‍ലഭ്യം കൊണ്ട് മാത്രമല്ല. മറിച്ച് ദളിതുകള്‍ ജലക്ഷാമം നേരിടുന്നതിന് പിന്നില്‍ ഉയര്‍ന്നജാതിക്കാരുടെ കരങ്ങളാണ്. അതിനാല്‍, ഈ മേഖലയിലെ ഏക കുടിവെള്ള സ്രോതസ്സായ നര്‍മദാ ജലം ദളിതര്‍ക്ക് വിലക്കപ്പെട്ടിരിക്കുന്നു. അതേസമയം, ഉയര്‍ന്ന ജാതിക്കാരായ കര്‍ഷകര്‍ക്ക് സ്വന്തം കുഴല്‍ക്കിണറുകളുണ്ട്. അവര്‍ക്ക് നര്‍മദാ ജലത്തെ ആശ്രയിക്കേണ്ട കാര്യമില്ല.
കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന പമ്പ് വഴി വെള്ളം എടുക്കാന്‍ പോലും താലൂക്കിലെ പത്ത് ഗ്രാമത്തിലെ ദളിതുകളെ സമ്മതിക്കുന്നില്ല. പമ്പിന് അടുത്തെത്തിയാല്‍ ജാതി വിളിച്ച് കളിയാക്കലും ഭീഷണിയുമായിരിക്കുമെന്ന് ജയ മാക്‌വന എന്ന ദളിത് സ്ത്രീ പറയുന്നു. തുടര്‍ന്ന്, ഇവര്‍ മൂന്ന് കിലോമീറ്റര്‍ അകലെനിന്ന് തലച്ചുമടായാണ് വെള്ളം ശേഖരിക്കുന്നത്. ചിതലിയ, ഖദാവാദി, കാനേസരസ പാരേവല, ജിവാപര്‍, നാനി ലേഖാവാഡ്, കോതി, ബാര്‍വല, ദേവ്ധാരി എന്നീ ഗ്രാമങ്ങളിലാണ് സ്ഥിതി വളരെ മോശം. ഏതാണ്ട് നൂറ് ദളിത് കുടുംബങ്ങളാണ് ഇവിടെയുള്ളത്. അധികാരം ഉയര്‍ന്നജാതിക്കാരയ കോളികള്‍ക്കും.
ഈ വിവേചനം സഹിക്കവയ്യാതെ തങ്ങളുടെ പരിതാപകരമായ അവസ്ഥ വിവരിച്ച് ഇവര്‍ ഡെപ്യൂട്ടി കലക്ടറെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍, ഇതിനും ദളിതര്‍ക്ക് നേരെ ഭീഷണി ഉയര്‍ന്നിട്ടുണ്ട്. തൊട്ടുകൂടാത്തവരാണ് എന്നത് കൊണ്ട് തങ്ങള്‍ ദാഹിച്ചിരിക്കണമെന്നാണോ? സ്ത്രീകള്‍ ചോദിക്കുന്നു. ചിതലിയയില്‍ നര്‍മദാ ജല വിതരണം ശരിയാം വിധം നടക്കുന്നുമില്ല. അഞ്ച് ദിവസത്തിലൊരിക്കല്‍ ജലവിതരണം നടത്താന്‍ കലക്ടറുടെ ഓഫീസില്‍ നിന്ന് നിര്‍ദേശമുണ്ട്. കോതി ഗ്രാമത്തിലെ പ്രധാന പമ്പ് നര്‍മദാ പൈപ്പ് ലൈനുമായി ബന്ധിച്ചിട്ടില്ല.
ഇക്കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി കലക്ടര്‍ ആര്‍ എച്ച ഗാധവി പറഞ്ഞു. വിവേചനം കാട്ടുന്നതായുള്ള പരാതികള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. കൈകൊണ്ട് പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ പൈപ്പ് ലൈനുമായി ബന്ധിപ്പിക്കാന്‍ ജലവിഭവ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.