മേലാറ്റൂര്‍ പഞ്ചായത്തില്‍ ജലനിധി നടപ്പിലാക്കുന്നു

Posted on: April 11, 2013 6:00 am | Last updated: April 11, 2013 at 1:24 am

പെരിന്തല്‍മണ്ണ: ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വപദ്ധതിയായ ജലനിധി നടപ്പിലാക്കുന്നതിന് മേലാറ്റൂര്‍ പഞ്ചായത്ത് കെ ആര്‍ ഡബ്ല്യു എസ് എയുമായി ഉഭയകക്ഷികരാറില്‍ ഒപ്പുവെച്ചു.പഞ്ചായത്ത് പ്രസിഡന്റ് സി അബ്ദുല്‍കരീം, കെ ആര്‍ ഡബ്ല്യു എസ് എ റീജ്യണല്‍ ഡയറക്ടര്‍ പി ആര്‍ നരേന്ദ്രദേവ്, മറ്റു ജലനിധി ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറില്‍ ഒപ്പു വെച്ചത്. അഞ്ച് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സമഗ്ര കുടിവെള്ള ശുചിത്വപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ രണ്ടു വര്‍ഷത്തിനകം പൂര്‍ത്തീകരിച്ച് അതാത് ഗുണഭോക്തൃസംഘങ്ങള്‍ക്ക് ദൈംനദിന പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറും. പദ്ധതി ചെലവില്‍ ഗ്രാമപഞ്ചായത്ത് വിഹിതം 15 ശതമാനവും കേരള സര്‍ക്കാര്‍ വിഹിതം 75 ശതമാനവുമാണ്. കുടിവെള്ള പദ്ധതികള്‍ക്കുള്ള ഗുണഭോക്തൃ വിഹിതം പത്ത് ശതമാനവുമാണ്. എന്നാല്‍ പട്ടികജാതി പട്ടികവര്‍ഗ ദുര്‍ബല വിഭാഗങ്ങള്‍ അഞ്ച് ശതമാനം ഗുണഭോക്തൃവിഹിതമടക്കണം. പഞ്ചായത്ത് തലത്തില്‍ ജലസുരക്ഷ ഉറപ്പാക്കുന്നതിനായി പഞ്ചായത്ത് തല ജലസംരക്ഷണ വികസന രേഖ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ജലസ്രോതസുകളുടെ സംരക്ഷണത്തിനായി ഭൂഗര്‍ഭ ജലപരിപോഷണത്തിനും ജലശുദ്ധി ഉറപ്പ് വരുത്തുന്നതിനും 30 ലക്ഷം രൂപ ചെലവില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.ഇതോടെ മേലാറ്റൂര്‍ പഞ്ചായത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം ജനകീയ പങ്കാളിത്തത്തോടെ പരിഹരിക്കുന്നതിനും വികേന്ദ്രീകൃത ആസൂത്രണ സംവിധാനത്തിലൂടെ ഗ്രാമീണ ജനതയില്‍ കുടിവെള്ള സ്വാശ്രയത്വവും ജലസാക്ഷരതയും ഉറപ്പുവരുത്താനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ ജലനിധി പദ്ധതി മുഖേന നടപ്പിലാക്കുന്നതിന് പഞ്ചായത്തിന് സാധിക്കുമെന്ന് മന്ത്രി എം അലി അറിയിച്ചു.