Connect with us

Malappuram

ആദിവാസി കോളനികളില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന

Published

|

Last Updated

കാളികാവ്: മലയോരത്തെ ആദിവാസി കോളനികളില്‍ മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തി. കോളനികളിലെ ശോചനീയാവസ്ഥ മുതലെടുത്ത് മാവോയിസ്റ്റുകള്‍ നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പ്രത്യേക പരിശീലനം കിട്ടിയ കമാന്‍ഡോകള്‍ ഉള്‍പ്പടെയുള്ള തണ്ടര്‍ബോള്‍ട്ട് സംഘം പരിശോധന നടത്തിയത്. ചോക്കാട് പഞ്ചായത്തിലെ ചേനപ്പാടി ആദിവാസി കോളനിയിലും നാല്‍പത് സെന്റ് ഗിരിജന്‍ കോളനിയിലുമാണ് തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തിയത്. ചേനപ്പാടി കോളനിയിലെ വീടുകള്‍ ഐ ടി ഡി പി അധികൃതര്‍ പൊളിച്ച് മാറ്റി പെരുവഴിയിലക്കിയ ആദിവാസികളുടെ ദുരിത ജീവിതം മുതലെടുത്ത് മാവോയിസ്റ്റുകള്‍ വനത്തില്‍ തമ്പടിക്കാനുള്ള സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം കോളനികളില്‍ എത്തിയത്. നിലമ്പൂര്‍ കാടുകളിലെ ആദിവാസികളുടെ ദുരിത ജീവിതം വിവരിക്കുന്ന ലഘുലേഖകള്‍ മാവോവാദികള്‍ ഇറക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ആദിവാസി മേഖലയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. അന്തിയുറങ്ങാന്‍ വഴിയില്ലാതെ ചേനപ്പാടി കോളനിയിലെ ദുരിതത്തിലായ ആദിവാസികളെ ചോക്കാട് നാല്‍പത്‌സെന്റ് കോളനിയിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് സ്ഥലം പരിശോധിക്കുന്നതിന് കൂടിയാണ് തണ്ടര്‍ബോള്‍ട്ട് സംഘം ആദിവാസി മേഖലകളില്‍ എത്തിയത്. നോര്‍ത്ത് സോണ്‍ എ ഡി ജി പി ശങ്കര്‍ റെഡ്ഡിയുടേയും മലപ്പുറം എസ് പി സേതുരാമന്റേയും നിര്‍ദ്ദേശപ്രകാരമാണ് കോളനികളില്‍ പരിശോധന നടത്തിയത്. മലപ്പുറം എ ആര്‍ ക്യാമ്പ് അസ്സിസ്റ്റന്റ് കമാന്‍ഡന്റ് ടി ടി അബ്ദുല്‍ ജബ്ബാര്‍, പാണ്ടിക്കാട് സി ഐ എ ജെ ജോണ്‍സണ്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ എം മോഹനന്‍, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 28 അംഗതണ്ടര്‍ബോള്‍ട്ട് സംഘവും, കാളികാവ് സ്‌റ്റേഷനിലെ എസ് ഐ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തിരച്ചിലില്‍ പങ്കെടുത്തു.