മുനിസിപ്പാലിറ്റി ഭേദഗതി ബില്ലടക്കം നാല് ബില്ലുകള്‍ പാസാക്കി

Posted on: April 11, 2013 6:00 am | Last updated: April 11, 2013 at 1:11 am

തിരുവനന്തപുരം:ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ നിയമസഭ നാല് ബില്ലുകള്‍ പാസാക്കി. 2012ലെ കേരള സിവില്‍ കോടതി ഭേദഗതി ബില്‍, 2013ലെ കേരള സഹകരണ സംഘ രണ്ടാം ഭേദഗതി ബില്‍, 2013ലെ കേരള മുനിസിപ്പാലിറ്റി രണ്ടാം ഭേദഗതി ബില്‍, 2011ലെ ഇന്ത്യന്‍ പങ്കാളിത്ത കേരള ഭേദഗതി ബില്‍ എന്നിവയാണ് പാസായത്.

സഹകരണ ഓഡിറ്റ് ഡയറക്ടര്‍ക്കുള്ള അധികാരങ്ങള്‍ സഹകരണ രജിസ്ട്രാറുടെ കീഴുദ്യോഗസ്ഥരെ കൂടി ഏല്‍പ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് സഹകരണ സംഘ രണ്ടാം ഭേദഗതി ബില്‍. സഹകരണ സംഘ ആക്ടിന് കീഴിലുള്ള സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ക്ഷേമ ബോര്‍ഡ് രൂപവത്കരിക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. മന്ത്രി സി എന്‍ ബാലകൃഷ്ണനാണ് ബില്‍ അവതരിപ്പിച്ചത്.
1999 ഒക്‌ടോബര്‍ 15 മുതല്‍ 2008 ഡിസംബര്‍ 31 വരെ നടത്തിയിട്ടുള്ള അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ നിബന്ധനക്ക് വിധേയമായി ക്രമവത്കരിച്ചു നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 2013ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേഗദതി) ബില്‍. പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കും ഓണറേറിയം പറ്റുന്നവര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിന് അയോഗ്യത കല്‍പ്പിക്കുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, സര്‍ക്കാറുകള്‍ക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ 51 ശതമാനത്തില്‍ കുറയാതെ ഓഹരിയുള്ള കമ്പനികള്‍, ബോര്‍ഡുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയിവയിലെ പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കും ഇവയിലേതെങ്കിലും സ്ഥാപനത്തില്‍ നിന്ന് ഓണറേറിയം പറ്റുന്നവര്‍ക്കും മുനിസിപാലിറ്റിയിലെ കൗണ്‍സിലറായി തിരഞ്ഞെടുക്കുന്നതിന് യോഗ്യത ഉണ്ടാകില്ല. 1994ലെ കേരള മുന്‍സിപാലിറ്റി ആക്ടിലെ 86ാം വകുപ്പില്‍ ഭേദഗതി വരുത്തും. ആക്ട് അനുസരിച്ച് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വാര്‍ഡ് വിഭജനവും അവയുടെ അതിര്‍ത്തി നിര്‍ണയവും സംബന്ധിച്ച് പുറപ്പെടുവിക്കുന്ന ഏതൊരു ഉത്തരവും ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇപ്രകാരം പ്രസിദ്ധീകരിക്കുന്ന ഉത്തരവിന് നിയമപ്രാബല്യം ഉണ്ടാകും.
ഇന്ത്യന്‍ പങ്കാളിത്ത നിയമത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം വിവിധ രേഖകള്‍ക്കു നല്‍കേണ്ട ഫീസ് വര്‍ധിപ്പിച്ചു. ഇപ്പോള്‍ ഫീസ് നിരക്ക് 50 പൈസ മുതല്‍ 15 രൂപ വരെയാണ്. 1973ല്‍ നിശ്ചയിച്ച നിരക്കുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറവായതിനാലാണ് വര്‍ധിപ്പിച്ചത്. 50 രൂപ മുതല്‍ 300 രൂപ വരെയാണു പുതിയ വര്‍ധന. മുന്‍സിഫ് കോടതിയുടെയും ജില്ലാ കോടതിയുടെയും അപ്പീല്‍ അധികാരപരിധി വര്‍ധിപ്പിക്കുന്നത് വ്യവസ്ഥ ചെയ്യുന്നതാണ് കേരള സിവില്‍ കോടതി ഭേദഗതി ബില്‍.
ഇപ്പോള്‍ ജില്ലാ കോടതിയുടെ അപ്പീല്‍ അധികാരപരിധി രണ്ട് ലക്ഷം രൂപയും മുന്‍സിഫ് കോടതിയുടെ പരിധി ഒരു ലക്ഷം രൂപയുമാണ്. ഭൂമിവിലയിലുണ്ടായ അസാധാരണ വര്‍ധന കണക്കിലെടുത്താണ് വര്‍ധന. അധികാര പരിധി ഉയര്‍ത്തണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് മുന്‍സിഫ് കോടതിയുടെ അപ്പീല്‍ അധികാര പരിധി പത്ത് ലക്ഷം രൂപയായും ജില്ലാ കോടതിയുടെത് 20 ലക്ഷം രൂപയായും വര്‍ധിപ്പിച്ചുകൊണ്ടുള്ളതാണ് പുതിയ ഭേദഗതി.