Connect with us

National

അഫ്‌സ്പ: അധികാര നിയന്ത്രണത്തിന് സര്‍ക്കാര്‍ ഇടപെടണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സായുധ സൈനികര്‍ക്കുള്ള പ്രത്യേക അധികാരം (അഫ്‌സ്പ) നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് സുപ്രീം കോടതി. വ്യാജ ഏറ്റുമുട്ടലുകളില്‍ നിരവധി പേര്‍ കൊല്ലപ്പെടുന്നുണ്ടെന്ന് ജൂഡീഷ്യല്‍ കമ്മീഷന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത്തരം കാര്യങ്ങളില്‍ കോടതി വളരെ ആശങ്കയിലാണെന്ന് ജസ്റ്റീസുമാരായ അഫ്താബ് ആലം, രഞ്ജന പ്രകാശ് ദേശായ് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. അതേസമയം, ദീര്‍ഘകാലം വളരെ സംഘര്‍ഷം നിറഞ്ഞ സാഹചര്യത്തില്‍ കുടുംബവുമായി അകന്നു കഴിയുന്ന സൈനികരുടെ പ്രശ്‌നങ്ങള്‍ മറക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യക്കാരന്റെ ജീവിതത്തില്‍ ഒരു വിധത്തിലുള്ള ബഹുമാനവും ലഭിക്കുന്നില്ല. ദീര്‍ഘകാലമായി കേന്ദ്രം ചില പ്രദേശങ്ങള്‍ സുരക്ഷാകവചങ്ങള്‍ക്ക് കീഴില്‍ നിലനിര്‍ത്തുകയാണെങ്കില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുകതന്നെ ചെയ്യും. ഈ വിഷയങ്ങളില്‍ കോടതി ആശങ്കയിലാണ്. കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം 350 ല്‍ നിന്ന് 50 ലേക്ക് കുറഞ്ഞതായി കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പരസ് കുഹാദ് പറഞ്ഞു. എന്നാല്‍ മരണത്തിന്റെ കണക്കുകളെ അടിസ്ഥാനമാക്കി വാദിക്കുന്നതില്‍ നിന്ന് പിന്തിരിയാന്‍ കോടതി അദ്ദേഹത്തോട് നിര്‍ദേശിച്ചു. മണിപ്പൂരിന് വേണ്ടി കേന്ദ്രം നിര്‍ബന്ധമായും ചില കാര്യങ്ങള്‍ നടപ്പിലാക്കണം. മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണം. കേന്ദ്രം പത്ത് പതിനഞ്ച് വര്‍ഷമായി ഒരു സംസ്ഥാനത്തെ ഒറ്റപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകും.
ഇന്ത്യക്കാര്‍ ഇന്ത്യക്കാരെ തന്നെ കൊല്ലുന്ന ഇത്തരം സംഭവങ്ങള്‍ എത്ര വേദനാജനകമാണ്? മണിപ്പൂരുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുന്നില്ല എന്നതാണ് വലിയ ദുരന്തം. എത്ര തവണ കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതാണ്? പക്ഷേ ആരും ഇതേ കുറിച്ച് ബോധവാന്‍മാരല്ല. ബഞ്ച് ചൂണ്ടിക്കാട്ടി. നാലാഴ്ച കഴിഞ്ഞാണ് കേസിലെ അടുത്ത വാദം കേള്‍ക്കല്‍.

---- facebook comment plugin here -----

Latest