വ്യാജ പീഡന കേസുകളിലെ കുറ്റാരോപിതരെ പുനരധിവസിപ്പിക്കണം: കോടതി

Posted on: April 11, 2013 6:00 am | Last updated: April 11, 2013 at 1:06 am

ന്യൂഡല്‍ഹി: വ്യാജ പീഡന കേസുകളില്‍ കുറ്റാരോപിതരായി ജയിലില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിശദമായ പുനരധിവാസ നയം രൂപവത്കരിക്കണമെന്ന് ഡല്‍ഹിയിലെ കോടതി. തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതിയായ ആളെ കുറ്റവിമുക്തനാക്കിയ അതിവേഗ കോടതിയുടെ ഉത്തരവിലാണ് നിര്‍ദേശമുള്ളത്.ആഭ്യന്തര, നിയമ മന്ത്രാലയങ്ങളും ലോ കമ്മീഷന്‍ ചെയര്‍മാനും തന്റെ നിര്‍ദേശം പരിഗണിക്കണമെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി വീരേന്ദര്‍ ഭട്ട് പറഞ്ഞു. ഏഴാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ ഹരിയാന സ്വദേശിയായ സുഭാഷിനെയാണ് കുറ്റവിമുക്തനാക്കിയത്. വ്യാജ ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുകയും വിചാരണ നേരിടുകയും ചെയ്യുന്നവരെ പുനരധിവസിപ്പിക്കുന്നതിന് അടിയന്തരമായി നയം തയ്യാറാക്കേണ്ടിയിരിക്കുന്നു. അവരുടെ ഭാവി സുരക്ഷിതമായിരിക്കാനും സമൂഹത്തില്‍ നിന്ന് വിവേചനം ഇല്ലാതിരിക്കാനും അത്തരമൊരു നയപരിപാടി അനിവാര്യമാണ്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാറിന്റെ കടമയാണ്. കോടതി നിരീക്ഷിച്ചു.2007 മാര്‍ച്ച് മാസത്തില്‍ വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോകുയും രണ്ട് സുഹൃത്തുക്കളുമൊത്ത് നിരവധിയിടങ്ങളിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നുമാണ് കേസ്. എന്നാല്‍, വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി സമ്മര്‍ദം ചെലുത്തിയതായും അല്ലാത്തപക്ഷം ആത്മഹത്യ ചെയ്യുമെന്ന് പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയതായും ആ വര്‍ഷം ജനുവരി മുതല്‍ തങ്ങള്‍ സ്‌നേഹത്തിലായിരുന്നുവെന്നും സുഭാഷ് വാദിച്ചു.

ALSO READ  FACT CHECK: മധ്യപ്രദേശില്‍ നിന്നുള്ള ഫോട്ടോ ഉപയോഗിച്ച് രാജസ്ഥാനിലെ ബലാത്സംഗമാണെന്ന് പ്രചാരണം; കൂടെ വര്‍ഗീയ ചേരുവകളും