സര്‍ക്കാര്‍ ഡോക്ടര്‍മാരാകാന്‍ പരീക്ഷയെഴുതിയവര്‍ക്ക് നിലവാരമില്ല

Posted on: April 11, 2013 6:00 am | Last updated: April 11, 2013 at 12:49 am

തിരുവനന്തപുരം:സര്‍ക്കാര്‍ സര്‍വീസില്‍ ഡോക്ടര്‍മാരാകാന്‍ പരീക്ഷയെഴുതിയവര്‍ക്ക് നിലവാരമില്ലെന്ന് പി എസ് സി. അസിസ്റ്റന്റ് സര്‍ജന്‍മാരുടെ ഇന്റര്‍വ്യൂവിനു ശേഷം പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍, സ്വാശ്രയ, വിദേശ സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഉദ്യോഗാര്‍ഥികളാണ് സര്‍ക്കാര്‍ സര്‍വീസില്‍ ഡോക്ടര്‍മാരാകാനുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്. വിദേശപഠനം പൂര്‍ത്തിയാക്കിയവര്‍ക്കും ചില സ്വാശ്രയ കോളജുകളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ക്കും വേണ്ടത്ര ക്ലിനിക്കല്‍ പരിശീലനം ലഭിച്ചിരുന്നില്ല. പലര്‍ക്കും പൊതുവിജ്ഞാനം തീരെ കുറവായിരുന്നു. കൃത്യമായ പത്ര പാരായണശീലം പലര്‍ക്കുമില്ല. മെഡിക്കല്‍ ജേര്‍ണലുകള്‍ വായിക്കുന്ന പതിവ് ഡോക്ടര്‍മാര്‍ക്കില്ലായിരുന്നു. ആരാണ് ഗവര്‍ണറെന്നോ ആരോഗ്യ മന്ത്രിയെന്നോ രാഷ്ട്രപതിയെന്നോ അറിയില്ലായിരുന്നു. പത്രവായന അലര്‍ജിയായാണ് ഇവര്‍ കണക്കാക്കിയത്. പൊതുവിജ്ഞാനം എം ബി ബി എസ് കരിക്കുലത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ നടത്തേണ്ട സമയമായെന്നും ചെയര്‍മാന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ ധാര്‍മികതയെക്കുറിച്ച് അറിവില്ലാത്തവരാണ് അപേക്ഷിച്ചവര്‍. ആശയവിനിമയത്തിലുള്ള പോരായ്മയും ഇവരില്‍ പ്രകടമായി.

മാലിന്യ സംസ്‌കരണത്തിനായി ഏര്‍പ്പെടുത്തിയ പരിപാടികളെക്കുറിച്ചുള്ള പ്രാഥമിക അറിവ് പോലും ഡോക്ടര്‍മാര്‍ക്കില്ലായിരുന്നു. ഈ സാഹചര്യത്തില്‍ എം ബി ബി എസ് പഠനകാലയളവില്‍ത്തന്നെ ഇത്തരം അറിവുകള്‍ നേടുന്നതിനായി ഹ്രസ്വകാല പഠനകാര്യങ്ങള്‍ക്കായി പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് ചെയര്‍മാന്‍ നിര്‍ദേശിക്കുന്നു. സംവരണാനുകൂല്യം ലഭിക്കുന്ന സമുദായങ്ങളിലെ ഒന്നാം തലമുറയില്‍ നിന്നുള്ളവരുടെ അസാന്നിധ്യം അമ്പരപ്പിക്കുന്നതാണ്. സംവരണാനുകൂല്യത്തിന്റെ പിന്‍ബലത്തില്‍ ഉന്നത പദവികളിലെത്തിയവരുടെ രണ്ടാം തലമുറയും മൂന്നാം തലമുറയുമാണ് ഈ രംഗത്ത് ആ വിഭാഗങ്ങളില്‍ നിന്ന് ആധിപത്യം പുലര്‍ത്തുന്നത്. ഇക്കാര്യവും ഗൗരവമായ പഠനത്തിനും തുടര്‍ന്നുള്ള പരിഹാരത്തിനും വിധേയമാക്കേണ്ടതാണെന്നും ചെയര്‍മാന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. സമൂഹത്തിലെ മധ്യവര്‍ഗത്തില്‍ നിന്നുപോലും ഡോക്ടര്‍മാരാകുന്നവരുടെ എണ്ണം ആശങ്ക ജനിപ്പിക്കുംവിധം കുറഞ്ഞിരിക്കുന്നു. താഴേത്തട്ടില്‍ നിന്ന് ആരുമെത്തുന്നില്ല എന്നത് വ്യക്തം. ഉപരിവര്‍ഗത്തില്‍ നിന്നും ഉപരി മധ്യവര്‍ഗത്തില്‍ നിന്നുമാണ് വലിയൊരു ശതമാനം ഡോക്ടര്‍മാരുമെത്തിയത്.
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിന് മുമ്പ് പോലും പൊതുജനങ്ങളോടുള്ള മനോഭാവം തൃപ്തികരമായിരുന്നില്ലെന്നാണ് കാണാനായതെന്ന് ചെയര്‍മാന്‍ പറയുന്നു. അതിനാല്‍, എം ബി ബി എസ് പഠനകാലയളവില്‍ ഒരു സെമസ്റ്ററെങ്കിലും പബ്ലിക് ഹെല്‍ത്ത് സെന്റര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ നിര്‍ബന്ധമായും നിയോഗിക്കണം. സ്വകാര്യ, സ്വാശ്രയ കോളജുകൡ നിന്നും വിദേശവിദ്യാഭ്യാസം നേടിയവരും ഇപ്രകാരം ജോലി ചെയ്‌തെങ്കില്‍ മാത്രമേ സര്‍ക്കാര്‍ സര്‍വീസില്‍ പരിഗണിക്കുകയുള്ളൂവെന്ന് നിയമം കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ ചെയര്‍മാന്‍ നിര്‍ദേശിക്കുന്നു.
അസിസ്റ്റന്റ് സര്‍ജന്‍മാരുടെ തസ്തികയിലേക്ക് 6105 പേരാണ് അപേക്ഷിച്ചത്. ഇവരില്‍ ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കി 3440 പേരുടെ അന്തിമ റാങ്ക് ലിസ്റ്റാണ് പി എസ് സി പ്രസിദ്ധീകരിച്ചിരിക്കുന്നത്.