സുഡാനില്‍ അഞ്ച് ഇന്ത്യന്‍ കരസേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Posted on: April 10, 2013 9:19 am | Last updated: April 11, 2013 at 8:44 am
SHARE

sudan mapന്യൂഡല്‍ഹി: തെക്കന്‍ സുഡാനിലെ യു എന്‍ കാര്യാലയത്തില്‍ സേവനമനുഷ്ഠിക്കുന്ന ഒരു ഓഫീസറടക്കം അഞ്ച് ഇന്ത്യന്‍ കരസേനാ ഉദ്യോഗസ്ഥര്‍ ജോഗ്ലി പ്രദേശത്ത് നടന്ന ഒളിയാക്രമണത്തില്‍ കൊല്ലപ്പെട്ടു. യു എന്‍ നയതന്ത്ര പ്രതിനിധിക്ക് അകമ്പടി സേവിച്ചിരുന്ന ഇന്ത്യന്‍ സമാധാനപാലന സേനാംഗങ്ങളെ സുഡാന്‍ വിമതരാണ് പതിയിരുന്ന് ആക്രമിച്ചതെന്ന് ഇന്ത്യന്‍ വിദേശ മന്ത്രാലയ വക്താവ് സയീദ് അക്ബറുദ്ദീന്‍ സ്ഥിരീകരിച്ചു.
2011ല്‍ സ്വതന്ത്രമായ തെക്കന്‍ സുഡാനിലെ പിബോര്‍ കൗണ്ടിയില്‍ സമാധാനപാലനത്തിന് നിയുക്തമായ യു എന്‍ സമാധാനസേനയുടെ ഭാഗമാണ് ഇന്ത്യന്‍ കരസേനാ ഉദ്യോഗസ്ഥര്‍. സ്വാതന്ത്ര്യം നേടിയ ശേഷവും ഇവിടെ വംശീയ സംഘട്ടനങ്ങള്‍ തുടരുകയാണ്. ഈ അടുത്തകാലത്ത് ഉണ്ടായ ഏറ്റവും രൂക്ഷമായ വംശീയ സംഘട്ടനമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇതിന് മുമ്പും ഇന്ത്യന്‍ സേനക്ക് നേരെ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.
ജോഗ്ലിയില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഒരു ഇന്ത്യന്‍ ഭടന് വെടിയേറ്റ് പരുക്കേറ്റിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും യു എന്‍ സമാധാനപാലന സേനയില്‍ ഇന്ത്യ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 2010ല്‍ കോം ഗോ ജനാധിപത്യ റിപ്പബ്ലിക്കില്‍ കലാപകാരികള്‍ മൂന്ന് ഇന്ത്യന്‍ ഭടന്മാരെ വധിച്ചിരുന്നു.
ഇന്നലെ കലാപകാരികള്‍ വധിച്ച അഞ്ച് ഇന്ത്യന്‍ ഭടന്മാരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഏര്‍പ്പാടുകള്‍ നടന്നുവരുന്നുണ്ട്.