സലാലയിലേക്ക് എയര്‍ അറേബ്യ സര്‍വീസ് വര്‍ധിപ്പിക്കുന്നു

Posted on: April 9, 2013 11:04 pm | Last updated: April 9, 2013 at 11:04 pm

സലാല: ഷാര്‍ജയുടെ ബജറ്റ് വിമാനമായ എയര്‍ അറേബ്യയുടെ സലാലയിലേക്കുളള സര്‍വീസ് ആഴ്ചയില്‍ മൂന്നാക്കി വര്‍ധിപ്പിച്ചു. ബുധനാഴ്ചകളിലാണ് പുതിയ സര്‍വീസ്. അടുത്ത മാസം ഏഴു മുതല്‍ പുതിയ സര്‍വീസ് നിലവില്‍ വരുമെന്ന് എയര്‍ അറേബ്യ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
രാത്രി ഏഴിന് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെടുന്ന വിമാനം 9.45ന് സലാലയിലെത്തും. അതേദിവസം രാത്രി 10.25ന് മടങ്ങുന്ന വിമാനം 12.05നാണ് ഷാര്‍ജയിലെത്തുക. കഴിഞ്ഞ വര്‍ഷം ജൂണിലാണ് എയര്‍ അറേബ്യ സലാലയിലേക്ക് സര്‍വീസ് ആരംഭിച്ചത്. വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. ഒരു വര്‍ഷത്തിനുളളില്‍ തന്നെ സലാലയിലേക്കുളള സര്‍വീസ് വര്‍ധിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് എയര്‍ അറേബ്യ ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ആദില്‍ അലി പറഞ്ഞു. ഖരീഫ് കാലത്തിനു മുന്നോടിയായി സര്‍വീസ് ആരംഭിക്കുത് അന്താരാഷ്ട്ര സഞ്ചാരികള്‍ക്ക് സൗകര്യമാകും. ബജറ്റ് വിമാനമായ എയര്‍ അറേബ്യയുടെ സര്‍വീസുകള്‍ മലയാളികള്‍ക്കും ഗുണകരമാകും.
മിഡില്‍ ഈസ്റ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സലാലയിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ ഇല്ലാത്തത് രാജ്യാന്തര സഞ്ചാരികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സലാലയിലെ സാധ്യതകള്‍ മനസ്സിലാക്കി ഇപ്പോള്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസുകളുമായി രംഗത്തു വരുന്നുണ്ട്. അടുത്ത മാസം 21 മുതല്‍ ഫ്‌ളൈ ദുബൈ ആഴ്ചയില്‍ മൂന്നു വിമാനങ്ങള്‍ പറത്തും. മെയ് 22 മുതല്‍ ഖത്തര്‍ എയര്‍വെയ്‌സും സലാലയിലേക്ക് പറക്കും. ദുബൈ-സലാല റൂട്ടില്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ ആഴ്ചയില്‍ നാലു സര്‍വീസുകള്‍ നടത്തുന്നുണ്ട്.
സലാലയില്‍ ഓരോ വര്‍ഷവും സന്ദര്‍ശകരുടെ എണ്ണം കൂടുകയാണ്. 2012ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനവാണുണ്ടായത്. എയര്‍പോര്‍ട്ടിന്റെ വികസനം പൂര്‍ത്തിയാകുന്നതോടെ നേരിട്ടുള്ള  സര്‍വീസുകള്‍ വര്‍ധിക്കും.