Connect with us

Eranakulam

ശശീന്ദ്രന്റെയും കുട്ടികളുടെയും മരണം കൊലപാതകമെന്ന് സംശയം: കോടതി

Published

|

Last Updated

കൊച്ചി: മലബാര്‍ സിമെന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും കുട്ടികളുടെയും മരണവുമായി ബന്ധപ്പെട്ട കേസില്‍ സി ബി ഐക്ക് എറണാകുളം സെഷന്‍സ് കോടതിയുടെ വിമര്‍ശം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില നിഗമനങ്ങള്‍ കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ശശീന്ദ്രന്റെയും കുട്ടികളുടെയും മരണം കൊലപാതകമാണോയെന്നതിനെ കുറിച്ച് സി ബി ഐ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. സി ബി ഐക്ക് കേസന്വേഷണത്തില്‍ സമ്മര്‍ദമുണ്ടോയെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി ഉബൈദ് സംശയം പ്രകടിപ്പിച്ചു.

ശശീന്ദ്രന്റെയും കുട്ടികളുടെയും മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്നറിയാന്‍ വിശദമായ അന്വേഷണം ആവശ്യമാണ്. കേസ് ഡയറി പരിശോധിച്ചതില്‍ നിന്നും കൊലപാതകത്തിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വ്യവസായി വി എം രാധാകൃഷ്ണന്റെ ഭീഷണി മൂലമാണ് ശശീന്ദ്രന്‍ ആത്മഹത്യ ചെയ്തതെങ്കില്‍ നിരപരാധികളായ മക്കളെ എന്തിന് കൊലപ്പെടുത്തണമെന്നും ഭാര്യയെ ഒഴിവാക്കിയത് എന്തുകൊണ്ടെന്നും സി ബി ഐ അഭിഭാഷകനോട് കോടതി ചോദിച്ചു. എന്നാല്‍ ഇതേക്കുറിച്ച് ശശീന്ദ്രന്റെ ഭാര്യയാണ് മറുപടി പറയേണ്ടതെന്നായിരുന്നു സി ബി ഐയുടെ വിശദീകരണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും നിഗമനങ്ങളും കോടതി പ്രത്യേകം നിരീക്ഷിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില നിഗമനങ്ങള്‍ കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ശശീന്ദ്രന്റെ കഴുത്തിലെ രണ്ട് പരുക്കുകളുടെ കാര്യവും കോടതി എടുത്തു പറഞ്ഞു. കഴുത്തില്‍ കണ്ട ഒരു മുറിവ് കയര്‍ ഉപയോഗിച്ചത് മൂലവും മറ്റൊന്ന് പ്ലാസ്റ്റിക് ചണം കൊണ്ടും ഉണ്ടായതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതേക്കുറിച്ച് സി ബി ഐ അന്വേഷണം നടത്തിയിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. അതേസമയം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ച് എല്ലാ വസ്തുതകളും പരിശോധിക്കുമെന്ന് സി ബി ഐ കോടതിയെ അറിയിച്ചു.
മലബാര്‍ സിമെന്റ്‌സുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടുകളും രഹസ്യ സ്വഭാവമുള്ള മറ്റ് രേഖകളും നിയമോപദേശങ്ങളും കരാറുകാരന്‍ മാത്രമായ വി എം രാധാകൃഷ്ണന്റെ വസതിയില്‍ നിന്നും സി ബി ഐ പിടിച്ചെടുത്തത് ഗൗരവത്തോടെ കാണണമെന്നും ഇത് പ്രതിയുടെ ഉന്നത ബന്ധത്തെയും സ്വാധീനത്തേയുമാണ് കാട്ടുന്നതെന്നും സി ബി ഐ ബോധിപ്പിച്ചു.
എന്നാല്‍ സി ബി ഐ കേസില്‍ പ്രതി ചേര്‍ത്തത് ദുരുദ്ദേശ്യപരമാണെന്നും കേസിലെ മറ്റു പ്രതികളായ കമ്പനി മാനേജിംഗ് ഡയറക്ടര്‍ സുന്ദരമൂര്‍ത്തി, വി എം സൂര്യനാരായണന്‍ എന്നിവരെ അറസ്റ്റ് ചെയ്യാതെ അന്വേഷണ ഉദ്യോഗസ്ഥന്‍ ജാമ്യത്തില്‍ വിട്ടയച്ചത് ഇവരെ മാപ്പു സാക്ഷികളാക്കാമെന്ന് ഉറപ്പ് നല്‍കിയാണെന്നും വി എം രാധാകൃഷ്ണന്റെ അഭിഭാഷകന്‍ എസ് രാജീവ് ബോധിപ്പിച്ചു. ജാമ്യാപേക്ഷ കോടതി വിധി പറയാന്‍ മാറ്റി.