സഞ്ജയ് ദത്ത് റിവ്യൂ ഹരജി നല്‍കുന്നു

Posted on: April 9, 2013 6:13 am | Last updated: April 8, 2013 at 11:14 pm

മുംബൈ: നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെച്ചതിന് സുപ്രീം കോടതി നല്‍കിയ അഞ്ച് വര്‍ഷത്തെ ശിക്ഷക്കെതിരെ സിനിമാ താരം സഞ്ജയ് ദത്ത് റിവ്യൂ ഹരജി നല്‍കും. ഡല്‍ഹിയിലെ ഒരു അഭിഭാഷക സംഘമാണ് ഹരജി തയ്യാറാക്കിയത്. കേസില്‍ വിധി പറഞ്ഞ അതേ ബഞ്ച് മുമ്പാകെയാണ് ഒന്നോ രണ്ടോ ദിവസത്തിനകം ഹരജി നല്‍കുക. മാര്‍ച്ച് 21നായിരുന്നു ദത്തിനെ ശിക്ഷിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി .
1993ലെ മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് മുംബൈയിലിറക്കിയ ആയുധങ്ങളില്‍ ചിലത് കൈവശം വെച്ചതിനാണ് സഞ്ജയ് ദത്തിനെ ശിക്ഷിച്ചത്. ഭീകര ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമമനുസരിച്ച് (ടാഡാ) നടത്തിയ കുറ്റസമ്മതമൊഴി അടിസ്ഥാനമാക്കിയാണ് ദത്തിനെ ശിക്ഷിച്ചത്. ടാഡ പ്രകാരം ചുമത്തിയ കുറ്റത്തില്‍ നിന്നും ദത്തിനെ കോടതി ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ടാഡക്ക് കീഴില്‍ നടത്തിയ കുറ്റസമ്മതം മറ്റ് നിയമങ്ങള്‍ക്ക് കീഴിലെടുത്ത കുറ്റങ്ങള്‍ക്ക് പ്രധാന തെളിവായി പരിഗണിക്കരുതെന്നാണ് ദത്തിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിച്ചത്.
സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന റിവ്യൂ ഹരജിയിലും ഇതേ വാദമുഖമായിരിക്കും ഉന്നയിക്കുക. ആയുധ നിയമത്തിന്‍ കീഴില്‍ ചുമത്തിയ കുറ്റാരോപണങ്ങളെ ദത്തിന്റെ കുറ്റസമ്മതവുമായി ബന്ധപ്പെടുത്തരുതെന്നും വിധിന്യായത്തിലെ ഒരു പിഴവായി പരിഗണിച്ച് തീരുമാനം പുനഃപരിശോധിക്കണമെന്നുമാണ് ഹരജിയിലെ അഭ്യര്‍ഥന.