നാല് വര്‍ഷം കൊണ്ട് രണ്ട് ലക്ഷം വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും

Posted on: April 9, 2013 6:00 am | Last updated: April 8, 2013 at 10:53 pm

പാലക്കാട്:നാല് വര്‍ഷം കൊണ്ട് രണ്ട് ലക്ഷം വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്ന് പാലക്കാട് വൈദ്യുതി ഭവന്റെ 33 കെ.വി. സബ് സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനവും ഗോ സോളാര്‍ പാലക്കാട് പദ്ധതിയുടെ പ്രഖ്യാപനവും നടത്തികൊണ്ട് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ജോബീസ് മാളില്‍ നടന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.

വൈദ്യുതീകരിച്ച 83 ലക്ഷം വീടുകള്‍ ഉളളതില്‍ മൂന്ന് ലക്ഷം വീടുകള്‍ പാവപ്പെട്ടവരുടേതാണ്.80 ലക്ഷം വീടുകളിലെങ്കിലും 60 വാട്ടിന്റെ ബള്‍ബ് അനാവശ്യമായി കത്തിക്കാതിരുന്നാല്‍ 480 മെഗാവാട്ട് വൈദ്യുതി ലഭിക്കാന്‍ കഴിയും. മെഡിക്കല്‍ കോളേജിന് അനുവദിച്ച ഭൂമിയില്‍ നിന്ന് കുറച്ച് ലഭിച്ചാല്‍ 110 കെ വി സബ് സ്റ്റേഷനായി ഉയര്‍ത്താന്‍ ശേഷിയുളള 66 കെ വി സബ് സ്റ്റേഷന്‍ ചന്ദ്രനഗറില്‍ നിര്‍മ്മാണമാരംഭിക്കും.
4670 മെഗാവാട്ട് വൈദ്യുതി ഒരു ദിവസം സംസ്ഥാനത്ത് ആവശ്യമുണ്ട്. 1600 മെഗാവാട്ട് മാത്രമേ നിലവില്‍ ഇവിടെ ഉത്പാദിപ്പിക്കുന്നുളളൂ. 25 മില്ല്യന്‍ യൂണിറ്റ് വൈദ്യുതി കേന്ദ്രം തരുന്നുണ്ട്. ബാക്കിയുളളവ അന്യസംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുകയാണ്. ജലവൈദ്യുത പദ്ധതികളാണ് അനുയോജ്യമെങ്കിലും പരിസ്ഥിതി പ്രശ്‌നങ്ങള്‍ കാരണം നടപ്പിലാക്കുവാന്‍ സാധിക്കുന്നില്ല. വൈദ്യുതി വാങ്ങിക്കുവാന്‍ 780-800 കോടി രൂപയെങ്കിലും വൈദ്യുതി വാങ്ങിക്കാന്‍ ചെലവുണ്ട്. വൈദ്യുതി വിറ്റ വകയില്‍ 700 കോടിയാണ് മാസവരുമാനം. വകുപ്പിലെ അറ്റകുറ്റപ്പണി, ശമ്പളം തുടങ്ങിയ തുക പുറമെ നിന്ന് കണ്ടെത്തേണ്ടതായി വരുന്നു. കായംകുളത്തു നിന്നും ഒരു യൂണിറ്റ് വൈദ്യുതി വാങ്ങിക്കാന്‍ 12.40 രൂപയാണ് നല്‍കുന്നത് . സംസ്ഥാനം അത് നാല് രൂപയ്ക്കാണ് നിലവില്‍ വില്‍ക്കുന്നത്.
ചടങ്ങില്‍ എം ബി രാജേഷ് എം പി സമ്മേളന ഉദ്ഘാടനം നടത്തി. കെ വി വിജയദാസ് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. ഗോ സോളാര്‍ പദ്ധതിയുടെ ആദ്യരജിസ്‌ട്രേഷന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോബി വി ചുങ്കത്ത് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ എ അബ്ദുള്‍ ഖുദ്ദൂസ്. വാര്‍ഡ് കൗണ്‍സിലര്‍ സാജോ ജോണ്‍, കെ എസ് ഇ ബി അംഗം മുഹമ്മദലി റാവുത്തര്‍.എം എന്നിവര്‍ പങ്കെടുത്തു.