റിവര്‍ മാനേജ്‌മെന്റ് ഫണ്ടിലെ കോടികള്‍ പാഴാകുന്നു

Posted on: April 8, 2013 4:16 pm | Last updated: April 8, 2013 at 4:16 pm

riverതിരുവനന്തപുരം:സംസ്ഥാനത്തെ നദികളുടെ സംരക്ഷണത്തിനായുള്ള റിവര്‍ മാനേജ്‌മെന്റ് ഫണ്ട് കാര്യക്ഷമമായി ചെലവാക്കുന്നതില്‍ പരാജയം. ഫണ്ടിന്റെ 19.26 ശതമാനം മാത്രമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചത്.
നദീതട സംരക്ഷണത്തിനായി റവന്യൂ വകുപ്പ് സ്വരൂപിക്കുന്നതാണ് റിവര്‍ മാനേജ്‌മെന്റ് ഫണ്ട്. ആകെയുള്ള 9.5 കോടിയില്‍ 1.83 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നദീ ജലത്തിന്റെ നിലവാരം, മാലിന്യത്തിന്റെ അളവ് എന്നിവയാണ് പ്രധാനമായും പരിശോധിക്കേണ്ടത്. ലഭിച്ച തുക ഉപയോഗിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ നദികളുടെ പുനരുജ്ജീവനവും പരിപാലനവും ശരിയായ രീതിയില്‍ നടപ്പാക്കാന്‍ കഴിയുമായിരുന്നെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.
നദീ സംരക്ഷണത്തിനായുള്ള തുക കാര്യക്ഷമമായി ചെലവഴിക്കാത്തതില്‍ നിയമസഭാ പരിസ്ഥിതി കമ്മിറ്റി വിജിലന്‍സ് പരിശോധനക്ക് ശിപാര്‍ശ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ നദികളിലെയും കൃഷിയിടങ്ങളിലെയും മണല്‍ കടത്ത് നിയന്ത്രിക്കുന്നതിന് പ്രാദേശിക തലത്തില്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നും കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫണ്ട് ചെലവഴിച്ചതിനെ കുറിച്ച് ഉദ്യോഗസ്ഥതലത്തില്‍ പലര്‍ക്കും വ്യക്തതയില്ല. പരിശോധനയിലൂടെ പല നദികളും അശാസ്ത്രീയമായ രീതിയില്‍ ഖനനം ചെയ്യപ്പെട്ടതായും കണ്ടെത്തിയതായി കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.
കേരള നദീതട സംരക്ഷണ നിയമം, മണ്ണെടുക്കല്‍ നിയമം എന്നിവയനുസരിച്ച് നദി സംരക്ഷണ ഫണ്ട് സ്വരൂപിക്കേണ്ടത് ജില്ലാ അതോറിറ്റിയാണ്. അമ്പത് ശതമാനത്തോളം ഫണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ മണല്‍ വില്‍പ്പന നടത്തിയും സര്‍ക്കാര്‍ ഗ്രാന്റിലൂടെയും മണല്‍ നിയമങ്ങള്‍ തെറ്റിച്ചവരില്‍ നിന്ന് പിഴ ഈടാക്കിയുമാണ് സ്വരൂപിക്കേണ്ടത്.
സ്വരൂപിച്ച ഫണ്ട് പിന്നീട് കടവുകളുടെയും സംരക്ഷണ ഭിത്തികളുടെയും നിര്‍മാണത്തിനും മണ്ണിന്റെ നിലവാരം പരിശോധിക്കുന്നതിനും നദീതട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുമാണ് ഉപയോഗിക്കേണ്ടത്. പ്രദേശിക കടവു കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് പല സ്ഥലങ്ങളിലും മണല്‍ ഖനനം നടത്തിയിട്ടുള്ളത്.