Connect with us

Gulf

ഒമാനില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും

Published

|

Last Updated

മസ്‌കത്ത്:ഒമാനില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ പുനക്രമീകരിച്ചു. അവധി ദിവസങ്ങള്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമാക്കി നിശ്ചയിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഉത്തരവിറക്കി. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും നിയമം ബാധകമാകും. ഇരു മേഖലക്കും പൊതു അവധി ദിനങ്ങള്‍ ഏകീകരിച്ചിട്ടുമുണ്ട്. അടുത്ത മാസം ഒന്നു മുതല്‍ പുതിയ അവധി ദിനങ്ങള്‍ പ്രാബല്യത്തില്‍ വരും. അവധി ദിനങ്ങള്‍ രാജ്യാന്തര തലത്തില്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് പുനക്രമീകരണം.

ഭൂരിഭാഗം ലോകരാജ്യങ്ങളിലും അവദിദിനം ശനി, ഞായര്‍ തിങ്കള്‍ ആയതു മൂലം സൃഷ്ടിക്കുന്ന പ്രായസങ്ങള്‍ കണക്കിലെടുത്ത് വിവിധ അറബ് രാജ്യങ്ങള്‍ നത്തിയ വാരാന്ത്യ അവധി പുനക്രമീകരണത്തിന്റെ മാതൃക പിന്‍പറ്റിയാണ് ഒമാനും ഈ വഴിക്കു നീങ്ങുന്നത്. അവധി ദിനങ്ങള്‍ വ്യത്യസ്തമാകുന്നത് വ്യാപാര, വാണിജ്യ, സാമ്പത്തിക വിനിയമ രംഗങ്ങളെ ബാധിക്കുന്നതായി ചൂണ്ടിക്കാണിപ്പെട്ടിരുന്നു. പാശ്ചാത്യന്‍ രാജ്യങ്ങളിലും മറ്റു ഇസ്‌ലാമികേതര രാജ്യങ്ങളിലും ശനി, ഞായര്‍ തിയതികളില്‍ അവധിയായതിനാല്‍ ഈ രണ്ടു ദിവസങ്ങളിലും ഇടപാടുകള്‍ നടക്കാത്തത് പ്രധാന പ്രശ്‌നമായി ഉന്നയിക്കപ്പെട്ടിരുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇവിടെ അവധിയായതിനാല്‍ രാജ്യത്തെ സ്ഥാപനങ്ങളുമായുള്ള ഇടപാടുകളെയും ബാധിക്കും. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയാണ് ഇത് സാരമായി ബാധിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് ഒമാനില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികള്‍ അവധി വെള്ളി, ശനി ആയി നിശ്ചയിച്ചിരുന്നു. രാജ്യത്തെ ബേങ്കുകളുടെയും ഏതാനും എംബസികളുടെയും അവധി ദിനം വെള്ളി, ശനി ആക്കി നിശ്ചയിച്ചിരുന്നു.
എല്ലാ പൊതു അവധി ദിനങ്ങളും രാജ്യത്തെ പൊതു മേഖലക്കും സ്വകാര്യ മേഖലക്കും ഒരുപോലെയാക്കുന്നതാണ് ഇന്നലെ സുല്‍ത്താന്‍ ഖാബൂസ് പ്രഖ്യാപിച്ച അവധി പുനക്രമീകരണത്തിലെ മറ്റൊരു ശ്രദ്ധേയ നിര്‍ദേശം. ഇനി മുതല്‍ പെരുന്നാളുകള്‍, ദേശീയദിനം തുടങ്ങിയ പൊതു അവധി ദിവസങ്ങള്‍ പൊതുമേഖലയുടെതിനു തുല്യമായി സ്വകാര്യ മേഖലക്കും ലഭിക്കും. സര്‍ക്കാര്‍ മേഖലയില്‍ ലഭിക്കുന്ന പല ആനുകൂല്യങ്ങളും സ്വകാര്യ മേഖലയില്‍ ലഭിക്കുന്നില്ലെന്ന സ്വദേശി പൗരന്‍മാരുടെ പരിഭവത്തിന്റെകൂടി പശ്ചാത്തലത്താണ് ഈ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിക്കുകയും പ്രഖ്യപനത്തിന്റെ ലക്ഷ്യമാണ്.
യു എ ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ നേത്തെ തന്നെ വാരാന്ത്യ അവധി ദിനങ്ങള്‍ മാറ്റാന്‍ തയാറായിരുന്നു. ഇനി സഊദി അറേബ്യ മാത്രമാണ് ഗള്‍ഫില്‍ വ്യാഴം, വെള്ളി അവധി രീതി തുടരുന്നത്. അവദി ദിനങ്ങളെ പുനക്രമീകരിക്കാനുള്ള തീരുമാനത്തെ വാണിജ്യ, വ്യവസായ മേഖല സ്വാഗതം ചെയ്തു. ജീവനക്കാരില്‍നിന്നും സമ്മിശ്ര പ്രതികരണമാണ് അവധിദിന മാറ്റത്തിനു ലഭിക്കുന്നത്. അതേസമയം, പൊതു അവധി ദിനങ്ങള്‍ ഇരു വിഭാഗത്തിനും തുല്യമാക്കി ഏകീകരിച്ചത് പൊതുവേ സ്വാഗതം ചെയ്യപ്പെട്ടു.
രാജ്യത്ത് വാണിജ്യ രംഗത്ത് ഗുണപരമായ മാറ്റത്തിന് അവധിദിന മാറ്റം വഴിവെക്കുമെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഖലീല്‍ ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖന്‍ജി പറഞ്ഞു. യൂറോപിനും ഒമാനുമിടയില്‍ നിലനിന്നിരുന്ന അവധി ദിനങ്ങളിലെ വിടവ് ഇപ്പോള്‍ മൂന്നു ദിവസമായി കുറക്കാന്‍ കഴിഞ്ഞത് വലിയ ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇത് നാലു ദിവസമായിരുന്നു.
രാജ്യത്തെ സ്‌കൂളുകളിലെ അവധിയും ഇനി വെള്ളി, ശനി ദിവസങ്ങളിലായിരിക്കും. ഇന്ത്യന്‍ സ്‌കൂളുകളിലും അവധി ദിനങ്ങള്‍ മാറും. നാട്ടിലെ അവധി ദിനങ്ങളുമായി ഒരു ദിവസത്തെ വ്യത്യാസം മാത്രമേ ഇനി ഉണ്ടാകൂ. ഇക്കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ പോലും ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ അവധി ദിനങ്ങളായ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പരീക്ഷയെഴുതിയിരുന്നു. നാട്ടിലെ ഷെഡ്യൂള്‍ അനുസരിച്ച് പരീക്ഷയെഴുതേണ്ടി വന്നതു കൊണ്ടാണിത്.