സൂപ്പര്‍ സൂര്യോദയം

Posted on: April 8, 2013 9:32 am | Last updated: April 8, 2013 at 9:38 am
hanuma vihari
മാന്‍ ഓഫ് ദി മാച്ച് ആയ ഹനുമാ വിഹാരി

ഹൈദരാബാദ്: ആവേശം സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി ഹൈദരാബാദ് സണ്‍ റൈസേഴ്‌സ് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂരിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി പറയാനിറങ്ങിയ ഹൈദരാബാദും ഏഴ് വിക്കറ്റ് നഷ്ടത്തില്‍ എടുത്തത് 130 റണ്‍സ്. മത്സരം ടൈ ആയതോടെ ഫലമറിയാന്‍ സൂപ്പര്‍ ഓവര്‍ വേണ്ടി വന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് വിനയ് കുമാര്‍ എറിഞ്ഞ ഓവറില്‍ 20 റണ്‍സ് വാരി. എന്നാല്‍ മറുപടി പറയാനിറങ്ങിയ ബാംഗ്ലൂരിന് 15 റണ്‍സ് കണ്ടത്താനെ സാധിച്ചുള്ളു. ബാംഗ്ലൂരിനായി സൂപ്പര്‍ ഓവറില്‍ ബാറ്റിംഗിനിറങ്ങിയത് നായകന്‍ കോഹ്‌ലിയും വെടിക്കെട്ടു വീരന്‍ ഗെയിലുമായിരുന്നു. കോഹ്‌ലിക്ക് ഒരു ഫോറും ഗെയിലിന് ഒരു സിക്‌സും മാത്രമാണ് ഈ ഓവറില്‍ നേടാന്‍ കഴിഞ്ഞത്. മറുഭാഗത്ത് കാമറൂണ്‍ വൈറ്റ്, തിസര പെരേര എന്നിവരായിരുന്നു ബാറ്റിംഗിനിറങ്ങിയത്. ബാംഗ്ലൂരിനായി പന്തെറിഞ്ഞത് വിനയ് കുമാര്‍. ഈ ഓവറില്‍ ഒരു നോബോളടക്കം ഏഴ് പന്തെറിഞ്ഞ വിനയ് കുമാറിന്റെ അബദ്ധം അവര്‍ക്ക് വിനയായി. രണ്ട് സിക്‌സ് നേടി കാമറൂണ്‍ വൈറ്റ് ഹൈദരാബാദിന് 20 റണ്‍സ് സംഭാവന നല്‍കി.
നേരത്തെ ഗെയില്‍ ഒരു റണ്‍സിന് പുറത്തായത് ബാംഗ്ലൂരിന് കൂറ്റന്‍ സ്‌കോര്‍ നേടുന്നത് തടഞ്ഞു. കോഹ്‌ലി (46), ഹെന്റികസ് (44) മാത്രമാണ് പിടിച്ചു നിന്നത്. ഹൈദരാബാദിനായി ഇഷാന്ത് ശര്‍മ്മ മൂന്ന് വിക്കറ്റെടുത്തു. ഹൈദരാബാദിനായി വിഹാരി (44), അക്ഷത് റെഡ്ഡി (23) എന്നിവര്‍ മികവ് പുറത്തെടുത്തു. ബാംഗ്ലൂരിനായി ഉനദ്കട്, ഹെന്റികസ് എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. കളിയിലെ കേമനായി വിഹാരിയെ തിരഞ്ഞെടുത്തു.