വിഷുവിന് പത്തു നാള്‍ മാത്രം; നനഞ്ഞ പടക്കമായി ‘എയര്‍ കേരള’

Posted on: April 7, 2013 10:47 am | Last updated: April 7, 2013 at 10:47 am

മസ്‌കത്ത് : ഈ വിഷുവിന് പ്രവാസികളുടെ മനസ്സില്‍ പൂത്തിരി വിടര്‍ത്തി എയര്‍ കേരള പറന്നുയരുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനം വെള്ളത്തില്‍ വീണ ഓലപ്പടക്കം പോലെയായി. കേരളത്തിന്റെ സ്വന്തം വിമാന കമ്പനിയായി അവതരിപ്പിക്കുകയും എമര്‍ജിംഗ് കേരളയില്‍ വന്‍ പദ്ധതിയായി അവതരിപ്പിക്കുകയും ചെയ്ത എയര്‍ കേരള എന്ന സ്വപ്‌ന പദ്ധതിക്ക് ഏറെക്കുറെ മങ്ങലേറ്റു. ഈ വിഷുവന് എയര്‍ കേരളുടെ ചിറകുകള്‍ ആകാശത്തേക്കു വിടരില്ലെന്നുറപ്പ്.
കഴിഞ്ഞ വേനല്‍ അവധിക്കാലത്ത് എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ സമരത്തെത്തുടര്‍ന്ന് പ്രവാസി മലയാളികള്‍ക്ക് നേരിടേണ്ടി വന്ന ദുരിതത്തിന്റെ പശ്ചാത്തലത്തിലാണ് എയര്‍ കേരള എന്ന പഴയ ആശയം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പൊടി തട്ടിയെടുത്തത്. എയര്‍ കേരള പദ്ധതി കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്പനിയായ സിയാലിനെ ഏല്‍പിക്കുകയും കേന്ദ്രത്തില്‍നിന്നും അനുമതി വാങ്ങുന്നതിനു തീരുമാനിക്കുകുയം ചെയ്തു. സിയാലിന്റെ ഉപസ്ഥാപനമായിരിക്കും എയര്‍ കേരള എന്നായിരുന്നു പ്രഖ്യാപനം. പ്രവാസി പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ സാധാരണക്കാര്‍ക്കും നിക്ഷേപിക്കാന്‍ അവസരം നല്‍കുമെന്നും ഒരു ഷെയറിന് പതിനായിരം രൂപയായിരിക്കും വിലയെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതോടെ എയര്‍ കേരള പ്രഖ്യാപനത്തിന് വന്‍ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചത്. പ്രമുഖ വ്യവസായിയും എം കെ ഗ്രൂപ്പ് എം ഡിയുമായ എം എ യൂസുഫലി എയര്‍ ഇന്ത്യാ ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജിവെച്ച് എയര്‍ കേരളയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാര്‍ത്തകള്‍ക്ക് ചൂടേറി.
കൊച്ചിയില്‍ നടന്ന വ്യാവസായിക നിക്ഷേപ സമ്മേളനമായ എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിക്കപ്പെട്ട പ്രധാന പദ്ധതികളിലൊന്ന് എയര്‍ കേരളയായിരുന്നു. പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും കേന്ദ്രത്തില്‍നിന്നും അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി, വ്യവസായ മന്ത്രി, പ്രവാസികാര്യ മന്ത്രി എന്നിവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. അടുത്തിടെ ഒമാന്‍ സന്ദര്‍ശിച്ച പ്രവാസി മന്ത്രി കെ സി ജോസഫ് ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നതില്‍നിന്നും സര്‍ക്കാര്‍ പിറകോട്ടു പോവുകയായിരുന്നു. കേന്ദ്ര സിവില്‍ വ്യോമയാന വകുപ്പില്‍ എയര്‍ലൈന്‍ കമ്പനി തുടങ്ങുന്നതിന് അനുമതി തേടിക്കൊണ്ട് അപേക്ഷ നല്‍കിയിട്ടു പോലുമില്ലെന്ന വാര്‍ത്തകളും ഇതിനകം വന്നു കഴിഞ്ഞു. കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതിക്കു പുറമേ ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും ഒട്ടേറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും വിമാനങ്ങള്‍ വാങ്ങുകയോ വാടക്കെടുക്കുകയോ ഉള്‍പെടെയുള്ള പ്രവര്‍ത്തനങ്ങളും വേണ്ടതിനാല്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പോലും വിമാന സര്‍വീസ് തുടങ്ങുക എളുപ്പമാകില്ല.
കേരളം സ്വന്തമായി വിമാന കമ്പനി തുടങ്ങുന്നതിനോട് കേന്ദ്ര സര്‍ക്കാറിനും കോണ്‍ഗ്രസ് നേതൃത്വത്തിനുമുള്ള എതിര്‍പ്പാണ് പദ്ധതിയുടെ ചരമത്തില്‍ കലാശിച്ചത്. കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന മുഖ്യമന്ത്രിയുമായും കെ പി സി സി നേതൃത്വവുമായും നടത്തിയ ആലോചനകളിലൂടെയാണ് പദ്ധതിയില്‍നിന്നും പിന്തിരിയാന്‍ ധാരണയായത്.  കെ സി വേണുഗോപാലിനെ വ്യോമയാന സഹമന്ത്രിയായി നിയോഗിക്കുമ്പോള്‍ തന്നെ എയര്‍ കേരള ആശയത്തില്‍നിന്നും പിന്തിരിയാന്‍ ഏതാണ്ട് ധാരണയായിരുന്നു. എയര്‍ കേരള ആവശ്യമില്ലാത്ത വിധം എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ സേവനം കേരളത്തിന് ഗുണകരമാക്കി മാറ്റുമെന്നായിരുന്നു വാഗ്ദാനം. എക്‌സ്പ്രസ് ആസ്ഥാനം കൊച്ചിയിലേക്കു മാറ്റിയും കേരളത്തില്‍നിന്നും ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതുള്‍പെടെയുള്ള നീക്കങ്ങള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആരംഭിച്ചിട്ടുണ്ട്. കെ സി വേണു ഗോപാല്‍ കേരളത്തിന്റെ താത്പര്യം മുന്‍ നിര്‍ത്തി തന്നെ ഇതിനു നേതൃത്വം നല്‍കുന്നു.
എയര്‍ ഇന്ത്യാ എക്‌സ്പ്രസ് മോശപ്പേര് ഇല്ലാതാക്കുകയും മികച്ച സര്‍വീസ് നടത്തുകയും ചെയ്താല്‍ എയര്‍ കേരള എന്ന ആശയത്തിനു പ്രസക്തിയില്ലാതാകും എന്നാണ് സര്‍ക്കാറിന്റെ കണക്കു കൂട്ടല്‍. കേരളീയ ഭക്ഷണമുള്‍പെടെയുള്ള സൗകര്യങ്ങള്‍ നല്‍കിയും എയര്‍ ഇന്ത്യാ എക്‌സ്പ്രസിനെ എയര്‍ കേരളയാക്കി മാറ്റാനാണ് ശ്രമം. ആസ്ഥാനം കൊച്ചിയിലേക്കു മാറ്റിയതോടെ ഉത്തരേന്ത്യന്‍ ലോബികളുടെ സമീപനത്തില്‍നിന്നും മാറിയ ഒരു രീതി പൊതുവേ എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ കണ്ടു വരുന്നുണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
എയര്‍ കേരള തങ്ങള്‍ക്കു ഭീഷണയല്ലെന്ന് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നു. ഗള്‍ഫ് മേഖലയിലെ നിരവധി കമ്പനികളുമായി മത്സരിക്കുന്ന തങ്ങള്‍ക്ക് കേരളം ഒരു വിമാന കമ്പനി തുടങ്ങിയതു കൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ലെന്നാണ് പി ടി എക്കു നല്‍കിയ അഭിമുഖത്തില്‍ എയര്‍ ഇന്ത്യാ പ്രതിനിധി വ്യക്തമാക്കിയത്. എന്നാല്‍ കേരളം സ്വന്തം വിമാന കമ്പനിക്കു വേണ്ടി നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.