Connect with us

Kozhikode

ടി പി വധം:ഒരു സാക്ഷികൂടി കൂറുമാറി

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇന്നലെ ഒരു സാക്ഷികൂടി കൂറുമാറി. അതേ സമയം ടി പി വധിക്കപ്പെട്ടതിന്റെ പിറ്റേദിവസം രാത്രി എട്ടരയോടെ കൊടി സുനിയെയും മറ്റ് അഞ്ച് പ്രതികളെയും കൂത്ത് പറമ്പ് ഏരിയാ കമ്മിറ്റി ഓഫിസിലേക്ക് കൂട്ടികൊണ്ടുപോയത് കണ്ടെന്ന് മറ്റൊരു സാക്ഷി മൊഴി നല്‍കി.
കേസിലെ 47 -ാം സാക്ഷി കൂത്ത്പറമ്പ് കായലോട് സ്വദേശിയായ നിത്യാനന്ദനാണ് കൊലപാതക സംഘത്തെ ടി പി കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് കണ്ടതായി എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ മൊഴി നല്‍കിയത്.
ഇന്നലെ വിചാരണക്കോടതിയില്‍ ആദ്യം വിസ്തരിച്ച പ്രോസിക്യൂഷന്‍ 46- ാം സാക്ഷി പന്തക്കല്‍ സ്വദേശി അനൂപാണ് കൂറുമാറിയത്. പന്തക്കലിലെ പൊതുജന വായനശാലക്കടുത്ത നടുവില്‍ മലയാട്ട് കിര്‍മ്മാണി മനോജിന്റെ വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രങ്ങള്‍ അലക്കിയ എല്‍ ജി വാഷിംഗ് മെഷീന്‍ ബന്തവസ്സിലെടുക്കുന്നത് കണ്ടതായുള്ള മൊഴിയാണ് അനൂപ് തിരുത്തിയത്. മനോജിന്റെ വീട്ടിലേക്ക് പോലീസ് പോവുന്നത് കണ്ടില്ലെന്ന് പറഞ്ഞ അനൂപ് “പൊലീസ് വണ്ടി വന്നതും വീട്ടില്‍ നിന്ന് പൊലീസുകാര്‍ തിരിച്ചു പോവുന്നത് കണ്ടു’ എന്നും മൊഴി നല്‍കി.
അയല്‍വാസിയായ മനോജിനെയും സര്‍ച്ച് ലിസ്റ്റില്‍ തനിക്കൊപ്പം സാക്ഷിയായി ഒപ്പിട്ട മനോജിന്റെ ബന്ധു എന്‍ എം ശ്രീകാന്തിനെയും അറിയില്ലെന്നും ഇയാള്‍ പറഞ്ഞു. ഇതോടെ ഇതിനകം വിസ്തരിച്ച് 47 സാക്ഷികളില്‍ 20 പേരും കൂറുമാറിയവരായി.
ടി പി വധിക്കപ്പെട്ടതിന്റെ പിറ്റേന്ന് ഹര്‍ത്താലായിരുന്നെന്നും അന്നേ ദിവസം രാത്രി എട്ടരയോടെ കൂത്ത് പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് തന്റെ കെ എല്‍ 58 ബി 245 നമ്പര്‍ മാരുതി ഓള്‍ട്ടോ കാറില്‍ പോകവെയാണ് ഏരിയാ കമ്മിറ്റി ഓഫിസിന് മുന്‍വശത്ത് വെച്ച് പ്രതികളെ കണ്ടതെന്ന് നിത്യാനന്ദന്‍ കോടതിയെ അറിയിച്ചു. ഓട്ടോയിലും രണ്ട് ബൈക്കുകളിലുമായി സ്ഥലത്തെത്തിയ കൊടി സുനിയെയും മറ്റ് അഞ്ചു പേരെയും ഏരിയാ സെക്രട്ടറി ധനഞ്ജയനും ഓഫിസ് സെക്രട്ടറി സി ബാബുവും ഓഫിസിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവരെ രണ്ടുപേരെയും കൊടി സുനിയെയും തനിക്ക് നേരത്തെ പരിചയമുണ്ട്.
ഏരിയാ കമ്മിറ്റി ഓഫിസിലെ ബള്‍ബിന്റെയും റോഡരികിലെ പോസ്റ്റിലെയും കാറിന്റെ ഹെഡ്‌ലൈറ്റിന്റെയും വെളിച്ചത്തില്‍ അവരെയെല്ലാം വ്യക്തമായി കാണാന്‍ കഴിഞ്ഞെന്നും നിത്യാനന്ദന്‍ പറഞ്ഞു.
രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയും മൂന്ന് കേസുകളില്‍ വാദിയുമാണ് താനെന്ന് പ്രതി‘ഭാഗം അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ളയുടെ ക്രോസ് വിസ്താരത്തിനിടെ നിത്യാനന്ദന്‍ അറിയിച്ചു. സി പി എം പ്രവര്‍ത്തകനായ താന്‍ 2004 വരെ നാല് വര്‍ഷത്തോളം പാതിരിയാട്ടെ സി പി എമ്മിന്റെ ലോക്കല്‍ബാന്റ് സംഘത്തില്‍ അംഗമായിരുന്നു. പാതിരിയാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ ജി ഗോവിന്ദന്റെ മകന്‍ രഞ്ജിത്ത്, സുബിന്‍ തുടങ്ങിയവര്‍ തന്നെ വെട്ടിപ്പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. താന്‍ ബ്ലേഡ് പലിശക്ക് പണം നല്‍കിയതിനാലാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്ന പ്രതിഭാഗത്തിന്റെ വാദം ശരിയല്ലെന്നും അദ്ദേഹം മൊഴി നല്‍കി.—
ടി പി കേസിലെ 70- ാം പ്രതിയും സി പി എം കൂത്ത്പറമ്പ് ഏരിയാ സെക്രട്ടറി അരയാല്‍പ്രത്ത് കെ ധനഞ്ജയന്‍, 42- ാം പ്രതിയും ഓഫിസ് സെക്രട്ടറി മാലൂര്‍ തോലമ്പ്ര ഗ്രാന്‍മ ഹൗസില്‍ സി ബാബു, കൊലപതാക സംഘത്തില്‍പ്പെട്ട എം സി അനൂപ്, കിര്‍മാണി മനോജ്, എന്‍ കെ സുനില്‍കുമാര്‍ എന്ന കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരെ കോടതിയില്‍ നിത്യാനന്ദന്‍ തിരിച്ചറിഞ്ഞു.
അതേസമയം കൊടി സുനിക്കാപ്പം 2012 മെയ് 5ന് കണ്ട ഏഴാം പ്രതി പാട്യം കണ്ണാറ്റിങ്കല്‍ ഷിനോജ്, 31- ാം പ്രതി ചൊക്ലി മാരംകുന്നുമ്മല്‍ ലംബു പ്രദീപന്‍ എന്നിവരെ സാക്ഷി തിരിച്ചറിഞ്ഞില്ല.

Latest