കര്‍ണ്ണാടക തിരഞ്ഞെടുപ്പ: റെഡ്ഢി സഹോദരന്‍മാരുടെ കണക്ക് കൂട്ടലുകള്‍ പിഴക്കുന്ന ജനവിധികള്‍

Posted on: April 6, 2013 6:00 am | Last updated: April 5, 2013 at 11:36 pm

ബംഗളൂരു: റെഡ്ഢി സഹോദര്‍മാരുടെ കൈയില്‍ പണമുണ്ട്. അവര്‍ വിളിച്ചു കൂട്ടുന്ന സമ്മേളനങ്ങളില്‍ ആയിരങ്ങള്‍ ഇരച്ചെത്തുന്നുമുണ്ട്. പക്ഷേ ഇതൊന്നും വോട്ടാകില്ലെന്ന പാഠമാണ് നഗരങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈയിടെ നടന്ന തിരഞ്ഞെടുപ്പ് റെഡ്ഢി സഹോദരന്‍മാര്‍ക്ക് നല്‍കുന്നത്.
ഈ പാഠം അവരുടെ രാഷ്ട്രീയ നീക്കങ്ങളെയാകെ തകിടം മറിക്കുകയാണ്. ഖനി രാജാക്കന്‍മാരായ സഹോദരന്‍മാരുടെ ബലത്തിലാണ് ബി ശ്രീരാമുലു ബി ജെ പി വിട്ട് ബി എസ് ആര്‍ കോണ്‍ഗ്രസ് രൂപവത്കരിച്ചത്. റെഡ്ഢി സഹോദരന്‍മാരുടെ രാഷ്ട്രീയ ബിനാമിയാണ് ശ്രീരാമുലുവെന്ന് പറയാം. മെയ് അഞ്ചിന് സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ പണവും പ്രതാപവും വോട്ടാകില്ലെന്ന തിരിച്ചറിവ് പുതിയ സഖ്യം തേടാന്‍ ശ്രീരാമുലുവിനെ നിര്‍ബന്ധിതനാക്കിയിരിക്കുന്നു. ഒന്നുകില്‍ കോണ്‍ഗ്രസ് അല്ലെങ്കില്‍ ജനതാദള്‍ സെക്യുലര്‍. ആരെങ്കിലും സഖ്യത്തിന് വന്നില്ലെങ്കില്‍ പാര്‍ട്ടി ‘സംപൂജ്യ’മാകുമെന്ന് റെഡ്ഢി സഹോദന്‍മാര്‍ തന്നെ ഉപദേശിച്ചിരിക്കുകയാണ്.
ശ്രീരാമുലുവിന്റെ മുഖ്യ രക്ഷാധികാരി ജി ജനാര്‍ദന റെഡ്ഢി ഖനന കേസില്‍ കുടുങ്ങി ജയിലില്‍ കഴിയുമ്പോഴാണ് ശ്രീരാമുലു 2011ല്‍ സദാനന്ദ ഗൗഡ മന്ത്രിസഭയില്‍ ഇടം ലഭിച്ചില്ലെന്ന് പറഞ്ഞ് ബി ജെ പി വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കിയത്. റെഡ്ഢി സഹോദന്‍മാരില്‍ ഒരാളായ ജി സോമശേഖര റെഡ്ഢിയുടെ പരോക്ഷ പിന്തുണയുണ്ടായിരുന്നു ബി എസ് ആറിന്. ബി ജെ പി ടിക്കറ്റില്‍ നേടിയ എം എല്‍ എ സ്ഥാനം കൈവശം വെച്ചു കൊണ്ടു തന്നെയാണ് അദ്ദേഹം ബി എസ് ആര്‍ കോണ്‍ഗ്രസിനായി വാദിക്കുന്നത്.
റെഡ്ഢി സഹോദരന്‍മാരുടെ പിന്തുണയില്ലാതെ ബി ജെ പിക്ക് ഒരു ചലനവുമുണ്ടാക്കാനാകില്ലെന്ന് ബി എസ് ശ്രീരാമുലു പ്രഖ്യാപിച്ചു. പക്ഷേ എല്ലാ വീരവാദങ്ങളും മാര്‍ച്ച് 11 ഓടെ അസ്തമിച്ചു. നഗര സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ ഇരുമ്പയിര് സമ്പന്നമായ ബെല്ലാരിയിലെ 246 വാര്‍ഡുകളില്‍ നിന്ന് ഒന്നില്‍ പോലും ബി എസ് ആര്‍ കോണ്‍ഗ്രസിന് ജയിക്കാനായില്ല. 2004 മുതല്‍ മേഖലയിലെ മുടിചൂടാമന്നന്‍മാരാണ് റെഡ്ഢി സഹോദരന്‍മാര്‍. ഇവിടെ ബി ജെ പിക്ക് ചില സീറ്റുകള്‍ നഷ്ടപ്പെടുത്തിയത് മാത്രമാണ് ആശ്വാസത്തിന് വക നല്‍കിയത്. 207 നഗര സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 4,900 പ്രതിനിധികളെ തിരഞ്ഞെടുക്കാനായിരുന്നു മത്സരം. 1500 പേരെ പാര്‍ട്ടി ഗോദയിലിറക്കി. വെറും 86 പേരാണ് ജയിച്ചത്.
പരാജയം വരുത്തി വെച്ച ജാള്യം കാരണം സോമശേഖര റെഡ്ഢി പൊതു രംഗത്ത് ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നു പോലുമില്ല. ശ്രീരാമുലുവാണെങ്കിലും എങ്ങനെയെങ്കിലും സഖ്യം ഒപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. ജെ ഡി എസുമായി മാത്രമാണ് ചെറിയ പ്രതീക്ഷയുള്ളത്. ദേവെ ഗൗഡയുമായും കുമാരസ്വാമിയുമായും ശ്രീരാമുലു ചര്‍ച്ച നടത്തിക്കഴിഞ്ഞു. എന്നാല്‍ അവര്‍ സമ്മതം മൂളിയിട്ടില്ല. ബി എസ് ആറുമായുള്ള ബാന്ധവത്തിന് പാര്‍ട്ടിയിലെ പ്രബല വിഭാഗം എതിരാണത്രേ.
അതിനിടെ, സോമശേഖര റെഡ്ഢിക്കും മൂന്നാമത്തെ റെഡ്ഢി സഹോദരനായ കരുണാകരക്കും ബി ജെ പി ടിക്കറ്റ് നല്‍കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അങ്ങനെ വന്നാല്‍ ശ്രീരാമുലു കൂടുതല്‍ ഒറ്റപ്പെടും.