പെയ്‌സിന് നാളെ ഡേവിസ് കപ്പില്‍ 50

Posted on: April 5, 2013 11:52 am | Last updated: April 5, 2013 at 11:52 am

liyander pais..ബംഗളുരു: ഡേവിസ് കപ്പില്‍ ലിയാണ്ടര്‍ പെയ്‌സിന് നാളെ അമ്പതാം മത്സരം. മുപ്പത്തൊമ്പത് വയസിലെത്തി നില്‍ക്കുന്ന പെയ്‌സിന് പക്ഷേ ഇത് വിശ്വസിക്കാനാകുന്നില്ല. അമ്പതാമത്? നിങ്ങള്‍ പറയുന്നത് സത്യമാണോ? – പെയ്‌സ് ആശ്ചര്യത്തോടെ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. കൊല്‍ക്കത്തയില്‍ ജനിച്ച് മുംബൈയില്‍ വളര്‍ന്ന ലിയാണ്ടര്‍ പെയ്‌സ് ഇന്ത്യന്‍ ടെന്നീസിന്റെ മുഖമാണ്.

ഇരുപത്തിമൂന്ന് വര്‍ഷമായി ഡേവിസ് കപ്പ് കളിക്കുന്ന പെയ്‌സ് ചെറുപ്പത്തിന്റെ ചുറുചുറുക്കുമായാണ് റാക്കറ്റേന്തുന്നത്. രാഷ്ട്രത്തെ പ്രതിനിധീകരിക്കുക എന്നത് വലിയ പ്രചോദനമാണ്. ടെന്നീസ് എനിക്കെന്നും ആവേശമാണ് – പെയ്‌സ് പറഞ്ഞു. പെയ്‌സിന്റെ മാതാപിതാക്കള്‍ക്കും കായിക ബന്ധമുണ്ട്. പിതാവ് വെയ്‌സ് പെയ്‌സ് 1972 മ്യൂണിക് ഒളിമ്പിക്കില്‍ ഹോക്കി വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമാണ്. ടെന്നീസിന്റെ ഔന്നത്യത്തിലേക്ക് തന്നെ നയിച്ചതില്‍ പിതാവിന്റെ കായിക ചരിത്രത്തിന് വലിയ ബന്ധമുണ്ടെന്ന് പെയ്‌സ് അഭിപ്രായപ്പെട്ടു. മാതാവ് ജെന്നിഫര്‍ ഇന്ത്യയുടെ വനിതാ ബാസ്‌കറ്റ്‌ബോള്‍ നായിക ആയിരുന്നു. മ്യൂണിക് ഒളിമ്പിക്‌സില്‍ ജെന്നിഫറും ഇന്ത്യയെ പ്രതിനിധീകരിച്ചു. കോര്‍ട്ടില്‍ വേഗമേറിയ നീക്കങ്ങള്‍ നടത്തുന്ന മാതാവാണ് കോര്‍ട്ടില്‍ തന്റെ വേഗമേറിയ നീക്കങ്ങള്‍ക്ക് അദൃശ്യബലമേകുന്നതെന്ന് പെയ്‌സ് പറയുന്നു. ഡേവിസ് കപ്പ് സിംഗിള്‍സില്‍ 48 ജയം-22 തോല്‍വി, ഡബിള്‍സില്‍ 39 ജയം-10 തോല്‍വി എന്നതാണ് പെയ്‌സിന്റെ റെക്കോര്‍ഡ്.
ഏഷ്യ-ഓഷ്യാനിയ ഡേവിസ് കപ്പ് ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ-ഇന്തോനേഷ്യ റെലഗേഷന്‍ പ്ലേ ഓഫ് ഇന്ന് ആരംഭിക്കും. ഇന്ത്യയുടെ ഒന്നാം നമ്പര്‍ സിംഗിള്‍സ് താരം സോംദേവ് ദേവ്‌വര്‍മന്‍-വിസ്‌നു അദി നുഗ്രൊഹോ സിംഗിള്‍സ് മത്സരത്തോടെയാണ് പ്ലേ ഓഫിന് തുടക്കം. രണ്ടാം സിംഗിള്‍സില്‍ ഇന്ത്യയുടെ രണ്ടാം നമ്പര്‍ താരം യൂകി ഭാംബ്രി ഇന്തോനേഷ്യയുടെ ഒന്നാം നമ്പര്‍ താരം ക്രിസ്റ്റഫര്‍ റുംഗതിനെയും നേരിടും. കര്‍ണാടക സ്റ്റേറ്റ് ലോണ്‍ ടെന്നീസ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. നാളെ, ഡബിള്‍സില്‍ ലിയാണ്ടര്‍ പെയ്‌സ്-സനം സിംഗ് സഖ്യം ഇറങ്ങും. ഡാവിഡ് അഗുംഗ് സുസാന്തോ-എള്‍ബര്‍ട് സി സഖ്യമാണ് എതിരാളി. ഞായറാഴച, റുംഗത്-സോംദേവ്, വിസ്‌നു-യൂസി സിംഗിള്‍സ് മത്സരങ്ങള്‍.