ചര്‍ച്ചിലിനും പൂനെക്കും ഇന്ന് നിര്‍ണായകം

Posted on: April 5, 2013 11:43 am | Last updated: April 5, 2013 at 3:52 pm

i leagueവാസ്‌കോ: ഐ ലീഗ് കിരീട സാധ്യത നിലനിര്‍ത്താനുള്ള പോരാട്ടത്തിന് ചര്‍ച്ചില്‍ബ്രദേഴ്‌സും പൂനെ എഫ് സിയും ഇന്നിറങ്ങുന്നു. മത്സരം 6.30ന്. ഗോവയിലെ വാസ്‌കോ തിലക് മൈതാനിയില്‍ നടക്കുന്ന മത്സരം ഇരുവര്‍ക്കും നിര്‍ണായകം. 21 റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ 44 പോയിന്റോടെ ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് ഒന്നാം സ്ഥാനത്ത്. 20 മത്സരങ്ങളില്‍ 37 പോയിന്റോടെ പൂനെ എഫ് സി മൂന്നാം സ്ഥാനത്തുണ്ട്.

ഇന്ന് ജയിച്ചാല്‍, നാല് റൗണ്ടുകള്‍ ശേഷിക്കെ ചര്‍ച്ചിലിന് കിരീട സാധ്യത വര്‍ധിപ്പിക്കാം. പൂനെ എഫ് സിയുമായുള്ള പോയിന്റ് വ്യത്യാസം പത്താക്കി ഉയര്‍ത്താനും അതുവഴി ഗോവന്‍ ക്ലബ്ബിന് സാധിക്കും.
ചര്‍ച്ചിലിനേക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച പൂനെക്ക് ഒന്നാം സ്ഥാനക്കാരുമായുള്ള അകലം നാല് പോയിന്റാക്കി കുറയ്ക്കാന്‍ ജയം അനിവാര്യം.
ഈ മത്സരം നിര്‍ണായകമാണ്. കിരീടക്കുതിപ്പിനെ ഈ മത്സരഫലം ബാധിക്കും – പൂനെ എഫ് സി കോച്ച് ഡെറിക് പെരേര പറഞ്ഞു. മികച്ച പ്രകടനമാണ് തന്റെ ടീമിന്റെതെങ്കിലും ചര്‍ച്ചിലിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കണമെങ്കില്‍ കാര്യമായ പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. ഐ ലീഗില്‍ ചര്‍ച്ചിലിന് മോഹന്‍ബഗാന്‍, ഡെംപോ തുടങ്ങീ കരുത്തരായ എതിരാളികളെ നേരിടാനുണ്ട്.
വെള്ളിയാഴ്ച, ചര്‍ച്ചിലിനെ തോല്‍പ്പിക്കാനായാല്‍, ഞങ്ങള്‍ കിരീടം സ്വപ്‌നം കണ്ടും തുടങ്ങും- പെരേര പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷമായി ഞാന്‍ നിരീക്ഷിക്കുന്ന ഒരു കാര്യമുണ്ട്. നമ്മള്‍ കഠിനാധ്വാനം ചെയ്താല്‍, അതിനുള്ള ഫലം വൈകാതെ കൈവരും. പൂനെ എഫ് സി മാനേജ്‌മെന്റ് കളിക്കാര്‍ക്കും കോച്ചിംഗ് സ്റ്റാഫിനും നല്‍കുന്ന പിന്തുണ അത്രമേല്‍ ഹൃദ്യമാണെന്നും പെരേര കൂട്ടിച്ചേര്‍ത്തു. സസ്‌പെന്‍ഷന്‍ കാരണം ജാപനീസ് മിഡ്ഫീല്‍ഡര്‍ ഇസുമ അരാറ്റ പൂനെ എഫ് സി നിരയിലുണ്ടാകില്ല. ഡു ഓര്‍ ഡൈ. ചര്‍ച്ചിലിന്റെ ടെക്‌നിക്കല്‍ഡയറക്ടര്‍ സുഭാഷ് ഭൗമിക്ക് മത്സരത്തെ കുറിച്ച് പറഞ്ഞു. എ എഫ് സി കപ്പില്‍ സിംഗപ്പൂര്‍ ക്ലബ്ബിനെതിരെ തകര്‍പ്പന്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ചര്‍ച്ചില്‍ വരുന്നത്.